കരിയർ മാറ്റിമറിച്ചത് ഒരു അഗ്നിപർവതസ്ഫോടനം, പത്തുവർഷത്തിനിപ്പുറം ഫിഫ ബെസ്റ്റ് അവാർഡും

2020ലെ ഫിഫയുടെ ബെസ്റ്റ് പ്ലേയർ അവാർഡ് ഇത്തവണ ബയേൺ മ്യൂണിക്കിന്റെ പോളണ്ട് സൂപ്പർതാരം റോബർട്ട്‌ ലെവൻഡോവ്സ്‌കി സ്വന്തമാക്കിയിരിക്കുകയാണ്. സൂപ്പർതാരങ്ങളായ ലയണൽ മെസിയെയും ക്രിസ്ത്യാനോ റൊണാൾഡോയേയും പിന്നിലാക്കിയാണ് ലെവൻഡോവ്കി തന്റെ കരിയറിലെ ആദ്യ ഫിഫ best അവാർഡ് സ്വന്തമാക്കുന്നത്. 55 ഗോളുകളുമായി ബയേണിനൊപ്പം ട്രെബിൾ സ്വന്തമാക്കിയതാണ് ലെവൻഡോവ്സ്‌കിയെ ഫിഫ ബെസ്റ്റിനു അർഹനാക്കിയത്.

പത്തുവർഷം മുൻപ് നടന്ന ഒരു അഗ്നിപർവത സ്ഫോടനമാണ് ലെവൻഡോവ്സ്‌കിയുടെ കരിയറിനെ തന്നെ മാറ്റി മറിച്ചത്. പത്തുവർഷം മുൻപ് 2010 ഏപ്രിൽ മാസത്തിലാണ് പോളിഷ് ക്ലബ്ബായ ലെച്ച് പോസ്നാനിൽ കളിക്കുന്ന 21കാരൻ ലെവൻഡോവ്സ്കിയിൽ ഇംഗ്ലീഷ് ക്ലബ്ബായ ബ്ലാക്ക്ബേൺ റോവേഴ്സ് നോട്ടമിടുന്നത്. ഇംഗ്ലീഷ് ക്ലബ്ബുമായി ധാരണയിലെത്തിയെങ്കിലും ബാക്കിയുണ്ടായിരുന്നത് ഇംഗ്ലണ്ടിലേക്കുള്ള ഒരു യാത്ര മാത്രമായിരുന്നു.

എന്നാൽ ഐസ്ലാൻഡിലെ ഒരു സജീവ അഗ്നിപർവതം പൊട്ടിത്തെറിച്ചതോടെ അതിനു മുകളിലൂടെയുള്ള ലെവൻഡോവ്സ്കിയുടെ വിമാനയാത്ര മുടങ്ങുകയായിരുന്നു. ആ അഗ്നിപർവത സ്ഫോടനമാണ് ലെവൻഡോവ്സ്കിയുടെ കരിയറിൽ വിപ്ലവകരമായ ഒരു മാറ്റത്തിന് വഴിത്തിരിവായത്‌. ഇംഗ്ലീഷ് ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ മുടങ്ങിയതോടെ താരത്തെ പിന്നീട് സ്വന്തമാക്കിയത് ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടായിരുന്നു.

അന്നത്തെ ഡോർട്മുണ്ട് പരിശീലകനായ യർഗൻ ക്ളോപ്പിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകഫുട്ബോളിന്റെ നെറുകയിലേക്ക് ഉയരുകയായിരുന്നു. ഡോർമുണ്ടിനൊപ്പം ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള അവസരം നഷ്ടമായെങ്കിലും പിന്നീട് ബയേണിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ സീസണിൽ ബയേണിനൊപ്പം തകർപ്പൻ പ്രകടനത്തിലൂടെ ചാമ്പ്യൻസ്‌ലീഗടക്കം ട്രെബിൾ സ്വന്തമാക്കുകയായിരുന്നു. ആ അഗ്നിപർവത സ്ഫോടനത്തിനിപ്പുറം പത്തുവർഷങ്ങൾക്ക് ശേഷം തന്റെ കരിയറിലാദ്യമായി ഫിഫ ബെസ്റ്റ് പുരസ്കാരവും ലെവൻഡോവ്സ്‌കി സ്വന്തമാക്കിയിരിക്കുകയാണ്.

You Might Also Like