“എനിക്ക് ദേഷ്യം തോന്നിയത് അക്കാര്യത്തിൽ”- മുംബൈ സിറ്റിക്കെതിരായ തോൽവിക്കു ശേഷം മനസു തുറന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കനത്ത നിരാശയാണ് ഇന്നലെ മുംബൈ സിറ്റിക്കെതിരെ നടന്ന സൂപ്പർ ലീഗ് മത്സരം സമ്മാനിച്ചത്. ഇരുപത്തിരണ്ടു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനു പിന്നീട് തിരിച്ചു വരാൻ കഴിഞ്ഞില്ല. എട്ടു മത്സരങ്ങളായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച മുംബൈ സിറ്റി തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തന്നെ നിലനിൽക്കുകയും ചെയ്‌തു.

മത്സരത്തിനു ശേഷം മുംബൈ സിറ്റിയുടെ മികവിനെ അംഗീകരിക്കുന്ന തരത്തിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സംസാരിച്ചത്. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും മുംബൈ സിറ്റി എന്തുകൊണ്ടവർ ലീഗിലെ ഏറ്റവും മികച്ച ടീമാണെന്ന് തെളിയിച്ചുവെന്ന് വുകോമനോവിച്ച് പറഞ്ഞു. എന്നാൽ മത്സരം തുടങ്ങി ഇരുപത്തിരണ്ടു മിനുട്ട് പിന്നിട്ടപ്പോഴേക്കും നാല് ഗോളുകൾ ടീം വഴങ്ങിയതിൽ തനിക്ക് ചെറിയ ദേഷ്യം തോന്നിയെന്നും അത്തരം പിഴവുകൾ ടീം തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കളിക്കാരനെന്ന നിലയിലും ടീമെന്ന നിലയിലും ലീഗിലെ ഏറ്റവും മികച്ച ടീമുകളെ നേരിടുമ്പോൾ മത്സരത്തിന്റെ തുടക്കം മുതൽ ഉൾക്കൊണ്ടു കളിക്കേണ്ടത് അത്യാവശ്യമാണ് എന്നു പറഞ്ഞ വുകോമനോവിച്ച് മുംബൈ സിറ്റിക്കെതിരെ ആദ്യ ഇരുപത്തിയഞ്ചു മിനിട്ടുകൾക്ക് ശേഷമാണ് ടീം മത്സരത്തിലേക്ക് വന്നതെന്നാണ് പറയുന്നത്. ഇതു തനിക്ക് ചെറിയ ദേഷ്യമുണ്ടാക്കിയെന്നും ഇത്തരം പിഴവുകൾ ആവർത്തിക്കരുതെന്നും ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത പിഴവുകളിൽ നിന്നുമാണ് മുംബൈ സിറ്റിയുടെ ഗോളുകൾ പിറന്നതെന്നാണ് വുകോമനോവിച്ച് പറയുന്നത്. എതിരാളികൾ മികച്ച പ്രകടനം നടത്തി ബഹുദൂരം മുന്നിലെത്തിയെങ്കിലും മത്സരത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീട് തിരിച്ചു വന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മുന്നേറ്റങ്ങൾ സൃഷ്‌ടിക്കാനും ഗോളുകൾ നേടാനും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇടവേളയിൽ ടീമിനോട് സംസാരിച്ചത് അതിനു വഴി വെച്ചുവെന്നും വുകോമനോവിച്ച് പറയുന്നു.

മത്സരത്തിൽ വിജയം നേടിയ മുംബൈ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാമതാണ്. ഒരു മത്സരം കുറവ് കളിച്ച എടികെ മോഹൻ ബഗാന് കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാനുള്ള അവസരമുണ്ട്. തോറ്റതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താമെന്ന പ്രതീക്ഷകളും ഇല്ലാതായ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ ഗോവയെയാണ് നേരിടുന്നത്.

You Might Also Like