കോഹ്ലി ബാറ്റണ്‍ കൈമാറിയത് സഞ്ജുവിന്, ഇനി വരുന്നത് അവന്റെ നാളുകള്‍

Image 3
Uncategorized

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടമുയര്‍ത്തിയതിന് ശേഷം വിരാട് കോഹ്ലിയുടെ ആ പ്രഖ്യാപനമെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20 ഫോര്‍മാറ്റില്‍ നിന്ന് താന്‍ വിരമിക്കുകയാണ് എന്നതായിരുന്നു അത്. നീണ്ട 15 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അന്ത്യമായത്. കോഹ്ലി കളമൊഴിയുന്നതോടെ വരും വര്‍ഷങ്ങളില്‍ കോഹ്ലിയുടെ പകരക്കാരന്‍ ആരെന്ന് ചോദ്യം ഇപ്പോള്‍ തന്നെ സജീവമായി കഴിഞ്ഞു.

കോഹ്ലിയെ കൂടാതെ ടോപ് ഓര്‍ഡറില്‍ നിന്ന് രോഹിത് ശര്‍മ കൂടി വിരമിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇതോടെ രണ്ട് സ്ഥാനങ്ങളാണ് ഇനി ഒഴിവുളളത്. ഓപ്പണിംഗ് സ്ഥാനത്ത് യശസ്വി ജയ്സ്വാള്‍ – ശുഭ്മാന്‍ ഗില്‍ സഖ്യം സ്ഥാനമുറപ്പിച്ചേക്കും.

കെ എല്‍ രാഹുല്‍, അഭിഷേക് ശര്‍മ എന്നിവരും ഓപ്പണിംഗ് സ്ഥാനത്ത് മത്സരരംഗത്തുണ്ട്. ലോകകപ്പിന് മുമ്പ് കോലി കളിച്ചിരുന്നത് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ലോകകപ്പില്‍ റിഷഭ് പന്തിന് മൂന്നാം സ്ഥാനം നല്‍കി. സമ്മിശ്ര പ്രകടനമായിരുന്നു പന്ത് മൂന്നാം സ്ഥാനത്ത് കാഴ്ച്ചവെച്ചത്. അതുകൊണ്ടുതന്നെ മറ്റൊരു താരത്തെ സ്ഥിരപ്പെടുത്തേണ്ടി വരും ടീം മാനേജ്മെന്റിന്.

അതിനാല്‍ തന്നെ നിലവില്‍ മൂന്നാം സ്ഥാനത്തിന് യോഗ്യന്‍ ഒരേയൊരാള്‍ മാത്രമാണെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. അത് മറ്റാരുമല്ല മലയാളി താരം സഞ്ജു സാംസണ്‍ ആണ് മൂന്നാം സ്ഥാനത്തിന് യോഗ്യനെന്നാണ് ക്രിക്കറ്റ് ലോകം ഒരൊറ്റ സ്വരത്തില്‍ പറയുന്നത്.

ലോകകപ്പിന് ശേഷം വിരമിച്ചതോടെ കോഹ്ലി ബാറ്റണ്‍ കൈമാറിയത് സഞ്ജുവിനാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. വരുന്ന സിംബാബ്വെ പര്യടനം മുതല്‍ സഞ്ജുവിനെ സംബന്ധിച്ച് ടീമില്‍ സ്ഥിര സാന്നിദ്ധ്യം ഉറപ്പിക്കാന്‍ നിര്‍ണ്ണായകമാകും. സിംബാബ് വെ പര്യടനത്തില്‍ സഞ്ജുവിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കുമെന്നാണ് സൂചന. പരമ്പരയില്‍ മിന്നിച്ചാല്‍ സഞ്ജുവിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല.