കാലം തെറ്റി പിറന്ന് വീണവനാണവന്‍, ആരും അവന്റെ ലിറ്റിമസിയെ ചോദ്യം ചെയ്യരുത്

സംഗീത് ശേഖര്‍

ആധുനിക ക്രിക്കറ്റിലെ ഒരിതിഹാസമായി അതിനകം വിലയിരുത്തപ്പെടുമ്പോഴും വിരാട് കോഹ്ലിയുടെ കരിയറിലെ അവസാന കടമ്പ എന്ന രീതിയില്‍ പലരും കണക്കാക്കിയിരുന്നത് 2018ലെ ഇംഗ്ലണ്ട് പര്യടനം തന്നെയാണ്. അതിനുള്ള പ്രധാന കാരണം 2014 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 13 മാത്രമായിരുന്നു എന്നതാണ്. 2014 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്വിംഗ് ബൗളര്‍ ജെയിംസ് ആന്‍ഡെഴ്‌സന്‍ ടിപ്പിക്കല്‍ ഇംഗ്ലീഷ് സാഹചര്യങ്ങളെ മനോഹരമായി ഉപയോഗിച്ച് കോഹ്ലിക്ക് മേല്‍ ആധിപത്യം നേടിയിരുന്നു. ആ പര്യടനത്തില്‍ കോഹ്ലിയെ 4 തവണ പുറത്താക്കിയിരുന്ന ജിമ്മി വിരാട് കോഹ്ലിയുടെ ബാറ്റിംഗിലെ ചില പിഴവുകള്‍ തുറന്നു കാട്ടിയിരുന്നു. നിലവാരമുള്ള സ്വിംഗ് ബൌളിംഗിനെതിരെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ടെക്‌നിക് ചോദ്യം ചെയ്യപ്പെട്ട പരമ്പര. ഇംഗ്ലണ്ടിന്റെ ഓഫ് സ്റ്റമ്പിനു പുറത്തു നിരന്തരം ആക്രമിക്കുന്ന ബൗളിംഗ് തന്ത്രം കോഹ്ലിയെ കുഴക്കിയിരുന്നു എന്നത് വ്യക്തമായിരുന്നു. 6 തവണയാണ് കോഹ്ലി വിക്കറ്റിനു പുറകില്‍ ക്യാച് നല്‍കി പുറത്തായത്. 2016 ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ കോഹ്ലിയുടെ തകര്‍പ്പന്‍ ഫോം ജെയിംസ് ആന്‍ഡെഴ്‌സന്റെയോ വിമര്‍ശകരുടെയോ സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നില്ല. സ്വന്തം നാട്ടിലെ പിച്ചുകള്‍ കോഹ്ലിയുടെ സാങ്കേതിക പിഴവുകളെ മറച്ചു പിടിക്കുന്നു എന്നാണു ജിമ്മി അന്ന് പറഞ്ഞത്.ചിത്രം വ്യക്തമായിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളെ പരമാവധി മുതലെടുത്ത് പന്തെറിയുന്ന ജെയിംസ് ആന്‍ഡേഴ്സണ്‍ എന്ന സ്വിങ് ബൗളര്‍ക്ക് കൊഹ്ലിയെ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ തന്നെ വേണമായിരുന്നു. വിമര്‍ശകരും അസംത്യപ്തരായിരുന്നു എന്നിരിക്കെ 2018 ലെ ഇംഗ്ലണ്ട് പര്യടനം വിരാട് കോഹ്ലിക്കൊരു ലിറ്റ് മസ് ടെസ്റ്റ് തന്നെയായിരിക്കും എന്നുറപ്പായിരുന്നു .കോഹ്ലിയെന്ന ബാറ്റ്‌സ്മാന്റെ മികവിന്റെ മേല്‍ നിഴലൊന്നും വീഴ്ത്തില്ലെങ്കിലും ഇംഗ്ലണ്ടില്‍ ഒരിക്കല്‍ കൂടെയൊരു പരാജയം ചോദ്യചിഹ്നങ്ങളെ അതുപോലെ തന്നെ നിര്‍ത്തുമായിരുന്നു.

ബാക്ക് ഇന്‍ 2014 ,ജയിംസ് ആന്‍ഡേഴ്സണ്‍ ഹാഡ് എ ക്ലിയര്‍ പ്ലാന്‍. ഇന്‍ സ്വിങ്ങറുകളും സ്റ്റമ്പ് ടു സ്റ്റമ്പ് പന്തുകളും കൊണ്ട് കൊഹ്ലിയെ ഫ്രണ്ട് ഫുട്ടിലേക്ക് കൊണ്ട് വന്ന ശേഷമൊരു തകര്‍പ്പന്‍ ഔട്ട് സ്വിങ്ങര്‍ .അതിനകം ഫ്രണ്ട് ഫുട്ടില്‍ കമ്മിറ്റ് ആയി കഴിഞ്ഞിരുന്ന കോഹ്ലി ലേറ്റ് ആയി സ്വിങ് ചെയ്യുന്ന ഔട്ട് സ്വിങ്ങറുകളില്‍ വീണുകൊണ്ടിരുന്നു. 2018 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ തന്നെ ഏറ്റവും അപകടകാരിയാക്കുന്ന മൂടിക്കെട്ടിയ ആകാശത്തിനു താഴെ ന്തെറിയാന്‍ തയ്യാറെടുക്കുന്ന ജെയിംസ് ആന്‍ഡേഴ്സനിലേക്ക് സൂം ചെയ്യുന്ന ക്യാമറ കണ്ണുകള്‍ക്ക് അദ്ദേഹത്തില്‍ മാറ്റമൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും നേരിടുന്ന വിരാട് കൊഹ്‌ലിയെന്ന ബാറ്റ്‌സ്മാന്‍ തീര്‍ത്തും മാറിയിരുന്നു. അല്പം കൂടെ തുറന്ന ,പന്തിനെ സ്വിംഗ് ചെയ്യാന്‍ അനുവദിക്കാത്ത രീതിയില്‍ പന്ത് ഏകദേശം പിച്ച് ചെയ്യുന്നിടത്ത് വച്ചതിനെ സ്വീകരിക്കുന്ന രീതിയിലൊരു സ്റ്റാന്‍ഡുമായി എത്തിയ വിരാട് കോഹ്ലിയുടെ പക്കല്‍ സംശയങ്ങള്‍ക്കുള്ള മറുപടികള്‍ ഉണ്ടായിരുന്നു.

കൂടുതല്‍ ക്ഷമയോടെ, ഫോക്കസ്ഡ് ആയി ബാറ്റ് ചെയ്ത കോഹ്ലിയുടെ ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളിലെ ജഡ്ജ്മെന്റ് അസാധാരണമാം വിധം മെച്ചപ്പെട്ടിരുന്നു. 2014 ല്‍ ജിമ്മിയുടെ ഔട്ട് സ്വിങ്ങറുകളെ ചേസ് ചെയ്തു പുറത്തായ കോഹ്ലി ഇത്തവണ അത്തരം പന്തുകള്‍ ലീവ് ചെയ്യുന്നത് ശ്രദ്ധേയമായിരുന്നു. അക്ഷമനായ ആന്‍ഡേഴ്സണെ തന്റെ റീച്ചിന് ഉള്ളിലേക്കും തന്റെ സ്‌ട്രോങ്ങ് സോണിലേക്കും പന്തെറിയാന്‍ നിര്‍ബന്ധിതനാക്കിയ കോഹ്ലി സുന്ദരമായ സ്‌ട്രോക്കുകളിലൂടെ ജിമ്മിക്ക് തന്റെ ക്ളാസ് വ്യക്തമാക്കി കൊടുത്ത് കൊണ്ടിരുന്നു. ഇന്നു ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡ്രൈവുകളുടെ ഉടമയും ബാറ്റ്‌സ്മാനില്‍ നിന്നൊരു തെറ്റായ ഡ്രൈവ് ക്ഷണിച്ചു വരുത്താന്‍ ഏറ്റവുമധികം മിടുക്കുള്ള ബൗളറും തമ്മിലുള്ള പോരാട്ടം തീര്‍ച്ചയായും ആവേശകരമായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ജോസ് ബട്ട്‌ലറെക്കാള്‍ 244 റണ്‍സ് കൂടുതല്‍ എടുത്തു കൊണ്ട് 59 ശരാശരിയില്‍ 2 സെഞ്ച്വറികളുടെ അകമ്പടിയോടെ 593 റണ്‍സുമായിട്ടാണ് വിരാട് കോഹ്ലി 2018 ലെ ഇംഗ്ലണ്ട് പര്യടനം അവസാനിപ്പിച്ചത്. ഒരു തവണ പോലും ജെയിംസ് ആന്‍ഡെഴ്‌സനെന്ന ലോകോത്തര സ്വിംഗ് ബൗളര്‍ക്ക് വിക്കറ്റ് നല്‍കിയതുമില്ല. ജിമ്മിയുടെ പന്തുകളില്‍ ഒന്നോ രണ്ടോ ഡ്രോപ്ഡ് ക്യാച്ചുകള്‍ ഉണ്ടായിരുന്നു എന്ന വസ്തുത നിലനില്‍ക്കുമ്പോഴും അസാധാരണമായ ഒരു നേട്ടമാണിത്.

വിദേശത്ത് ഇന്ത്യ അവസാനം കളിച്ച 16 ടെസ്റ്റില്‍ നിന്നും നാല് സെഞ്ച്വറികളും ഏഴ് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1335 റണ്‍സ് വാരിക്കൂട്ടിയ കോഹ്ലി ന്യുസിലാന്റ് പര്യടനത്തില്‍ മാത്രമാണ് തിളങ്ങാതിരുന്നത്. അതില്‍ തന്നെ രണ്ടു പ്രധാനപ്പെട്ട വിദേശ പര്യടനങ്ങള്‍ എടുക്കാം .ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളും ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുമാണ് ഇന്ത്യ കളിച്ചത് .ആറ് ടെസ്റ്റുകളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 54.93 ശരാശരിയില്‍ 879 റണ്‍സാണ് വിരാട് കോഹ്ലി അടിച്ചെടുത്തത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഏതൊരു ലോകോത്തര കളിക്കാരനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഈ രണ്ടു പര്യടനങ്ങളിലും ലോക നിലവാരമുള്ള ബൗളിംഗ് നിരകള്‍ക്കെതിരെ കോഹ്ലി ബാറ്റ് ചെയ്ത രീതി തികച്ചും പ്രശംസനീയമാണ്. കടുത്ത സമ്മര്‍ദ്ദത്തിലും പതറാതെ ബാറ്റ് ചെയ്ത കൊഹ്ലിക്ക് സഹ ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് ന്യായമായ പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ രണ്ടു പരമ്പരകളുടെയും തലവിധി വേറൊന്നായേനെ .

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വിരാട് കോഹ്ലി എന്ന ബാറ്റ്‌സ്മാന്റെ മാത്രമല്ല രണ്ടു ടീമുകളിലെയും എല്ലാ ബാറ്റ്‌സ്മാന്‍മാരുടെയും ക്രീസിലെ നിലനില്‍പ് തന്നെ അപകടത്തിലാക്കിയ ജോഹന്നാസ് ബര്‍ഗിലെ ഗ്രീന്‍ പിച്ചില്‍ വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ താനെത്രത്തോളം വളര്‍ന്നിരിക്കുന്നു എന്നത് തെളിയിച്ചു. വ്യത്യസ്തമായ പിച്ചുകള്‍ ഉയര്‍ത്തുന്ന വ്യത്യസ്തങ്ങളായ വെല്ലുവിളികളെ നേരിടുന്നതില്‍ കോഹ്ലിയുടെ കഴിവുകളുടെ പരീക്ഷണമായിരുന്നു ജോഹന്നാസ് ബര്‍ഗ് ടെസ്റ്റ്. രണ്ടിന്നിംഗ്‌സിലും അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാഷിം അംലക്ക് മാത്രം പുറകിലായി സമ്മര്‍ദ്ദത്തെ അതിജീവിച്ചു കോഹ്ലി നേടിയ 54, 41 എന്ന സ്‌കോറുകള്‍ അയാളുടെ മനോവീര്യത്തിന്റെ പ്രദര്‍ശനമായിരുന്നു.

VIRAT KOHLI

രണ്ടിന്നിംഗ്‌സിലും ദക്ഷിണാഫ്രിക്കയുടെ അഞ്ചംഗ പേസ് ആക്രമണത്തെ ചെറുത്തു നിന്ന കോഹ്ലി അതിജീവനത്തിന്റെ പാഠവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ആ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്ലി കളിച്ച 153 റണ്‍സിന്റെ എപ്പിക് ഇന്നിംഗ്‌സിനെ പറ്റി പറയാതിരിക്കാന്‍ വയ്യ .. ഒരിന്ത്യന്‍ ബാറ്റ്‌സ്മാനും 50 കടക്കാതിരുന്ന സെഞ്ച്വെറിയനിലെ ട്രാക്കില്‍ രണ്ടാം ടെസ്റ്റില്‍ കോഹ്ലി നേടിയ 153 സമീപകാലത്ത് ഒരിന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നത്. മോര്‍നെ മോര്‍ക്കല്‍, റബാഡ, ഫിലാണ്ടര്‍ , എന്‍ഗിഡി എന്നിവരടങ്ങിയ ലോകോത്തര പേസ് ആക്രമണത്തെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നേരിട്ട് നേടിയതായത് കൊണ്ട് തന്നെയാണ്. പന്ത് ഫുള്‍ ആയി പിച്ച് ചെയ്തു ബാറ്റ്‌സ്മാനെ ഡ്രൈവിനു ക്ഷണിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ക്ഷണം രണ്ടാമതൊന്നു ആലോചിക്കാതെ ഏറ്റെടുത്ത് മനോഹരമായ ഡ്രൈവുകള്‍ കെട്ടഴിച്ച കോഹ്ലി പന്ത് മോര്‍ക്കലോ എന്‍ഗിഡിയോ ഷോര്‍ട്ട് ആയി പിച്ച് ചെയ്യുന്ന നിമിഷം വെയിറ്റ് ബാക്ക് ഫുട്ടിലെക്ക് ട്രാന്‍സ്ഫര്‍ ചെയ്തു കളിച്ച പുള്‍ ഷോട്ടുകളും സെഞ്ച്വെറിയന്‍ ക്ലാസിക്കിനെ ആകര്‍ഷണീയമാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. സീരീസിലെ ഏറ്റവും നിര്‍ണായകം എന്ന് പറയാവുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിലേക്ക് വലിയാതെ തന്റെ ഗെയിം കളിക്കുന്ന കോഹ്ലി എന്ന ബാറ്റ്‌സ്മാന്‍ ആക്രമണം എതിര്‍ ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു.

വിദേശത്ത് ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ ഒന്ന് സെഞ്ച്വെറിയനില്‍ കളിച്ചു മടങ്ങുമ്പോഴും താന്‍ പുറത്തായ ഷോട്ടിനെ പഴിക്കുന്ന രീതിയാണ് വിരാട് കോഹ്ലി എന്ന ബാറ്റ്‌സ്മാനെ വേറിട്ട് നിര്‍ത്തുന്നത്. റണ്ണുകളോടുള്ള അടങ്ങാത്ത ദാഹം കോഹ്ലിയുടെ ഓരോ ചലനങ്ങളിലും വ്യക്തമാണ്. ടീം സെലക്ഷനില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശന ശരങ്ങളില്‍ കോഹ്ലി പ്രകോപിതനായിരുന്നു, നിരുത്തരവാദപരമായി ബാറ്റ് ചെയ്യുന്ന സഹ കളിക്കാരുടെ മനോഭാവത്തില്‍ കോഹ്ലി അസ്വസ്ഥനുമായിരുന്നു.

തീര്‍ച്ചയായും സെഞ്ച്വെറിയനിലെ ട്രാക്കില്‍ ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന ബൗണ്‍സൊ പേസോ ഉണ്ടായിരുന്നില്ല. ബട്ട് അതൊരു ടു പേസ്ഡ് വിക്കറ്റ് ആയിരുന്നു എന്നതായിരുന്നു ബാറ്റ്‌സ്മാന്‍ നേരിട്ട വെല്ലുവിളി. വേരിയബിള്‍ ബൗണ്‍സിനെയും മോര്‍ക്കല്‍, റബാഡ, ഫിലാണ്ടര്‍, എന്‍ഗിഡി എന്നിവരടങ്ങുന്ന നാലംഗ പേസ് ആക്രമണത്തെയും നേരിട്ടു വിരാട് കോഹ്ലി കളിച്ച ക്ലാസ്സിക് നോക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടി വരും. ഒരു ബൗളിംഗ് നിരയുടെ മുന്നിലും ഇന്‍ഡിമിഡേറ്റ് ചെയ്യപ്പെടാന്‍ ആഗ്രഹിക്കാത്ത വിരാട് കോഹ്ലിയുടെ സെഞ്ച്വെറിയന്‍ എപ്പിക് ബൗളര്‍മാരുടെ മേല്‍ അദ്ദേഹത്തിനുള്ള ആധിപത്യം വിളിച്ചറിയിക്കുന്നതായിരുന്നു.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ വിരാട് കോഹ്ലി താരതമ്യങ്ങള്‍ക്ക് അപ്പുറത്താണ്. 43 ഏകദിന സെഞ്ച്വറികള്‍ എന്ന നേട്ടത്തിന്റെ പ്രാധാന്യം കൂടുന്നത് അതില്‍ 36 കളികളും ഇന്ത്യ ജയിച്ചിരുന്നു എന്നത് കൊണ്ട് കൂടിയാണ്. എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഒരു പക്ഷെ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് മാത്രമാകും വിരാട് കൊഹ്ലിക്കൊരു എതിരാളിയായിട്ടുണ്ടാകുക എന്ന് തോന്നുന്നതില്‍ വലിയ തെറ്റില്ല . ഒരു റണ്‍ ചേസിന്റെ സമ്മര്‍ദ്ദത്തെ കോഹ്ലി അഭിമുഖീകരിക്കുന്ന രീതി ശ്രദ്ധേയമാണ്. സിംഗിളുകളും ഡബിളുകളിലൂടെയും ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുന്ന കോഹ്ലി അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നത് പരമാവധി ഒഴിവാക്കുകയാണ് . ബൗളര്‍മാരുടെ മികച്ച പന്തുകളില്‍ സിംഗിളുകള്‍ എടുത്തു കൊണ്ട് ഡോട്ട് ബോളുകള്‍ പരമാവധി കുറക്കുകയും അതുവഴി റണ്‍ റേറ്റ് കൈപ്പിടിയില്‍ നിന്നും വഴുതി പോകാതെ നോക്കുകയും ചെയ്യുന്നു. ഏകദിന റണ്‍ ചേസുകളില്‍ പലപ്പോഴും കോഹ്ലി ഇന്നിംഗ്‌സ് ആങ്കര്‍ ചെയ്യുന്നതിനോടൊപ്പം തന്നെ ഫിനിഷറുടെ റോള്‍ കൂടെ നിറവേറ്റുന്ന കാഴ്ച കാണാം. അനായാസമൊരു സിംഗിള്‍ എടുത്ത് ഒരു സെഞ്ച്വറി ആഘോഷിക്കുക്കാനുള്ള അവസരം മുന്നിലുള്ളപ്പോഴും ഡബിള്‍ എന്ന സാധ്യതയെ ചൂഷണം ചെയ്യാന്‍ എപ്പോഴും സന്നദ്ധനായ കോഹ്ലി ഒരു ഗെയിം റീഡര്‍ എന്ന നിലയിലും മറ്റേതൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെക്കാളും ഒരു പടി മുകളില്‍ തന്നെയാണ്. അഗ്രഷനും കോഹ്ലിയും വേര്‍പിരിയാനാവാത്ത വിധം ചേര്‍ന്ന് നില്‍ക്കുകയാണ്. ഫീല്‍ഡില്‍ ഒരു അനിമേറ്റഡ് ക്യാരക്ടര്‍ എന്ന സ്ഥിതി പലര്‍ക്കും ദഹിക്കാന്‍ കഴിയുന്നില്ലെങ്കിലും കോഹ്ലി കളിക്കുന്ന ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റിന് ഒഴിച്ച് കൂടാന്‍ കഴിയാത്ത കാര്യങ്ങളാണ്. ഫീല്‍ഡിലെ അഗ്രഷനും അനിമേറ്റഡ് ആയ പെരുമാറ്റവും എന്നു പലപ്പോഴും തോന്നിയിട്ടുണ്ട് .അതെന്തായാലും ഒരു ക്രിക്കറ്റിങ് ഐക്കണ്‍ എന്ന നിലയില്‍ ചോദ്യം ചെയ്യപ്പെടാനാവാത്ത രീതിയില്‍ കോഹ്ലിയുടെ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉറച്ചു കഴിഞ്ഞിരിക്കുന്നു.

അടങ്ങാത്ത റണ്‍ ദാഹത്തിനൊപ്പം പ്രോപ്പര്‍ ക്രിക്കറ്റിംഗ് ഷോട്ടുകളുടെ പിന്‍ബലം കൂടെയാകുമ്പോള്‍ കോഹ്ലിയിലെ ബാറ്റ്‌സ്മാന്റെ കരുത്ത് കൂടുകയാണ്. അധികം ഏരിയല്‍ ഷോട്ടുകളോ പാഡില്‍ സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും പോലുള്ള അണ്‍ ഓര്‍ത്തോഡോക്‌സ് ഷോട്ടുകളോ കളിക്കാതെ തന്നെ റണ്‍സ് വാരിക്കൂട്ടാന്‍ അയാള്‍ക്ക് കഴിയുന്നതിനൊപ്പം തന്നെ ദൗര്‍ബല്യങ്ങള്‍ പ്രകടമാക്കപ്പെടുമ്പോള്‍ അത് പരിഹരിച്ചെടുക്കാനുള്ള കഠിന ശ്രമങ്ങളും അയാള്‍ നടത്തുന്നുണ്ട്. ഫോര്‍മാറ്റ് ഏതു തന്നെയായാലും സ്‌കോറിംഗ് വേഗത എന്ന ഘടകത്തില്‍ ചെറുതായ ഏറ്റകുറച്ചിലുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഏകദേശം ഒരേ ആധിപത്യ സ്വഭാവമാണ് കോഹ്ലി കാട്ടുന്നത്. സാഹചര്യങ്ങളോട് അഡാപ്റ്റ് ചെയ്യുമ്പോഴും തന്റെ സമീപനത്തില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ല എന്ന സന്ദേശമാണ് കോഹ്ലി എതിരാളികള്‍ക്ക് നല്‍കുന്നത്.

