ഞാന്‍ ചെയ്തതിന്റെ ക്രെഡിറ്റ് ചിലര്‍ തട്ടിയെടുത്തു, ഒടുവില്‍ പൊട്ടിത്തെറിച്ച് രഹാന

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റില്‍ മുതിര്‍ന്ന താരം അജിങ്ക്യ രഹാനയുടെ കരിയര്‍ അവസാനിച്ചെന്ന് പേനയുന്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് രഹാന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ക്രിക്കറ്റിനെ മനസ്സിലാക്കിയവര്‍ തന്റെ പങ്ക് എന്തെന്ന് തിരിച്ചറിയുമെന്നും ഞാന്‍ ചെയ്തത് എന്തെന്ന് അവര്‍ക്ക് മനസ്സിലാകുമെന്നും രഹാന പറഞ്ഞു. ബാക്ക്‌സ്റ്റേജ് വിത് ബോറിയ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഹാന.

”എന്റെ കരിയര്‍ അവസാനിച്ചുവെന്ന് ആളുകള്‍ പറയുമ്പോള്‍ ഞാന്‍ പുഞ്ചിരികാറാണ്, സ്പോര്‍ട്സ് അറിയുന്ന ആളുകള്‍ അങ്ങനെ സംസാരിക്കില്ല. ഓസ്ട്രേലിയയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, ടെസ്റ്റ് ക്രിക്കറ്റില്‍ എന്റെ സംഭാവനയും. ക്രിക്കറ്റ് ഇഷ്ടമുള്ളവര്‍ വിവേകത്തോടെ സംസാരിക്കും. ‘ രഹാനെ പറഞ്ഞു.

കൂടാതെ ഓസ്‌ട്രേലിയയില്‍ ചരിത്ര പരമ്പര സ്വന്തമാക്കിയതിന്റെ ക്രെഡിറ്റ് മറ്റ് ചിലര്‍ തട്ടിയെടുത്തെന്ന ഗുരുതര ആരോപണവും രഹാന ഉയര്‍ത്തി. രവിശാസ്ത്രിയെ ലക്ഷ്യം വെച്ചാണ് രഹാനയുടെ പുതിയ ആരോപണം എന്നാണ് സൂചന.

‘ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയാം, അതിനൊക്കെ ക്രെഡിറ്റുകള്‍ എടുക്കുന്നത് എന്റെ സ്വഭാവമല്ല. അതെ, കുറച്ച് തീരുമാനങ്ങള്‍ ഞാന്‍ എടുത്തിരുന്നു, പക്ഷേ മറ്റാരോ അതിന് ക്രെഡിറ്റ് എടുത്തു. എനിക്ക് പ്രധാന ലക്ഷ്യം പരമ്പര ജയിക്കുക എന്നതായിരുന്നു” രഹാനെ പറഞ്ഞു.

രവിശാസ്ത്രിയ്ക്ക് നേരെയാണോ രഹാനെയുടെ ഈ വിമര്‍ശനങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യമുയരുകയാണ്. ടെസ്റ്റ് സീരീസ് ജയിച്ചതിന് പിന്നാലെ ഈ ടീം കോഹ്ലി പടുത്തുയര്‍ത്തിയതാണെന്നും രവി ശാസ്ത്രി അന്ന് പറഞ്ഞിരുന്നു.

‘നിങ്ങള്‍ വിരാട് കോഹ്ലിക്ക് ക്രെഡിറ്റ് നല്‍കണം. അവന്‍ ഇവിടെ ഇല്ലായിരിക്കാം. അവന്‍ നാട്ടിലേക്ക് തിരിച്ചു പോയിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവവും വ്യക്തിത്വവും ഈ ടീമില്‍ എല്ലാവര്‍ക്കും കാണാനുണ്ട്. ‘ വിജയത്തിന് പിന്നാലെയുള്ള വാര്‍ത്ത സമ്മേളനത്തില്‍ രവിശാസ്ത്രി പറഞ്ഞത് ഇപ്രകാരമാണ്. ഇതാണ് രഹാനയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

നിലവില്‍ മോശം ഫോമില്‍ കളിയ്ക്കുന്ന രഹാന മുംബൈയ്ക്കായി രഞ്ജി കളിക്കാനുളള ഒരുക്കത്തിലാണ്. പൃത്ഥി ഷായാണ് മുംബൈ ടീമിന്റെ നായകന്‍.