ഏകദിനത്തിലും കോഹ്ലി ക്യാപ്റ്റന്‍സി ഒഴിയുന്നു, ഇനി അവന്റെ കാലം

Image 3
CricketTeam India

ടി20യ്ക്ക് പിന്നാലെ ഇന്ത്യയുടെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്ലി പടിയിറങ്ങുന്നതായി റിപ്പോര്‍ട്ട്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ഏകദിന-ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമ്പോള്‍ രോഹിത് പകരം ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടി20ക്കൊപ്പം ഏകദിന മത്സരങ്ങളിലും രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം.

അതേസമയം, ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനാകാന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡ് സമ്മതമറിയിച്ചു എന്ന് സൂചനകളുണ്ട്. ടി-20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് -ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്.

ഇന്ത്യന്‍ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ നല്‍കുന്ന ശമ്പളം 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.