പാതിവഴിയില്‍ കോഹ്ലിയുടെ നായക സ്ഥാനം തെറിയ്ക്കുന്നു, കടുത്ത നീക്കത്തിനൊരുങ്ങി ബംഗളൂരു

ഐപിഎല്ലില്‍ ഈ സീസണിന് ശേഷം നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണല്ലോ വിരാട് കോഹ്ലി. എന്നാല്‍ ഇപ്പോഴിതാ സീസണ്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ തന്നെ കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

കോഹ്ലിയ്ക്ക് സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ ആണത്രെ പാതിവഴിയില്‍ കോഹ്ലിയെ നീക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകാന്‍ ബംഗളൂരു ഒരുങ്ങുന്നത്. ഇതിന് കോഹ്ലിയും സന്നദ്ധനാണെന്നാണ് സൂചന. ചില മുന്‍ താരങ്ങളും ഇതിനോടകം തന്നെ ഇക്കാര്യം പ്രവചിച്ച് കഴിഞ്ഞു.

‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കോലി ബാറ്റ് ചെയ്ത രീതി നോക്കുക.അതില്‍ നിന്ന് തന്നെ എത്രത്തോളം അവന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് വ്യക്തമാകും. ഈ സീസണിന്റെ പാതിവഴിയില്‍ വെച്ച് തന്നെ അവനെ നായകസ്ഥാനത്ത് മാറ്റാനുള്ള സാധ്യതകളുണ്ട്’ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു.

‘മറ്റ് ടീമുകളും ഇതിന് മുമ്പ് ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. കെകെആര്‍ ദിനേഷ് കാര്‍ത്തികിനെ മാറ്റിയതും സണ്‍റൈസേഴ്സ് ഡേവിഡ് വാര്‍ണറെ മാറ്റിയതും നോക്കുക. ഇവരെയെല്ലാം പാതിവഴിയിലാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. അതിനാല്‍ത്തന്നെ ആര്‍സിബിയിലും ഇത് സംഭവിച്ചേക്കാം. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് എനിക്ക് ഈ ചിന്ത ഉണ്ടായത്. ഒരു മോശം മത്സരം കൂടി ഉണ്ടായാല്‍ പാതിവഴിയില്‍ ആര്‍സിബിയുടെ നായകസ്ഥാനത്ത് മാറ്റം വന്നേക്കാം’ ഗൗതം ഗംഭീര്‍ വിലയിരുത്തുന്നു.

2013ലാണ് കോഹ്ലി ആദ്യമായി ബംഗളൂരു നായകനായത്. ഡാനിയല്‍ വെട്ടോറി സ്ഥാനമൊഴിഞ്ഞതോടെ എത്തിയ കോഹ്ലി 132 മത്സരങ്ങളില്‍ ടീമിനെ നയിച്ച് 62 ജയമാണ് നേടിക്കൊടുത്തത്. 66 മത്സരം തോറ്റപ്പോള്‍ നാല് മത്സരത്തിന് ഫലം ഉണ്ടായില്ല. ഇതുവരെ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോഹ്ലിക്കായിട്ടില്ല.

You Might Also Like