ചിതലരിക്കാത്തതാണ് അയാളുടെ ക്രിക്കറ്റ് ബ്രെയ്ന്‍, വിസ്മയമാണത്, കോഹ്ലി ഒരിക്കലും അങ്ങനെ ചെയ്യാന്‍പാടില്ലായിരുന്നു
സംഗീത് ശേഖര്‍
രണ്ടു പ്‌ളേ ഓഫ് മത്സരങ്ങള്‍ .. പൃഥ്വി ഷാ ,ഋതുരാജ് ഗേയ്ക്ക് വാദ് , എന്നിങ്ങനെ യുവ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനങ്ങള്‍. ആദ്യ ക്വളിഫയറില്‍ ഡല്‍ഹിയുടെ ഗ്രിപ് അയച്ച റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് , ബാംഗ്ലൂര്‍ ടോപ് ഓര്‍ഡറിലെ 3 ലോകോത്തര ബാറ്റ്സ്മാന്‍മാരെയും വീഴ്ത്തിയ സുനില്‍ നരൈന്റെ ബ്രില്യന്റ് മാച്ച് വിന്നിങ് സ്‌പെല്‍ എന്നിങ്ങനെ സംഭവങ്ങള്‍ ഒരുപാടുണ്ടെങ്കിലും ധോണിയുടെ ക്ലിനിക്കല്‍ ഫിനിഷ് വേറിട്ട് നിന്നു. അതിനു കാരണങ്ങള്‍ പലതുണ്ട് . മത്സരത്തിലെ സാഹചര്യങ്ങളെ കൃത്യമായി അനലൈസ് ചെയ്തു കൊണ്ടുള്ള കാല്‍ക്കുലേറ്റഡ് അസോള്‍ട്ട് ഗണത്തിലേക്കാണ് ഈ ചെറിയ ഇന്നിംഗ്‌സ് ഇടം പിടിക്കുന്നത് .
എം.എസ് ധോണി ..വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത ലെജന്‍ഡ് .കരിയറിന്റെ ഈ അവസാനഘട്ടത്തില്‍ അയാള്‍ക്കൊന്നും തെളിയിക്കാനുമില്ല . പക്ഷെ നിര്‍ണായകമായൊരു പ്‌ളേ ഓഫില്‍ 11 പന്തില്‍ 24 റണ്‍സെന്ന സാഹചര്യത്തില്‍ ജഡേജക്കും ബ്രാവോക്കും മുന്നേ ഇറങ്ങുന്ന ധോണി എടുത്തത് കരിയറിലെ തന്നെ വലിയ റിസ്‌കുകളില്‍ ഒന്നായിരുന്നു . ഒരു ബാറ്റിംഗ് പരാജയം തീര്‍ച്ചയായും വിമര്‍ശിക്കപ്പെടുമ്പോള്‍ ചെന്നൈയുടെ പരാജയം കരിയര്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയാവും മുന്നോട്ടു വക്കപ്പെടുക .റോബിന്‍ ഉത്തപ്പയും ഗേയ്ക്ക്വാദും മനോഹരമായി കളിച്ചു വിജയത്തിന്നരികെ എത്തിച്ച മത്സരം കളഞ്ഞു കുളിച്ചവനെന്ന വിശേഷണം കൂടെ ഏറ്റെടുക്കാന്‍ തയ്യാറായി ക്രീസിലെത്തുന്ന മഹി നേരിടുന്നത് ടൂര്‍ണമെന്റിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായ ആവേഷ് ഖാനെയാണ് .
