ബയോ ബബിളിന് പുറത്ത് ചാടി പന്തും കോഹ്ലിയും, നിര്‍ണ്ണായക നീക്കങ്ങള്‍

Image 3
CricketTeam India

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും റിഷഭ് പന്തും വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്കായി കളിക്കില്ല. ഇരുവരും ഇതിനോടകം തന്നെ ബയോബബിള്‍ വിട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ഇരുവരും വിട്ടുനില്‍ക്കും.

ഇതോടെ കോഹ്ലി ഇനി കളിയ്ക്കുക ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാകും. കോഹ്ലിയെ സംബന്ധിച്ച് തന്റെ 100ാം ടെസ്റ്റ് മത്സരം കൂടിയാണ് പരമ്പരയിലെ ആദ്യ മത്സരം. വിന്‍ഡീസിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയതോടെയാണ് ഇരുവര്‍ക്കും വിശ്രമം അനുവദിക്കാന്‍ ബിസിസിഐ സമ്മതം മൂളിയത്.

കഴിഞ്ഞ നവംബറില്‍ കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് കോഹ്ലി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഓഗസ്റ്റ്-സെപ്റ്റംബറില്‍ ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പര മുതല്‍ കോഹ്ലി ബയോ-സെക്യൂര്‍ ബബിള്‍സില്‍ തന്നെയാണ് ഉളളത്. ഈ ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ കോഹ്ലി ഇടവേള ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിസിസിഐ സമ്മതിക്കാത്തതിനാല്‍ ടീമില്‍ തുടരുകയായിരുന്നു.

മറുവശത്ത്, കിവീസിനെതിരായ മൂന്ന് ടി20കളിലും രണ്ട് ടെസ്റ്റുകളിലും പന്തിന് വിശ്രമം നല്‍കിയിരുന്നു. എന്നിരുന്നാലും, മാര്‍ച്ച് 4 ന് മൊഹാലിയില്‍ ആരംഭിക്കാനിരിക്കുന്ന ലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി പന്ത് തിരിച്ചെത്തും.