എനിക്കവനില്‍ അവിശ്വാസമുണ്ടായിരുന്നില്ല, കോഹ്ലിയുടെ തോളില്‍ വീണ് പൊട്ടിക്കരഞ്ഞ് രോഹിത്ത്

Image 3
CricketWorldcup

വിരാട് കോഹ്ലിയുടെ ഫോമില്‍ തനിക്കോ ടീമിനോ ആശങ്ക ഉണ്ടായിരുന്നില്ല എന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ടി20 ലോകകപ്പ് കിരീട വിജയം സ്വന്തമാക്കിയതിന് ശേഷം സംസാരിക്കുമ്പോഴാണ് രോഹിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ കളിക്കാര്‍ നിര്‍ണായഘട്ടത്തില്‍ ടീമിന്റെ രക്ഷരായിമാറുമെന്ന് തനിക്കറിയാമെന്നും അതാണ് കോഹ്ലി കാണിച്ചു തന്നതെന്നും രോഹിത്ത് ശര്‍മ്മ വ്യക്തമാക്കി. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗില്‍ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ കോഹ്ലി ഇന്ത്യയുടെ രക്ഷകനായിരുന്നു. കോഹ്ലി നേടിയ 76 റണ്‍സ് ആണ് ഇന്ത്യയ്ക്ക് തുണയായത്. ഇതോടെ കളിയിലെ താരമായും കോഹ്ലി മാറിയിരുന്നു. മത്സര ശേഷം വിരാട് കോഹ്ലിയുടെ തോളില്‍ രോഹിത്ത് തലവെച്ച് കരഞ്ഞത് ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്ത അനുഭവമായി മാറുകയും ചെയ്തു. മത്സരശേഷം ഇരുവരും അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ വിരമിക്കുകയും ചെയ്തിരുന്നു.

‘വിരാടിന്റെ ഫോമില്‍ ഞാന്‍ എന്നല്ല, ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നിലവാരം ഞങ്ങള്‍ക്കറിയാം, 15 വര്‍ഷമായി അവന്‍ തന്റെ കളിയില്‍ മികച്ചു നില്‍ക്കുന്നു, വലിയ കളിക്കാര്‍ തിരിച്ചുവരും. ഞങ്ങള്‍ക്കായി വളരെ നിര്‍ണായകമായ ഇന്നിംഗ്‌സ് ആണ് വിരാട് ഒരു വശത്ത് നിന്ന് കളിച്ചത്’ രോഹിത് പറഞ്ഞു.

‘മറ്റുള്ളവര്‍ക്ക് അവനു ചുറ്റും നിന്ന് കളിക്കേണ്ടി വന്നുളളു. ഞങ്ങള്‍ക്ക് ആ ടോട്ടലില്‍ എത്താന്‍ ആയത് കോഹ്ലിയുടെയും ടീമിന്റെയും പ്രയത്‌നം കൊണ്ടായിരുന്നു. നിങ്ങള്‍ക്ക് വന്ന് സ്വതന്ത്രമായി ബാറ്റ് ചെയ്യാനും സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താനും കഴിയുന്ന വിക്കറ്റുകളല്ല ഇവ. അതിനാല്‍ കഴിയുന്നിടത്തോളം സമയം ആരെങ്കിലും ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, വിരാട് അത് നന്നായി ചെയ്തു’ രോഹിത്ത് പറഞ്ഞു.

വിരാടിന് ചുറ്റുമുള്ള മറ്റ് ആളുകളും നന്നായി കളിച്ചെന്ന് പറഞ്ഞ് രോഹിത്ത് അക്‌സറിന്റെ 47 റണ്‍സും വളരെ നിര്‍ണായകമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ ആയുളളു.