അടിസ്ഥാനം അതാണെങ്കില്‍ കോഹ്ലിയെ എന്ത് കൊണ്ട് മാറ്റുന്നില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം

Image 3
CricketTeam India

ഐ.പി.എല്‍ പ്രകടനം നോക്കി താരങ്ങളെ ടീമിലുള്‍പ്പെടുക്കാമെങ്കില്‍, ക്യാപ്റ്റന്‍മാരെയും അങ്ങനെ തന്നെ തിരഞ്ഞെടുത്താല്‍ എന്താണു കുഴപ്പമെന്ന് ഗൗതം ഗംഭീര്‍. വിരാട് കോഹ്ലി മോശം ക്യാപ്റ്റനാണെന്നു പറയുന്നില്ലെന്നും എന്നാല്‍ രോഹിത് ശര്‍മയാണു മികച്ചതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

‘നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയുടേയും കോഹ്ലിയുടേയും ഐ.പി.എല്ലിലെ പ്രകടനങ്ങളെയും വിലയിരുത്തണം. താരങ്ങളെ ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കാമെങ്കില്‍, ക്യാപ്റ്റന്‍മാരെയും അങ്ങനെ തന്നെ തിരഞ്ഞെടുത്താല്‍ എന്താണു കുഴപ്പം? ഇത് സ്വീകരിക്കില്ലെങ്കില്‍ ഐപിഎല്ലിലെ ബാറ്റിംഗ്, ബോളിംഗ് പ്രകടനങ്ങളും വിലയിരുത്തരുത്. കോഹ്ലി മോശം ക്യാപ്റ്റനാണെന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ രോഹിത് ശര്‍മയാണു മികച്ചത്’ ഗംഭീര്‍ വ്യക്തമാക്കി.

രോഹിത് ക്യാപ്റ്റനായിട്ടില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ നഷ്ടമല്ല ഇന്ത്യന്‍ ടീമിന്റെ തന്നെ നഷ്ടമാണെന്ന് ഗംഭീര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ‘ഏകദിന-ടി20 മത്സരങ്ങളില്‍ വിരാട് കോഹ്ലിയേക്കാള്‍ വളരെ മികച്ച ക്യാപ്റ്റനാണ് രോഹിത്. അദ്ദേഹത്തെ മുഴുവന്‍ സമയ ക്യാപ്റ്റനായി നിയമിച്ചില്ലെങ്കില്‍ അത് നാണക്കേടും ഇന്ത്യന്‍ ടീമിന്റെ ഭാഗ്യക്കേടുമാണ്. കോഹ്ലിക്കും രോഹിത്തിനും ഐ.പി.എല്ലില്‍ ഏകദേശം ഒരേസമയത്താണ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്. എന്നാല്‍ ആരാണ് വിജയിച്ചതെന്ന് നോക്കൂ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ രോഹിത്തിന്റെ പേരിലുണ്ട്.’ എന്നാണ് അന്ന് ഗംഭീര്‍ പറഞ്ഞത്.

ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത്. എന്നാല്‍ കോഹ്ലി നായകനായ ബാംഗ്ലൂരിന് ഒരു കിരീടം പോലും ഇതുവരെ നേടാനായിട്ടില്ല. 2016-ല്‍ രണ്ടാം സ്ഥാനക്കാരായതാണ് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച പ്രകടനം.