കോഹ്ലി തന്ന വിലമതിക്കാനാകാത്ത സമ്മാനം വെളിപ്പെടുത്തി സച്ചിന്‍

Image 3
CricketTeam India

അന്താരാഷ്ട്ര ക്രിക്കറ്റിലെ അവാസാന മത്സരവും കളിച്ച് കഴിഞ്ഞതിന് പിന്നാലെ ഇന്ത്യന്‍ താരം വിരാട് കോഹ്ലി തനിയ്ക്ക് തന്ന വിലമതിയ്ക്കാനാകാത്ത ഒരു സമ്മാനത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അവസാന മത്സരത്തിന് ശേഷം താന്‍ വിഷമിച്ചിരിക്കെ വിരാട് കോഹ്ലി തന്റെ അരികില്‍ വരുകയും അവന്റെ അച്ഛന്‍ നല്‍കിയിരുന്ന ചരട് തനിക്ക് സമ്മാനിച്ചുവെന്നും സച്ചിന്‍ പറയുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അതെന്നാണ് സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നത്.

‘അവസാന മത്സരത്തിന് ശേഷം തലയില്‍ ഒരു തൂവാല ഇട്ടുകൊണ്ട് വളരെ വികാരഭരിതനായി കണ്ണുനീര്‍ തുടച്ചുകൊണ്ട് ഒരു മൂലയില്‍ ഞാന്‍ ഇരിക്കുകയായിരുന്നു. ആ സമയത്ത് വിരാട് എന്റെ അടുത്ത് വന്ന് അവന്റെ അച്ഛന്‍ അവന് നല്‍കിയ പവിത്രമായ ചരട് എനിക്ക് തന്നു’ സച്ചിന്‍ പറഞ്ഞു.

‘ ഞാനത് കുറച്ച് നേരം സൂക്ഷിച്ചു, എന്നിട്ട് അത് അവനുതന്നെ തിരികെ നല്‍കികൊണ്ട് ഞാന്‍ പറഞ്ഞു, ഇത് അമൂല്യമാണ്. ഇത് നിന്നോടൊപ്പമാണ് ഉണ്ടാവേണ്ടത്, ഇത് നിന്റെ സ്വത്താണ്. നിന്റെ അവസാന ശ്വാസം വരെ ഇത് കയ്യില്‍ ഉണ്ടാകണം. ഞാന്‍ ആ ചരട് അവന് തിരിച്ചുനല്‍കി. അത് വികാരനിഭരമായ നിമിഷമായിരുന്നു. അത് എന്റെ ഓര്‍മ്മയില്‍ എന്നുമുണ്ടാകും. ‘ സച്ചിന്‍ പറഞ്ഞു.

‘ഞങ്ങള്‍ സാധാരണ കൈതണ്ടയില്‍ ചരടുകള്‍ ധരിക്കാറുണ്ട്. ഇന്ത്യയില്‍ ധരാളം ആളുകള്‍ അത് ചെയ്യുന്നു. ഒരു ദിവസം അച്ഛന്‍ കൈവശം വച്ചിരുന്ന ചരട് എനിക്ക് തന്നു. അത് എല്ലായ്‌പ്പോഴും ഞാനെന്റെ ബാഗില്‍ സൂക്ഷിച്ചിരുന്നു. എന്റെ ജീവിതത്തിലെ എറ്റവും വിലപെട്ട വസ്തു ഇതാണ്, അതുകൊണ്ട് തന്നെ എന്നെയും മറ്റുള്ളവരെയും ഇത്രയധികം പ്രചോദിപ്പിച്ച സച്ചിനും ഇതിലും വിലയേറിയ മറ്റൊന്നും നല്‍കാനാകില്ലയെന്ന് എനിക്ക് തോന്നി. അത് അദ്ദേഹത്തിനുള്ള എന്റെ ചെറിയൊരു സമ്മാനമായിരുന്നു. ‘ മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച വീഡിയോയില്‍ വിരാട് കോഹ്ലി ഇതിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്.