കോഹ്ലിയുടെ 9 മാസം പ്രായമായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി

മുഹമ്മദ് ഷമിയെ ഒറ്റപ്പെടുത്തി ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ താരത്തെ പിന്തുണച്ചതിന് വിരാട് കോഹ്ലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. വിരാട് കോഹ്ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

പാകിസ്ഥാനെതിരായ മത്സരത്തിലെ പരാജയമാണ് മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തിന് കാരണമായത്. മത്സരം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിരാട് കോഹ്ലി ഷമിക്ക് പിന്തുണയുമായി എത്തിയത്. ഇതിന് പിന്നാലെയാണ് കോഹ്ലിയുടെ മകള്‍ക്കെതിരായ ഭീഷണി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അതിശക്തമായ വാക്കുകളിള്‍ ഇന്ത്യന്‍ നായകന്‍ ഷമിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയത്.

‘ഞങ്ങള്‍ മൈതാനത്ത് കളിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളല്ല ഞങ്ങള്‍. നട്ടെല്ലില്ലാത്ത, ജീവിതത്തില്‍ ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് മോശം ട്രോളുകള്‍ പടച്ചുവിടുന്നത്. വ്യക്തിപരമാണ് ഇവരുടെ ആക്രമണങ്ങള്‍, അത് ഭയപ്പെടുത്തുന്നു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തുമെന്ന് കരുതിയില്ല. മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം. ടീം ഇന്ത്യയുടെ സാഹോദര്യം തകര്‍ക്കാനാവില്ല. ഷമിക്ക് 200 ശതമാനം പിന്തുണ നല്‍കുന്നു ഷമിയുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയെ നിരവധി മത്സരങ്ങളില്‍ ജയിപ്പിച്ച താരമാണ് ഷമി. ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ഇന്ത്യയുടെ പ്രധാന ബൗളറാണ് അദേഹം’ കോഹ്ലി പറഞ്ഞിരുന്നു.

തുടക്കത്തില്‍ കോഹ്ലിക്കും അനുഷ്‌കയ്ക്കും നേരെ നടന്ന സൈബര്‍ ആക്രമണം വൈകാതെ ഒന്‍പത് മാസം മാത്രം പ്രായമുള്ള മകള്‍ക്കുനേരെയും തിരിയുകയായിരുന്നു. എന്നാല്‍ നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

You Might Also Like