സാങ്കെതികമികവില്ലാത്ത സ്‌ട്രോക്ക് പ്ലെയര്‍ എന്ന വിശേഷണമൊക്കെ മാറ്റേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു. ആവശ്യമുള്ള സമയത്ത് അയാളില്‍ സാങ്കേതിക മികവിന്റെ അങ്ങേയറ്റവും ഫ്‌ലാം ബോയന്‍സിന്റെ നിര്‍വചനവും ഗ്രിറ്റിന്റെ പ്രതിരൂപവും ഒരേ സമയം കാണാന്‍ കഴിയും. പല തവണ സംശയം തോന്നിയിട്ടുള്ള കാര്യമാണ്, വിരാട് കോഹ്ലി കാലം തെറ്റി പിറന്നു വീണൊരു പ്രതിഭയാണോയെന്നു. കോഹ്ലിക്ക് നേരെ എങ്ങനെ പന്തെറിയണം എന്നറിയാതെ പകച്ചു നില്‍ക്കുന്ന ബൗളര്‍മാരെ കാണുമ്പോള്‍ തോന്നിയിട്ടുണ്ട് കോഹ്ലി ഈ കാലത്തില്‍ കളിക്കെണ്ടവനല്ലയെന്നു. വസിം അക്രവും ഗ്ലെന്‍ മഗ്രാത്തും വഖാര്‍ യൂനിസും കര്‍ട്ട്‌ലി അംബ്രോസും അലന്‍ ഡോണാള്‍ഡും ഷെയിന്‍ വോണും പന്തെറിഞ്ഞിരുന്ന ഒരു കാലഘട്ടത്തില്‍ കളിച്ചിരുന്നുവെങ്കില്‍ അവര്‍ തീര്‍ച്ചയായും കോഹ്ലിയുടെ ക്ലാസ്സിനെ വെല്ലുവിളിച്ചേനെ. ഏതൊരു ഫോര്‍മാറ്റിലും ആധികാരികമായി ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാന്‍ എന്നതിനപ്പുറം ബൗളിംഗ് നിരകള്‍ക്ക് മേല്‍ കോഹ്ലി കാട്ടുന്ന ആധിപത്യം കൊതിപ്പിക്കുന്നതാണ്. കാടനടികളെ ആശ്രയിക്കാതെ തന്നെ ബൗളിംഗിനെ മര്‍ഡര്‍ ചെയ്യാനുള്ള അസാധ്യ കഴിവ്. കെയിന്‍ വില്ല്യംസന്‍ , സ്റ്റീവ് സ്മിത്ത് , രോഹിത് ശര്‍മ്മ എന്നീ പേരുകളൊക്കെ തര്‍ക്കത്തിനായി നിരത്തുമ്പോഴും കോഹ്ലി ഒരു പടി മുന്നില്‍ തന്നെയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പണ്ടേ മുതല്‍ പേടിസ്വപ്നമായ റണ്‍ ചേസുകള്‍ മാനേജ് ചെയ്യുന്ന രീതിയാണ് വിരാട് കോഹ്ലിയുടെ പ്ലസ് പോയന്റുകളില്‍ ഒന്ന് .ഏതൊരു ടാര്‍ഗറ്റും ഏതൊരു ഫോര്‍മാറ്റിലും സേഫ് അല്ലെന്നൊരു തോന്നല്‍ ഉണ്ടാക്കുവാന്‍ കോഹ്ലിയുടെ ക്രീസിലെ സാന്നിധ്യത്തിന് കഴിയുന്നുണ്ട് .And the hunger for runs ..കോഹ്ലിയോരിക്കലും ത്ര്യപ്തനുമല്ല .

വീണ്ടും 2018ലെ സെഞ്ച്വറിയനിലേക്ക് പോകാം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ഏകദിനം. പന്ത് കെയില്‍ റബാഡയുടെ കയ്യില്‍ , ക്രീസില്‍ വിരാട് കോഹ്ലി. ഒരു അഗ്രസ്സീവ് ബാറ്റ്‌സ്മാനെ നേരിടുന്ന ഫാസ്റ്റ് ബൗളര്‍ക്ക് പ്രധാനമായും രണ്ടു ഓപ്ഷന്‍ ആണുള്ളത്. ബാറ്റ്‌സ്മാനെ പ്രകോപിപ്പിച്ചു കൊണ്ട് പിഴവുകള്‍ ഉണ്ടാക്കിയെടുക്കുക വഴി വിക്കറ്റ് നേടുക , അതല്ലെങ്കില്‍ ബാറ്റ്‌സ്മാനെ അയാളുടെ രീതിയില്‍ കളിക്കാന്‍ വിട്ടു കൊണ്ട് തന്റെ മികവിലൂടെ വിക്കറ്റ് നേടുക . അഗ്രസ്സീവ് ആയൊരു ഫാസ്റ്റ് ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിച്ചു കൊണ്ട് നിശബ്ദനായി ബൗളിംഗ് തുടരാന്‍ കഴിയില്ല എന്നതുറപ്പാണ്. റബാഡയുടെ വേഗതയാര്‍ന്ന ഒരു ബൗണ്‍സര്‍ വിരാട് കോഹ്ലിയുടെ ഹുക് ഷോട്ടിനെ കീഴടക്കി കീപ്പറുടെ കൈകളില്‍ എത്തുമ്പോള്‍ ഒരു പോരാട്ടം തുടങ്ങുകയായിരുന്നു. ആ പന്തിനു ശേഷം പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കന്‍ ട്രാക്കുകളില്‍ ഇന്ത്യയിലെ ചത്ത പിച്ചുകളിലെത് പോലെ അനായാസം ഇത്തരം ഷോട്ടുകള്‍ കളിക്കാന്‍ കഴിയില്ല എന്ന വിഷയത്തില്‍ കോഹ്ലിക്ക് റബാഡ ചെറിയൊരു ക്ലാസ് എടുക്കുന്നത് കണ്ടു.

അടുത്ത പന്തും ഷോര്‍ട്ട് പിച്ച് തന്നെയായിരുന്നു. കോഹ്ലി ഒരിഞ്ചു പോലും പുറകോട്ടു മാറാതെ തന്റെ പുള്‍ ഷോട്ട് കളിക്കാന്‍ തന്നെയാണ് ശ്രമിക്കുന്നത്. സാമാന്യം വേഗതയുള്ള പന്ത് എഡ്ജ് എടുത്ത് കോഹ്ലിയുടെ വാരിയെല്ലിന്റെ കരുത്ത് അളക്കുകയാണ്. പെട്ടെന്ന് തന്നെ സമനില വീണ്ടെടുക്കുന്ന കോഹ്ലി അടുത്ത പന്ത് നേരിടാന്‍ തയ്യാറാണ്. രണ്ടു ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ബാറ്റ്‌സ്മാനെ ബാക്ക് ഫുട്ടില്‍ തളച്ചിട്ടു കഴിഞ്ഞ പരിചയസമ്പന്നനായ ഒരു ഫാസ്റ്റ് ബൗളര്‍ സ്വാഭാവികമായും അടുത്ത പന്ത് ഫുള്‍ ആയി പിച്ച് ചെയ്ത് ഫ്രണ്ട് ഫുട്ടില്‍ കളിപ്പിച്ചയാളെ വീഴ്ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ റബാഡ എന്ന യുവ ഫാസ്റ്റ് ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ വേദനിപ്പിക്കുന്നതാണിഷ്ടം എന്ന് തോന്നുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ പന്തും കോഹ്ലിയുടെ ബോഡി ലക്ഷ്യമാക്കിയുള്ള 142 km വേഗതയിലുള്ള ഷോര്‍ട്ട് പിച്ച് പന്ത് തന്നെയാണ്. കണ്ണടച്ച് തുറക്കുന്നതിനു മുന്നേ ഒരു തകര്‍പ്പന്‍ പുള്‍ ഷോട്ടിലൂടെ പന്ത് ഗാലറിയില്‍ എത്തിക്കുന്ന വിരാട് കോഹ്ലി തന്റെ ക്ലാസ് സ്റ്റാമ്പ് ചെയ്തു വക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ആരാധകരുടെ മനസ്സിലും. സ്‌ട്രോക്ക് കളിച്ചു കഴിഞ്ഞ ശേഷം കോഹ്ലി റബാഡക്ക് വാക്കുകള്‍ കൊണ്ടുള്ള മറുപടിയൊന്നും കൊടുക്കുന്നില്ലെങ്കിലും ക്രീസില്‍ ഒരു ടിപ്പിക്കല്‍ സബ് കൊണ്ടിനെന്റല്‍ ബാറ്റ്‌സ്മാനല്ല എന്ന സന്ദേശം റബാഡക്കും കിട്ടികഴിഞ്ഞു . ക്രീസില്‍ ഒരു മാസ്റ്റര്‍ ബാറ്റ്‌സ്മാനാണ്. കിംഗ് വിരാട് കോഹ്ലി

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like