മറ്റെന്തിനേക്കാള്‍ വലുത് എനിക്ക് ആത്മാര്‍ത്ഥതയാണ്, ആ ചോദ്യത്തിന് ഹൃദയം തുളച്ച് കയറുന്ന ഉത്തരവുമായി കോഹ്ലി

Image 3
CricketIPL

ഐപിഎല്‍ 14ാം സീസണില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പുറത്തായതോടെ നായകനെന്ന നിലയില്‍ അവസാന ഐപിഎല്‍ മത്സരവും വിരാട് കോഹ്ലി കളിച്ച് കഴിഞ്ഞു. ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ തുടങ്ങും മുമ്പെ തന്നെ കോഹ്ലി താന്‍ ഈ സീസണ് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മത്സര ശേഷം ഏറെ വികാരഭരിതനയി കാണപ്പെട്ട കോഹ്ലിയോട് ഇനി ബംഗളൂരുവിനായി കളിയ്ക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.

‘തീര്‍ച്ചയായും ( ഐ പി എല്ലില്‍ മറ്റു ടീമുകളില്‍ കളിക്കുന്നതിനെ കുറിച്ച് ), മറ്റൊരു ടീമിലും ടീമിലും എനിക്ക് കളിക്കാനാകില്ല. മറ്റെന്ത് ലൗകിക സുഖങ്ങളേക്കാള്‍ ഞാന്‍ വിലകല്‍പ്പിക്കുന്നത് ആത്മാര്‍ഥതയ്ക്കാണ്. ഐ പി എല്ലില്‍ കളിക്കുന്ന അവസാന ദിവസം വരെയും എന്റെ പ്രതിബദ്ധത ആര്‍സിബിയോട് മാത്രമായിരിക്കും’ കോഹ്ലി തുറന്ന് പറഞ്ഞു.

‘യുവതാരങ്ങള്‍ക്ക് ടീമിലെത്തി അഗ്രസീവ് ക്രിക്കറ്റ് ഫ്രീഡത്തോടെയും വിശ്വാസത്തോടെയും കളിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലും ഞാന്‍ ആ അന്തരീക്ഷം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ടീമിന് നല്‍കി. അതിന്റെ പ്രതികരണം എപ്രകാരമാണെന്ന് എനിക്കറിയില്ല. എന്നാല്‍ എല്ലാ സമയത്തും ഈ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കഴിവിന്റെ 120 ശതമാനവും ഞാന്‍ നല്‍കിയിട്ടുണ്ട്. അതിനിടെ ഒരു പ്ലേയറെന്ന നിലയില്‍ ഞാന്‍ തുടരും’ കോഹ്ലി പറഞ്ഞുനിര്‍ത്തി.

ഐ പി എല്ലില്‍ 140 മത്സരങ്ങളില്‍ ആര്‍ സി ബിയെ നയിച്ചിട്ടുള്ള കോഹ്ലി 66 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കോഹ്ലിയുടെ കീഴില്‍ ടീം പ്ലേയോഫ് യോഗ്യത നേടിയെങ്കിലും രണ്ട് തവണയും എലിമിനേറ്ററില്‍ പരാജയപെട്ടുകൊണ്ട് ടീം പുറത്തായി.

ഷാര്‍ജയില്‍ നടന്ന എലിമിനേറ്ററില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചത്. മത്സരത്തില്‍ ആര്‍ സി ബി ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് കെ കെ ആര്‍ മറികടന്നത്.