സഞ്ജുവിനെ വേട്ടയാടി സെവാഗ്, ക്യാപ്റ്റന്‍സിയില്‍ സഹതാരങ്ങള്‍ക്ക് അതൃപ്തി
രാജസ്ഥാന്‍ വിജയവഴിയില്‍ തിരിച്ചെത്തിയിട്ടും മലയാളി താരം സഞ്ജു വി സാംസണെ വേട്ടയാടി സെവാഗ് അടക്കമുളള മുന്‍ ഇന്ത്യന്‍ താരങ്ങള്‍. സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരിക്കാമെന്ന നിരീക്ഷണമാണ് വീരേന്ദര്‍ സെവാഗ് നടത്തുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെ ഡഗൗട്ടില്‍ വിദേശ താരങ്ങളുമായുള്ള ആശയ വിനിമയം പോലും വേണ്ടവിധം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നാണ് സെവാഗ് തുറന്നടിയ്ക്കുന്നത്.
ഒരു ബൗളര്‍ മോശമായി പന്തെറിഞ്ഞു കഴിഞ്ഞാലോ ബാറ്റ്സ്മാന്‍ മോശമായി കളിച്ചാലോ ക്യാപ്റ്റന്‍ അടുത്തെത്തി തോളില്‍ തട്ടി ആശ്വസിപ്പിക്കണം. ക്യാപ്റ്റന്‍ തന്നില്‍ വിശ്വസിക്കുന്നു എന്ന ആത്മവിശ്വാസം ഇത് കളിക്കാര്‍ക്ക് നല്‍കും. പന്ത് അങ്ങനെ ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 11 വ്യക്തികളാണ് ഗ്രൗണ്ടിലുള്ളത്. ടീം എന്ന നിലയിലല്ല അവര്‍ കളിക്കുന്നത് എന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയും പറഞ്ഞു.
അതെസമയം സെവാഗിന്റേയും ഓജയുടേയും വിമര്‍ശനങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് രാജസ്ഥാന്‍ മാനേജ്മെന്റിന്റെ തീരുമാനം. ഐപിഎല്ലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകിരക്കാനും മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനുമാണ് താരങ്ങള്‍ക്ക് മാനേജുമെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം.