കോഹ്ലിയുടെ അഭാവം, തിരിച്ചടിയേറ്റത് ഓസ്‌ട്രേലിയക്ക്, പ്രശ്‌നം ഗുരുതരം

അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനുളള കോഹ്ലിയുടെ തീരുമാനം ഏറ്റവുമധികം തിരിച്ചടിയാവുന്നത് ഓസ്‌ട്രേലിയക്ക് തന്നെ. മാച്ച് ബ്രോഡ്കാസ്റ്ററായ ചാനല്‍ സെവന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്ലി ഇല്ലെങ്കില്‍ മത്സരം കാണുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാവുമെന്നാണ് ചാനല്‍ 7 അധികൃതര്‍ പറയുന്നത്.
ഇന്ത്യന്‍ പര്യടനത്തിലെ പരിമിത ഓവര്‍ മത്സരങ്ങള്‍ ഫോക്‌സ് സ്‌പോര്‍ട്‌സും ടെസ്റ്റ് മത്സരങ്ങള്‍ ചാനല്‍ 7നുമാണ് സംപ്രേഷണം ചെയ്യുന്നത്. ഫോക്‌സ് പെയ്ഡ് ചാനലും ചാനല്‍ 7 സൗജന്യ ചാനലുമാണ്.
”കമ്പനി ഒരുപാട് പണം മുടക്കിയിട്ടുണ്ട്. റെക്കോര്‍ഡ് തുക മുടക്കിയാണ് പരമ്പര സംപ്രേഷണത്തിനുള്ള അവകാശം നേടിയെടുത്തത്. മത്സരങ്ങള്‍ മികച്ച നിലയില്‍ സംപ്രേഷണം ചെയ്യേണ്ടതുണ്ട്. മുടക്കിയ തുകയ്ക്ക് പകരം ഒരു മികച്ച പരമ്പരയാണ് ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. പക്ഷേ, അത് ലഭിക്കില്ല. അതിനു പകരം എന്തെങ്കിലും നല്‍കാമെന്നും അവര്‍ പറഞ്ഞിട്ടില്ല.”- ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വിമര്‍ശിച്ച് ചാനല്‍ സെവന്‍ ചെയര്‍മാന്‍ കെറി സ്റ്റോക്‌സ് പറഞ്ഞു.
നേരത്തെ തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായുള്ള ചാനല്‍ 7ന്റെ ബന്ധം അത്ര രസത്തിലല്ല. ഈ സംഭവത്തോടെ അത് വഷളായിരിക്കുകയാണ്.
വിരാട് കോഹ്ലിയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ താരം. കിംഗ് കോഹ്ലി എന്നാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കോഹ്ലിയുടെ അഭാവം ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്കും കനത്ത തിരിച്ചടിയാണ്. കോഹ്ലി കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിലേക്കുള്ള ടിക്കറ്റുകള്‍ വളരെ വേഗമാണ് വിറ്റുപോകുന്നത്. മറ്റ് മത്സരങ്ങള്‍ക്ക് ആളുകള്‍ക്ക് താല്‍പര്യം തീരെ കുറവാണ്.
നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. ഡിസംബര്‍ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്.