ബൗളര്‍മാര്‍ക്ക് പേടിപ്പെടുത്തുന്ന സ്വപ്‌നമാണ് സെവാഗ്, ആ പേര് കേട്ടാലും ഇന്നും പലരുടേയും ഉറക്കം നഷ്ടപ്പെടും

ഗോകുല്‍ അറക്കല്‍

നജാഫ്ഗര്‍ഹിന്റെ രാജകുമാരന്‍

‘ക്രീസില്‍ സെറ്റ് ആയാല്‍ പിന്നെ ആ ദിവസം തന്റേത് മാത്രമാക്കുവാന്‍ സാധിക്കുന്ന ഒരുപാട് കളിക്കാരെ നിങ്ങള്‍ക്ക് പറയാം. പക്ഷേ നേരിട്ട ആദ്യ പന്ത് മുതല്‍ എതിരാളിയുടെ മനസ്സില്‍ ഭയം ജനിപ്പിക്കണം എങ്കില്‍, അയാളെ ലോകം റിച്ചാര്‍ഡ്‌സണിന്റെ പിന്‍ഗാമിയായി വാഴ്ത്തണം എങ്കില്‍ അയാളുടെ പേര് വീരേന്ദ്ര സെവാഗ് എന്നായിരിക്കണം.’

ഐപിഎല്ലും T20 യും ഒക്കെ മനസ്സില്‍ നില്‍ക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് ഇത് മനസ്സിലാകുമോ എന്നറിയില്ല. ഒരു ദശാബ്ദത്തിലധികം നീണ്ടുനിന്ന തന്റെ ഏകദിന കരിയറില്‍ അയാള്‍ 35+ ഓവര്‍ ബാറ്റ് ചെയ്തത് വിരലില്‍ എണ്ണാവുന്ന തവണ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ആകട്ടെ നിലവിലെ എല്ലാ രീതികളുമായി യാതൊരു ബന്ധവും ഇല്ലാത്ത ആറ്റിറ്റിയൂഡ് ആയിരുന്നു കൈമുതല്‍. പക്ഷേ ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍ ആരെന്ന് ചോദിച്ചാല്‍, ഒരു വലിയ വിഭാഗം ആളുകള്‍ പറയുന്നത് ഈ ദില്ലിവാലയുടെ പേരായിരിക്കും. എന്തായിരിക്കും കാരണം?

ഉത്തരം വളരെ സിംപിള്‍. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുക എന്ന രീതി കരിയറിന്റെ അവസാനം വരെ മുന്നോട്ട് കൊണ്ടുപോകാന്‍ സെവാഗിന് സാധിച്ചിരുന്നു എന്നത് തന്നെ. ജയസൂര്യ, ഗില്‍ക്രിസ്റ്റ് തുടങ്ങിയ പ്രതിഭകള്‍ തുടങ്ങി വെച്ച അറ്റാക്കിംഗ് ഓപ്പണര്‍ എന്ന വേഷം, ഒരുപക്ഷേ അവരേക്കാളും നന്നായി ആടി തീര്‍ത്തത് സെവാഗ് ആയിരിക്കും. ഒന്നുകൂടി വ്യക്തമാക്കിയാല്‍, കരിയറിലെ ഓരോ മത്സരത്തിലും നേരിട്ട ആദ്യ പന്തിനേയും അവസാന പന്തിനേയും ഒരേപോലെ ട്രീറ്റ് ചെയ്ത ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ വേറെ ഉണ്ടാകില്ല.

ഗെയില്‍, ജയസൂര്യ, അഫ്രീദി, വാര്‍ണര്‍, രോഹിത് തുടങ്ങിയവര്‍ ഒക്കെയും ഈ പറഞ്ഞ അറ്റാക്കിംഗ് ഓപ്പണര്‍ അല്ലേ? എന്തുകൊണ്ടാണ് സെവാഗ് ആണ് ഇവരേക്കാള്‍ മികച്ചത് എന്ന് പറയുന്നത്

