അവനൊരു ജിന്നാണ്, ഇനിയൊരിക്കലും ഇങ്ങനെയൊരാള്‍ ക്രിക്കറ്റ് കളിക്കില്ല

സജീവ് സന്തോഷ്

വീരു- അതൊരു ജിന്നാണ്…
വീരുവിനെ കളിയാക്കുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഏകദിനത്തിലെ ആവറേജിനെ ചൊല്ലിയാണ് പലരും കളിയാക്കാറ്. അതു കൊണ്ട് തന്നെ, ഏകദിനത്തെക്കുറിച്ച് പറഞ്ഞു തുടങ്ങാം. ഏകദിനത്തില്‍ സേവാഗും ഗില്‍ക്രിസ്റ്റും ജയസൂര്യയും ചെയ്തിരുന്ന റോള്‍ എന്തായിരുന്നുവെന്ന് ക്രിക്കറ്റ് ലോകത്തിന് നന്നായറിയാം. ശക്തമായ ബാറ്റിംഗ് നിരയുള്ള സ്വന്തം ടീമിന് തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച് ടീമിനെ മികച്ച ടോട്ടലിലേക്ക് നയിക്കുന്ന റോള്‍ ചെയ്തിരുന്ന ഇവര്‍ തുടക്കത്തില്‍ തന്നെ ബൗളര്‍മാരുടെ ആത്മവീര്യം കെടുത്തുന്നതില്‍ ചെറിയ പങ്കൊന്നുമല്ല വഹിച്ചിരുന്നത്. ടീമിന് മൊത്തം അത് ഗുണം ചെയ്യുമായിരുന്നു. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍, ഒരേ റോള്‍ ചെയ്തിരുന്ന ഇവരുടെ ആവറേജുകളല്ലേ താരതമ്യം ചെയ്യേണ്ടത്?

സേവാഗ്- 35.06
ഗില്‍ക്രിസ്റ്റ്- 35.89
ജയസൂര്യ – 32.13

അന്നത്തെ കാലത്ത് 30ന് മുകളില്‍ ആവറേജ് മികച്ച ആവറേജ് തന്നെയാണ്. സേവാഗിന്റെ ആവറേജ് നോക്കി സേവാഗ് സ്ഥിരതയില്ലാത്തവന്‍ എന്ന് പറയുന്നവര്‍ എന്തു കൊണ്ട് ജയസൂര്യയും ഗില്‍ക്രിസ്റ്റും സ്ഥിരതയില്ലാത്തവരായിരുന്നുവെന്ന് പറയുന്നില്ലാ??? മൂന്ന് പേരുടേയും പ്രഹരശേഷി കൂടെ താരതമ്യം ചെയ്യാം.

സേവാഗ് -104.34
ഗില്‍ക്രിസ്റ്റ് -96.95
ജയസൂര്യ -91.22

ഏകദിനത്തില്‍ 100ന് മുകളില്‍ സ്‌ട്രൈക് റേറ്റില്‍ 8000ന് മുകളില്‍ റണ്‍സ് നേടിയ മറ്റൊരാളുമില്ല. ‘അതൊക്കെ ശരി, സച്ചിന്റേയും ദ്രാവിഡിന്റേയും ഗാംഗുലിയുടേയും കൂടെ നിര്‍ത്താന്‍ സേവാഗിനെന്ത് യോഗ്യത’യെന്നും പലരും ചോദിക്കാറുണ്ട്. ഹെയ്ഡനേയും പോണ്ടിങ്ങിനേയും വാഴ്ത്തുമ്പോള്‍ ആരെങ്കിലും ഗില്‍ക്രിസ്റ്റിനെ മാറ്റി നിര്‍ത്താറുണ്ടോ???

ടെസ്റ്റിലെ വീരുവിനെ ആരും കളിയാക്കാറില്ല. ഒരുപാട് മഹാരഥന്‍മാരുണ്ടായിട്ടും ടെസ്റ്റില്‍ ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ 7000 റണ്‍സ് തികച്ച ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തും 8000 റണ്‍സ് തികച്ചവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും സേവാഗിന് സാധിച്ചു. അതിനു മേല്‍ കളിക്കാന്‍ അവസരം കിട്ടിയില്ല. പലരും 50 ന് മുകളില്‍ സ്‌ട്രൈക് റേറ്റില്‍ കളിച്ചപ്പോള്‍ അവിടേയും സേവാഗ് കളിച്ചത് 80ന് മുകളില്‍ സ്‌ട്രൈക് റേറ്റില്‍. സേവാഗ് കളിച്ചിരുന്ന കാലത്ത് ആദ്യദിനം തന്നെ ഇന്ത്യ 300 കടക്കുമായിരുന്നു. അത്, വിജയസാധ്യത കൂട്ടുന്ന ഘടകമായിരുന്നു.

ട്വന്റി ട്വന്റി അന്താരാഷ്ട്ര മത്സരങ്ങള്‍ കൂടുതല്‍ കളിച്ചിട്ടില്ലാത്ത സേവാഗ് ഐപിഎല്ലിലും മോശമാക്കിയില്ല.ഐപിഎല്ലില്‍ ഏറ്റവും കുറവ് ബോളില്‍ നിന്ന് 2000 റണ്‍സ് തികച്ചവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തും ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ നിന്ന് 2000 റണ്‍സ് തികച്ചവരുടെ ലിസ്റ്റില്‍ ആറാം സ്ഥാനത്തും സേവാഗുണ്ട്….

സേവാഗിന്റെ വിരമിക്കല്‍ പ്രഖ്യാപനം ഒരു ഡിപ്രഷന്‍ ആവാതിരിക്കാന്‍ വേണ്ടി മാസങ്ങളോളം മനസ്സിനെ പാകപ്പെടുത്തിയ എന്നെപ്പോലുള്ളവര്‍ ഇതൊക്കെയെന്നും ഓര്‍ക്കും, വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like