അവനൊപ്പം ബാറ്റ് ചെയ്യാന്‍ മോഹം, ‘ബദ്ധവൈരിയെ’ പ്രശംസകൊണ്ട് മൂടി കോഹ്ലി

Image 3
CricketTeam India

അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ സഹതാരം രോഹിത്ത് ശര്‍മ്മയെ പ്രശംകൊണ്ട് മൂടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ക്ലാസിക്ക് രോഹിത്ത് ശര്‍മ്മയെയാണ് ക്രീസില്‍ കണ്ടതെന്നും ടോപ് ഓര്‍ഡറില്‍ രോഹിത്തിനൊപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായും കോഹ്ലി പറഞ്ഞു.

‘ മത്സരത്തില്‍ പൂര്‍ണ്ണമായും മേധാവിത്വം പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പന്തിനും അയ്യര്‍ക്കും അവസരം ലഭിച്ചില്ലയെങ്കിലും 225 റണ്‍സ് ഞങ്ങള്‍ സ്‌കോര്‍ ചെയ്തു. ഞങ്ങളുടെ ബാറ്റിങ് ഡെപ്തിന്റെ തെളിവാണിത്. പോസിറ്റീവായാണ് ഞാനും രോഹിത് ശര്‍മ്മയും ബാറ്റിങിനിറങ്ങിയത്. ഇന്നത്തേത് ക്ലാസിക്ക് രോഹിത് ശര്‍മ്മയായിരുന്നു, പിന്നീട് സൂര്യകുമാര്‍ യാദവ് എത്തുകയും മത്സരത്തില്‍ ഇന്ത്യയെ കൂടുതല്‍ മുന്നോട്ട് നയിക്കുകയും ചെയ്തു. ‘ കോഹ്ലി പറഞ്ഞു.

‘ ഐ പി എല്ലിലും ഞാന്‍ ഓപ്പണ്‍ ചെയ്യും, ഇന്ത്യയ്ക്കിപ്പോള്‍ ശക്തമായ മധ്യനിരയുണ്ട്. ടി20 ക്രിക്കറ്റില്‍ മികച്ച രണ്ട് ബാറ്റ്സ്മാന്മാര്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടാല്‍ അത് ടീമിന് ഗുണകരമാകും. ടോപ്പ് ഓര്‍ഡറില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ബാറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളിലൊരാള്‍ ക്രീസിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസമുണ്ടാകും. അത് തുടരാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ‘ കോഹ്ലി പറഞ്ഞു. കൂട്ടിചേര്‍ത്തു.

അഞ്ചാം മത്സരത്തില്‍ കെ എല്‍ രാഹുലിനെ ഒഴിവാക്കിയാണ് ഓപ്പണറായി കോഹ്ലി ഇറങ്ങിയത്. നാല് മത്സരങ്ങില്‍ ഓപ്പണറായി അവസരം കൊടുത്തിട്ടും രാഹുലിന് കാര്യമായി ഒന്നാം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് രാഹുലിനെ പുറത്താക്കാന്‍ ടീം ഇന്ത്യ നിര്‍ബന്ധിതരായത്.

അഞ്ചാം ടി20യില്‍ 52 പന്തില്‍ നിന്നും 7 ഫോറും 2 സിക്‌സുമുള്‍പ്പടെ പുറത്താകാതെ 80 റണ്‍സ് കോഹ്ലി നേടിയിരുന്നു. രോഹിത് ശര്‍മ്മയാകട്ടെ 34 പന്തില്‍ 4 ഫോറും 5 സിക്‌സുമടക്കം 64 റണ്‍സ് മത്സരത്തില്‍ നേടി.

ഇരുവരുടെയും മികവില്‍ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 188 റണ്‍സെടുക്കാനെ ആയുളളു. ഇതോടെ 36 റണ്‍സിന്റെ വിജയം നേടാനും ഇന്ത്യയ്ക്കായി. വിജയത്തോടെ പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.