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അറ്റാക്കിംഗ് സ്‌റ്റൈല്‍ ഫോളോ ചെയ്യാന്‍ ഇവരില്‍ എല്ലാവര്‍ക്കും കഴിഞ്ഞിട്ടില്ല. സാധിച്ചവര്‍ ആകട്ടെ, ക്രീസില്‍ സെറ്റ് ആയതിനു ശേഷമാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. തുടക്കത്തില്‍ തന്നെ ബൗളറുടെ മേലുള്ള ഈ ഡെമിനന്‍സ്, മത്സരത്തെ ഒരു പരിധിവരെ നമ്മുടെ ഭാഗത്ത് ആക്കാന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. ‘No matter how good and experienced you are, he can kill your attitude’ എന്ന് ലോകം കണ്ട ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ ബ്രെറ്റ് ലീ പറയുമ്പോള്‍ നമുക്ക് മനസ്സിലാക്കാം, Sehwag’s style of aggression എത്ര മാത്രം മറ്റു ടീമുകളെ ഭയപ്പെടുത്തിയിരുന്നു എന്ന്.

പണ്ട് കേട്ട ഒരു ഫലിതമുണ്ട്. സച്ചിനും സേഹ്വാഗും കൂടി ഓപ്പണ്‍ ചെയ്യാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി കഴിഞ്ഞപ്പോള്‍ സേഹ്വാഗിന്റെ ഭാര്യ ഫോണ്‍ വിളിച്ചു. ഫോണ്‍ ഒന്ന് വീരുവിന് കൊടുക്കാമോ എന്ന് ചോദിച്ചപ്പോള്‍ കോള്‍ എടുത്ത ഗാംഗുലി അവര്‍ ഗ്രൗണ്ടിലേക്ക് ഇപ്പൊള്‍ ഇറങ്ങിയതേ ഉള്ളൂ എന്ന് പറഞ്ഞു. ഉടന്‍ വന്നു അത്രേ മറുപടി. ‘സാരമില്ല, ഞാന്‍ ഹോള്‍ഡ് ചെയ്യാം.’ ഒരുകാലത്ത് സ്ഥിരത ഇല്ലാത്ത വീരുവിന്റെ ശൈലിയെ ചോദ്യം ചെയ്ത് പല മാഗസിനുകളും എഴുതിയ കഥയാണിത്. എന്നിട്ടും നിങ്ങള്‍ പറയുന്നു സെവാഗ് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന്. അല്ലേ?

‘He is a Gambler, a player who loves to take risks’ വീരു എന്ന ഒപ്പണറിനെ കണ്ടെത്തിയ ദാദയുടെ വാക്കുകളാണ്. കൂട്ടത്തില്‍ ഒന്ന് കൂടി ദാദ പറഞ്ഞിട്ടുണ്ട്. അയാള്‍ എത്ര സമയം ക്രീസില്‍ നിന്നു എന്നുള്ളതല്ല. അത്രയും സമയം കൊണ്ട് സ്‌കോര്‍ ബോര്‍ഡില്‍ എത്ര ഹൈക്ക് ഉണ്ടായി എന്നതും ബൗളറുടെ കോണ്‍ഫിഡന്‍സ് ലെവല്‍ എത്ര മാത്രം താഴ്ന്നു എന്നതുമാണ് ശ്രദ്ധിക്കേണ്ടത്.

രണ്ട് ട്രിപ്പിള്‍സെഞ്ച്വറിയും ഒരു 290+ റണ്‍സുമായി ബ്രാഡ്മാനോടൊപ്പം റെക്കോര്‍ഡ് പങ്കിടുന്ന സെവാഗ് കരിയറില്‍ ഒരു ഇന്നിംഗ്‌സില്‍ പോലും 400 പന്തുകള്‍ നേരിട്ടിട്ടില്ല എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാക്കാം അയാള്‍ എത്രമാത്രം വിനാശകാരിയായിരുന്നു എന്ന്. ബൗളര്‍മാര്‍ക്ക് ബഹുമാനം കൊടുക്കുന്ന ദ്രാവിഡ്, ലക്ഷ്മണ്‍ തുടങ്ങിയവര്‍ ഇന്നിംഗ്‌സ് സ്ലോ ആക്കിയാലും നെറ്റ് സ്‌കോറിനെ അത് ബാധിക്കാതെ ഇരുന്നത് വീരുവിന്റെ ഇന്നിംഗ്‌സ് മൂലമായിരുന്നു. മോശം footwork, Long ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യാത്ത പ്ലെയര്‍ അങ്ങനെ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ കരിയറിന്റെ തുടക്കത്തില്‍ സെവാഗ് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടി അയാള്‍ കൊടുത്തത് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 2 ട്രിപ്പിള്‍ സെഞ്ച്വറി കൊണ്ടും ഏകദിനത്തിലെ ഇരട്ട സെഞ്ച്വറി കൊണ്ടുമായിരുന്നു.

