ഇങ്ങനെ കിടന്ന് മോങ്ങാതെ എല്ലാ പിച്ചിലും കളിച്ച് പഠിയ്ക്ക്, ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് ഇതിഹാസം

ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി ഒരുക്കിയ മെട്ടേര പിച്ചിനെപ്പറ്റി ഉയരുന്ന വിമര്‍ശനങ്ങളെ തള്ളി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. ഇന്ത്യ സ്പിന്‍ ലാന്‍ഡാണെന്നും ഇവിടെ കളിക്കാന്‍ വരുന്നവര്‍ ഇതിനേക്കാള്‍ ഏറെ പ്രതീക്ഷിക്കണമെന്നും റിച്ചാര്‍ഡ്സ് പറഞ്ഞു.

‘ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരങ്ങളുടെ പിച്ചിനെക്കുറിച്ച് അടുത്തിടെ പലരും എന്നോടു ചോദിച്ചിരുന്നു. പിച്ചിനെക്കുറിച്ചുള്ള ചോദ്യങ്ങളുടെ കാര്യത്തില്‍ എനിക്കു ചില ആശയക്കുഴപ്പങ്ങളുണ്ട് കാരണം ഒരുപാട് പേരാണ് പിച്ചിന്റെ പേരില്‍ കണ്ണീരൊഴുക്കുകയും പരാതി പറയുകയും ചെയ്യുന്നത്. ചിലപ്പോള്‍ സീമിംഗ് ട്രാക്കുകളില്‍ കളിക്കേണ്ടി വരും. ഇവിടെ പന്ത് പിച്ച് ചെയ്താല്‍ വായുവില്‍ കുത്തിയുയരുകയും വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യും. ഇതു ബാറ്റ്‌സ്മാന്‍മാര്‍ക്കു കുഴപ്പം സൃഷ്ടിക്കും. ചിലപ്പോള്‍ ഇതുമായി പൊരുത്തപ്പെടുകയും ചെയ്യും.’

‘ഇതിന് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേര് തന്നെ അതുകൊണ്ടാണ്. ബുദ്ധിയേയും, മനശക്തിയേയുമെല്ലാം അത് പരീക്ഷിക്കുന്നു. നിങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ പോവുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിക്കണം, എന്നാല്‍ ആളുകള്‍ ഇതു മറക്കുകയാണ്. നിങ്ങള്‍ ‘സ്പിന്‍ലാന്‍ഡിലേക്കാണ്’ പോവുന്നത്. അവിടെ നേരിടാന്‍ പോവുന്ന വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറെടുക്കണം.’

‘കഴിഞ്ഞ ടെസ്റ്റിനെക്കുറിച്ച് പറഞ്ഞ് വിലപിക്കാതെ അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തയ്യാറെടുപ്പ് നടത്തുകയാണ് ഇംഗ്ലണ്ട് ചെയ്യേണ്ടത്. ഞാന്‍ ഇന്ത്യക്കാരനായിരുന്നു എങ്കില്‍, വിക്കറ്റ് തയ്യാറാക്കുന്നതില്‍ ഇടപെടാന്‍ സാധിച്ചാല്‍, ഞാനും ഇവരിപ്പോള്‍ ചെയ്തത് പോലെ അതേ പിച്ച് തന്നെയാവും ഒരുക്കുക’ റിച്ചാര്‍ഡ്‌സ് പറഞ്ഞു.

You Might Also Like