സച്ചിനടുത്തെത്താനാകാതെ കോഹ്ലി പോലും കിതയ്ക്കുന്നു, ബാബറിന് കാലം ഉത്തരം കൊടുക്കട്ടെ
റെജി സെബാസ്റ്റിയന്‍
ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പുവരെ ഉയര്‍ന്നുകേട്ട ഒരു ചര്‍ച്ചയായിരുന്നു സച്ചിന്റെ റെക്കോര്‍ഡുകള്‍ കോഹ്ലി ഭേദിക്കുമോയെന്നത്. അന്ന് 70 സെഞ്ച്വറിയുമായി നിന്ന കോഹ്ലി സച്ചിന്റെ 100 സെഞ്ച്വറി തകര്‍ക്കും എന്നുതന്നെ ഏവരും കരുതി. എന്നാല്‍ അതില്‍നിന്നും ഒരടിപോലും മുന്നോട്ടു കോഹ്ലിക്ക് പോകാനായില്ല. ടെസ്റ്റിലെയും ഏകദിനത്തിലെയും സച്ചിന്റെ റെക്കോര്‍ഡുകളും ഇനി തകര്‍ക്കപ്പെടുമെന്നും തോന്നുന്നില്ല. ഇതാ ഇപ്പോള്‍ മറ്റൊരു താരതമ്യവും നമുക്ക് മുന്നിലുണ്ട്. കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ബാബര്‍ തകര്‍ക്കുമൊയെന്നുള്ളത്…
ഇന്നത്തെ കാലത്ത് ഒരു ബാറ്ററുടെ നിലവാരത്തിന്റെ അളവുകോലായി നമുക്ക് ഉപയോഗിക്കാനാവുന്നത് ഒരുപരിധി വരെ കണക്കുകളിലെ താരതമ്യങ്ങളാണ്. കോഹ്ലിയുടെയും ബാബറുടെയും താരതമ്യത്തില്‍ ഇന്ന് 33 വയസിനോടടുക്കുന്ന കോഹ്ലിക്കു മുന്‍പില്‍ 27 കാരനായ ബാബറിന് കോഹ്ലിയുടെ 23150 നിന്നും തന്റെ 8679 കിഴിച്ചു ബാക്കിയുള്ള 14471 എന്ന റണ്‍മലയാണ്കീഴടക്കാനുള്ളത് . ഒപ്പം 50 സെഞ്ച്വറികളും. അപ്പോഴും കോഹ്ലി തന്റെ കരിയര്‍ തുടരുന്നു എന്ന മറ്റൊരു കാര്യമുണ്ട്..
മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ കുറഞ്ഞത് ഒരഞ്ചു വര്‍ഷമെങ്കിലും കോഹ്ലി കളി തുടരും. അപ്പോള്‍ ആ റണ്‍മലക്ക് ഇതിനേക്കാളേറെ ഉയരമുണ്ടാവുകയും ചെയ്യും. അത്ര എളുപ്പമല്ലാത്ത കഠിനമായ ഒരു വഴിയാണ് ഇപ്പോളത്തെ കോഹ്ലിയുടെ റെക്കോര്‍ഡിനരുകിലെത്താനെങ്കിലും ബാബര്‍ക്ക് മുന്നിലുള്ളതെന്നാണ് ചുരുക്കം.
ഇതുവരെ ശരാശരി ഓരോ ഏഴു മത്സരങ്ങള്‍ക്കിടയിലെങ്കിലും (ടെസ്റ്റ്, ഏകദിനം,ടി20യില്‍ കോഹ്ലി സെഞ്ച്വറി നേടിയിട്ടില്ല.)കോഹ്ലി ഓരോ സെഞ്ച്വറി നേടുമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളം ആ സെഞ്ച്വറിയുടെ തുടര്‍ച്ച കുറഞ്ഞിരുന്നു. അല്ലെങ്കില്‍ ചുരുങ്ങിയത് ഒരു പത്തെണ്ണമെങ്കിലും ആ കരിയറിലേക്ക് ചേര്‍ക്കപ്പെട്ടേനെ.
കളിക്കുന്ന ഓരോ ഒന്‍പതു മത്സരങ്ങള്‍ക്കിടയിലുംശരാശരി ഓരോ സെഞ്ച്വറിവീതം ബാബറും നേടുന്നു. 27 കാരനായ ബാബറിന് 33 കാരനായ കോഹ്ലിക്ക് ഒപ്പമെത്താന്‍ തന്നെ ആറുവര്‍ഷവും 14471റണ്‍സും അന്‍പത് സെഞ്ച്വറികളുമൊക്കെ വേണം. ശരാശരി ഓരോ വര്‍ഷവും എട്ടോ ഒന്‍പതോ സെഞ്ച്വറിയും ഒരു കലണ്ടര്‍ വര്‍ഷം ശരാശരി 2000 ത്തോളം റണ്‍സും ആ ബാറ്റില്‍ നിന്ന് പിറന്നാലേ കോഹ്ലി ഇന്ന് നില്‍ക്കുന്ന സ്ഥാനത്തെങ്കിലും ബാബറിന് എത്താനാവൂ.
അതത്ര എളുപ്പവുമല്ല. ആവശ്യത്തിനു മത്സരങ്ങളും ശരിയായ ഫോമും സര്‍വ്വോപരി പരിക്ക് ആക്രമിക്കാതിരിക്കുകയും അദ്ദേഹത്തിനു വേണമെന്ന് അര്‍ത്ഥം. ഇതിനു ഏറ്റവും വിലങ്ങുതടി പാകിസ്ഥാനു ഹോം മത്സരങ്ങള്‍ കുറവാണെന്നതുതന്നെയായിരിക്കും.
ഇപ്പോഴേ കോഹ്ലിക്കൊപ്പം ബാബറിനെ പ്രതിഷ്ടിക്കുന്നവരോട് ഒരു വാക്ക്. സച്ചിന്റെ റെക്കോര്‍ഡുകള്‍ ബ്രേക്ക് ചെയ്യുമെന്ന് പറഞ്ഞിരുന്നവരില്‍ പലര്‍ക്കും എങ്ങുമെത്താനായിട്ടില്ല. കോഹ്ലി പോലും അതിനടുത്തെത്താതെ കിതക്കുന്നു. അത് പോലെ ബാബറെ തല്‍ക്കാലം കോഹ്ലിയോട് ഉപമിക്കുന്നത് ശരിയായ നിരീക്ഷണമാവില്ല. മികച്ചൊരു ബാറ്റര്‍ തന്നെയാണ് ബാബര്‍ ആസം. അടുത്ത തലമുറയുടെ സെന്‍സേഷന്‍. അയാള്‍ കോഹ്ലിയുടെ നേട്ടങ്ങള്‍ക്കാരുകിലെത്തട്ടെ. എന്നിട്ടാവാം ചേര്‍ത്തു വായിക്കലും സമാസമമോ അതിനും മേലെയോ എന്ന വിലയിരുത്തലും. നമുക്ക് അതിനായി കാത്തിരിക്കാം. അതിന് കാലം നമുക്ക് മുന്നില്‍ത്തന്നെയുണ്ടല്ലോ…!
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