ഏറ്റവും അതിശയകരമായ കാര്യം എന്തെന്നാല്‍ ഏകദിനത്തില്‍ 219 റണ്‍സ് നേടി ഔട്ട് ആയത് 47 ആം ഓവറില്‍ ആയിരുന്നു. അതായത് മത്സരം തീരാന്‍ 21 പന്തുകള്‍ ബാക്കി ഉണ്ടായിരുന്നു എന്ന് സാരം.

ഇനി കുറച്ച് ഓഫ് ടോപ്പിക്ക് കാര്യങ്ങള്‍ പറയാം. വര്‍ത്തമാന കാല ക്രിക്കറ്റിലെ ഏറ്റവും വലിയ എന്റര്‍ടെയ്‌നന്‍മാരായ ചിലര്‍ പറഞ്ഞിട്ടുള്ളത് കേള്‍ക്കാം. ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റര്‍ ആരാണ് എന്ന ചോദ്യത്തിന് ഡിവില്ലേഴ്‌സ് പറഞ്ഞ മറുപടി വീരു ഭായ് എന്നാണ്. പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സഹായകമായത് സെവാഗിന്റെ ചില ടിപ്‌സ് ആണെന്ന് വാര്‍ണറും പറഞ്ഞിട്ടുണ്ട്.

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ എന്റര്‍ടൈയ്‌നര്‍ ആയ വിവ് റിച്ചാര്‍ഡ്‌സുമായി വീരുവിനെ താരതമ്യം ചെയ്തത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ യുവരാജ് സിംഗ് ആണ്. അത് ശരിയാണ് എന്ന് അംഗീകരിച്ചത് റിച്ചാര്‍ഡ്സിന്റെ ഒപ്പം കളിച്ചിട്ടുള്ള ജോണ്‍ റൈറ്റും. നേര്‍വസ് നയന്റീസില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് മനസ്സിലാക്കിയത് സേഹ്വാഗിന്റെ ബാറ്റിംഗ് കണ്ടപ്പോളാണ് എന്ന് ഒരിക്കല്‍ സച്ചിന്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നോണ്‍ സ്‌ട്രൈക്കര്‍ എന്റില്‍ നിന്ന് ഏറ്റവും ആസ്വദിച്ചത് സേഹ്വാഗിന്റെ കളിയാണ് എന്ന് തന്റെ ആത്മകഥയില്‍ സച്ചിന്‍ എഴുതിയിട്ടുമുണ്ട്. ഒരിക്കല്‍ സച്ചിനെ പോലെ ആകാന്‍ ആഗ്രഹിച്ച കളിക്കാരന്‍ പിന്നീട് തന്റെ കളി ആസ്വദിപ്പിച്ച് അതേ സച്ചിനെ നോണ്‍ സ്‌ട്രൈക്കര്‍ എന്റില്‍ നിര്‍ത്തണം എങ്കില്‍ അയാളുടെ പ്രതിഭ ഊഹിക്കാവുന്നതിലും അപ്പുറമാണ്.

7 വര്‍ഷത്തോളം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം അലങ്കരിച്ച ഡെയ്ല്‍ സ്്‌റ്റെയ്ന്‍ പറഞ്ഞത് ‘Sehwag was my Nightmare’ എന്നായിരുന്നു. സെവാഗ് ബീസ്റ്റ് മോഡില്‍ ആയിരുന്ന 2009 ലെ ന്യൂസിലന്‍ഡ് ടൂര്‍ ചിലര്‍ എങ്കിലും ഓര്‍ക്കാന്‍ ഇടയുണ്ട്. 24ാം ഓവറില്‍ വിക്കറ്റ് നഷ്ട്ടം ഇല്ലാതെ 200 കഴിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് കണ്ട് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി പറഞ്ഞത് സെവാഗിന് എതിരെ എങ്ങനെ പന്ത് എറിയണം എന്ന് ഞങ്ങളുടെ ബൗളേഴ്സിന് അറിയില്ല എന്നാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like