‘അദ്ദേഹത്തെ കണ്ടാൽ കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടും’; ഫാൻ-ബോയ് മോമെന്റ്റ് വെളിപ്പെടുത്തി കോഹ്ലി

Image 3
CricketTeam India

അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കൽ ജോർദാനായിരുന്നു കുട്ടിക്കാലത്ത് കായികലോകത്തെ തന്റെ ഹീറോ എന്ന് വെളിപ്പെടുത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി. തന്റെ ചെറുപ്പകാലത്ത് ജോർദാന്റെ മത്സരങ്ങൾ മുടങ്ങാതെ കണ്ടിരുന്നതായും, അദ്ദേഹത്തിന്റെ കായികമികവും, വിജയത്തോടുള്ള അടങ്ങാത്ത അഭിനിവേശവും തന്നെ വളരെയധികം പ്രചോദിപ്പിച്ചതായും കോഹ്ലി വെളിപ്പെടുത്തി.

യുഎസ് കോൺസുലേറ്റ് ജനറൽ മുംബൈ പങ്കിട്ട വീഡിയോയിൽ, ക്രിക്കറ്റ് പരിശീലനത്തിന് പോകുന്നതിന് മുമ്പ് എൻബിഎ ബാസ്കറ്റ്ബോൾ മത്സരങ്ങൾ കാണുന്നത് പതിവായിരുന്നുവെന്നും ജോർദന്റെ ശൈലിയും വ്യക്തിത്വവും തന്നെ ഏറെ ആകർഷിച്ചുവെന്നും കോഹ്ലി പറഞ്ഞു. ജോർദാനൊപ്പം, അന്തരിച്ച ബാസ്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റിനോടും തനിക്ക് ആരാധനയാണെന്ന് അദ്ദേഹം പറയുന്നു.

പത്രത്തിൽ മത്സരങ്ങൾ അടയാളപ്പെടുത്തുമായിരുന്നു

“ഷിക്കാഗോ ബുൾസിന്റെ കളികൾ ഏതൊക്കെ ദിവസങ്ങളിൽ സംപ്രേഷണം ചെയ്യുമെന്ന പട്ടിക പത്രത്തിൽ അടയാളപ്പെടുത്തുമായിരുന്നു ഞാൻ. അദ്ദേഹം കളിക്കുന്നത് കാണാൻ ഞാൻ ഉറക്കമൊഴിച്ചിരുന്നു. അദ്ദേഹം കളിച്ച ഓരോ കളിയിലും മാജിക് നടന്നിരുന്നു. ഓരോ കളിയിലും വിലമതിക്കാനാവാത്ത എന്തെങ്കിലും സംഭവിക്കുമായിരുന്നു,” കോഹ്ലി ഓർത്തെടുത്തു.

“അദ്ദേഹത്തെ കണ്ടാൽ ഞാൻ തീർച്ചയായും ഭ്രാന്തനാകും. ഏത് സമയത്തും ഞാൻ ഒരു ഫാൻബോയ് ആയിരിക്കും, ഓട്ടോഗ്രാഫ് ചോദിക്കാൻ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തും. ചോദിക്കാതെ ഫോട്ടോ എടുക്കില്ല, പക്ഷേ, അദ്ദേഹത്തെ കാണുമ്പോൾ ഞാൻ ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറും.”

കോഹ്ലി പറയുന്നു

ഇതിഹാസ താരം മൈക്കൽ ജോർദാൻ

1984 മുതൽ 2003 വരെ ബാസ്ക്കറ്റ്ബോളിൽ തിളങ്ങിയ ജോർദാൻ എക്കാലത്തെയും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹം എൻബിഎ ടീമായ ഷിക്കാഗോ ബുൾസിനൊപ്പം ആറ് NBA ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്. ഈ ഫൈനലുകളിലെല്ലാം ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ'(എംവിപി) ആയി തിരഞ്ഞെടുക്കപ്പെട്ടതും ജോർദാൻ തന്നെ. 1988, 1991, 1992, 1996, 1998 വർഷങ്ങളിൽ സീസണിലെ മികച്ച പ്രകടനങ്ങൾക്കായി അദ്ദേഹത്തിന് അഞ്ച് തവണ ‘എൻബിഎ എംവിപി’ കിരീടവും ലഭിച്ചു. 2022-23 സീസണിൽ ഈ ട്രോഫിക്ക് അദ്ദേഹത്തിന്റെ പേര് നൽകപ്പെട്ടു.

കോഹ്ലിയുടെ പ്രകടനം

അതേസമയം, ടി20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ കോഹ്ലി മികച്ച ഫോമിലല്ല. ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 11.00 ശരാശരിയിൽ 66 റൺസ് മാത്രമാണ് ഇന്ത്യയുടെ സൂപ്പർ താരത്തിന് നേടാനായത്. കോഹ്ലിക്കൊപ്പം, ടീം ഇന്ത്യയും, ആരാധകരും ഗയാനയിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ താരത്തിന്റെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുകയാണ്.