‘ചെണ്ടയല്ല’, തങ്കലിപികളാൽ എഴുതപ്പെടാനുള്ള പേരാണ് അതെന്ന് ലക്ഷ്മൺ
ഇന്ത്യൻ ടീം പതിവില്ലാത്ത വിധം പേസ് ബൗളർമാരാൾ സമ്പന്നമാണ് ഇപ്പോൾ. ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് ലൈനപ്പായി അണിനിരക്കാൻ ശേഷിയുള്ള ഒരുപിടി പേസ് ബൗളർമാർ ഇന്ത്യക്ക് ഇന്നുണ്ട്. ജസ്പീത് ഭുമ്ര, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഇങ്ങനെ നീളുന്നു ഈ പട്ടിക. എന്നാൽ ഇന്ത്യൻ ഇതിഹാസം വിവിഎസ് ലക്ഷ്മൺ അടക്കമുള്ള ക്രിക്കറ്റ് വിദഗ്ദന്മാർ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തുന്നത് മറ്റൊരു താരത്തെയാണ്.
അടുത്ത കാലത്തെ തകർപ്പൻ പ്രകടനത്തോടെ വിവിഎസിന്റെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. കരിയറിന്റെ തുടക്കത്തിൽ കൂടിയ ഇക്കോണമി റേറ്റിന്റെ പേരിന്റെ രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് സിറാജ്. എന്നാൽ ടെസ്റ്റിൽ ഇടം ലഭിച്ചതോടെ യഥാർത്ഥ കഴിവ് പുറത്തെടുക്കാൻ സിറാജിനായി. തുടർന്ന് നടന്ന ഐപിഎല്ലിലും തകർപ്പൻ പ്രകടനം താരം പുറത്തെടുത്തു.
അന്താരാഷ്‌ട്ര തലത്തിൽ തന്നെ മികച്ച പേസർമാരിൽ ഒരാളായി മാറാൻ കഴിവുള്ള താരമാണ് സിറാജ് എന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം.
ഓസീസിനെതിരെ സിറാജിന്റെ കഴിവ് നമ്മൾ കണ്ടതാണ്. അനുഭവസമ്പത്ത് കൂടി കൈവരുന്നതോടെ അദ്ദേഹം കൂടുതൽ അപകടകാരിയാവും. വരുന്ന പരമ്പരകളിൽ സിറാജിന് കൂടുതൽ നീണ്ട സ്പെല്ലുകൾ നൽകാൻ ക്യാപ്റ്റൻ കോഹ്‌ലിയോട് ശ്രദ്ധിക്കണം. –
ലക്ഷ്മൺ പറഞ്ഞു
എന്നാൽ, ഫാസ്റ്റ് ബൗളർമാർ കൂടുതലായി പരിക്കിന്റെ പിടിയിൽ അകപ്പെടാൻ സാധ്യതയുണ്ടെന്നും, അതിനാൽ ഫിറ്റ്നസിൽ കാര്യമായി ശ്രദ്ധിക്കാൻ സിറാജ് ശ്രമിക്കണമെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.