തോല്‍വിയ്ക്ക് പിന്നാലെ വന്‍ ശിക്ഷ, കോഹ്ലി ഇതെങ്ങനെ സഹിക്കും

Image 3
CricketIPL

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയെ തേടി കൂറ്റന്‍ പിഴശിക്ഷ. 12 ലക്ഷം രൂപയാണ് ഐപിഎല്‍ അധികൃതര്‍ കോഹ്ലിയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്.

ചെന്നൈക്കെതിരായ മത്സരത്തിലെ, ബാംഗ്ലൂരിന്റെ കുറഞ്ഞ ഓവര്‍ നിരക്കാണ് കോഹ്ലിക്ക് വിനയായത്. ഈ മത്സരത്തില്‍ അനുവദിച്ചതിലും കൂടുതല്‍ സമയം 20 ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ ബംഗളൂരു ഉപയോഗിച്ചതാണ് നായകന് തിരിച്ചടിയായത്.

സീസണില്‍ ആദ്യമായാണ് ബാംഗ്ലൂര്‍ ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തുന്നത്. അത് കൊണ്ടാണ് കോഹ്ലിയുടെ ശിക്ഷ 12 ലക്ഷം രൂപയില്‍ ഒതുങ്ങിയത്.

ഐപിഎല്‍ നിയമം അനുസരിച്ച് ഒരു ടീം സീസണില്‍ ആദ്യ തവണ ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തുമ്പോള്‍, നായകന് 12 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. ഇതേ ടീം രണ്ടാം തവണയും ഈ കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ക്യാപ്റ്റന്റെ പിഴത്തുക ഇരട്ടിയാകും.(24 ലക്ഷം രൂപ). ഒപ്പം പ്ലേയിംഗ് ഇലവനിലുള്ള എല്ലാവരും മാച്ച് ഫീയുടെ 25 ശതമാനമോ, 6 ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) പിഴയൊടുക്കേണ്ടി വരും.

മൂന്നാം തവണയും ഓവര്‍ നിരക്കില്‍ വീഴ്ച സംഭവിച്ചാല്‍ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും എന്നതിനൊപ്പം ഒരു മത്സരത്തില്‍ നിന്ന് വിലക്കും നേരിടേണ്ടി വരും. അതേ സമയം പ്ലേയിംഗ് ഇലവനിലുള്ള കളികാര്‍ ഈ സാഹചര്യത്തില്‍ 12 ലക്ഷം രൂപയോ, മാച്ച് ഫീയുടെ പകുതിയോ (ഏതാണോ കുറവ് അത്) പിഴയായി നല്‍കണം.

നേരത്തെ ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ക്കും ഓവര്‍ നിരക്കിലെ വീഴ്ചയെത്തുടര്‍ന്ന് 12 ലക്ഷം രൂപ പിഴ ഒടുക്കേണ്ടിവന്നിരുന്നു.