രണ്ടു സ്ലോവര്‍ പന്തുകളില്‍ ആവേഷ് ഇപ്പോഴത്തെ ധോണിയുടെ പരിമിതികള്‍ തുറന്നു കാട്ടുന്നുണ്ടെങ്കിലും ആ രണ്ടു പന്തുകള്‍ക്കിടക്ക് വന്നൊരു ഷോര്‍ട്ട് പിച്ച് പന്ത് യാത്രയാകുന്നത് ഗാലറിയിലേക്കാണ് . ക്രീസില്‍ ഡീപ്പായി നിന്ന് കൊണ്ട് പന്തിന്റെ ലെങ്ത് കൃത്യമായി മുന്‍കൂട്ടി കണക്കുകൂട്ടി ജഡ്ജ് ചെയ്ത ശേഷമൊരു ബ്രൂട്ടല്‍ പുള്‍ ഗ്രൗണ്ടിലെ ഏറ്റവും വലിയ ബൗണ്ടറി അനായാസം ക്ലിയര്‍ ചെയ്യുന്നു .. ഗ്രൗണ്ടിലെ ഏറ്റവും വലിയ ബൗണ്ടറിയിലേക്ക് കളിപ്പിച്ചു പുറത്താക്കുക എന്ന തന്ത്രത്തിന് യോജിക്കുന്ന ബൗളര്‍ എന്നതും ആവേഷ് ഖാന്റെ രണ്ടു സ്ലോവര്‍ പന്തുകളില്‍ ധോണി ബീറ്റന്‍ ആയ രീതിയും തന്നെയാണ് പേസ് വേരിയേഷന്റെ പിന്‍ബലമുള്ള ടോം കുറനു അവസാന ഓവര്‍ കൊടുക്കാന്‍ പന്തിനെ പ്രേരിപ്പിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നു.
അതിനെ സാധൂകരിക്കുന്ന രീതിയില്‍ മോയിന്‍ അലിയെ വലിയ ബൗണ്ടറിയിലേക്ക് കളിപ്പിച്ചു പുറത്താക്കുകയും ചെയ്തു. ബട്ട് പന്ത് കുറന്റെ കൈകളില്‍ കണ്ടയുടനെ ,ഐ ബിലീവ് Dhoni ‘s eyes lit up .മാച്ച് അവിടെ തീര്‍ന്നിരുന്നു . എം.എസ് ക്രീസില്‍ ഡീപ്പായിട്ടാണ് സ്റ്റാന്‍ഡ് എടുത്തിരിക്കുന്നത് എന്നതിനപ്പുറം എന്താണ് വരാന്‍ പോകുന്നതെന്നത് കൃത്യമായി മനസ്സിലാക്കാന്‍ കഴിവുള്ളൊരു ക്രിക്കറ്റിങ് ബ്രെയിനും അദ്ദേഹത്തിനുണ്ട് .സ്ലോവര്‍ ഷോര്‍ട്ട് പന്ത് ഒരു സ്ഥിരം ആയുധമാകുമ്പോള്‍ അത് തീര്‍ത്തും പ്രെഡിക്റ്റബിള്‍ ആവുകയാണ് . അവസാന ഓവറില്‍ ഏന്‍ഡ് മാറുമ്പോള്‍ ലെഫ്റ്റിയായ മോയിന്‍ അലിക്ക് വലുതായിരുന്ന ലെഗ് സൈഡ് ബൗണ്ടറി മഹിക്ക് ഓഫ് സൈഡിലാണ് . റൈറ്റിക്ക് ലെഗ് സൈഡ് ബൗണ്ടറി ചെറുതാവുന്ന അവസ്ഥയില്‍ ഓഫ് സ്റ്റമ്പിന് ഡ്രാഗ് ചെയ്തുള്ള പുള്ളിനു മാത്രം സാധിക്കുന്ന വിധത്തില്‍ സ്ലോവര്‍ ഷോര്‍ട്ട് പന്ത് ഓഫ് സ്റ്റമ്പിന് പുറത്തായിരിക്കുമെന്ന പ്രതീക്ഷ പോലെ തന്നെ വന്ന പന്തിനെ കവറിലൂടെ ബൗണ്ടറിക്ക് പറഞ്ഞു വിടുകയാണ് . ഇത്തവണ ടൈമിംഗ് കൃത്യമാണ്.
മഹേന്ദ്രസിംഗ് ധോണിയെന്ന ക്രിക്കറ്ററുടെ കണക്കുകൂട്ടലുകള്‍ അസാധ്യമാണ് .ഫോമിലുള്ള ജഡേജക്ക് മുന്നേ ഇത്തരമൊരു ക്രൂഷ്യല്‍ സമയത്ത് ധോണി ക്രീസിലെത്തുമ്പോള്‍ ചില കടുത്ത ചെന്നൈ ആരാധകര്‍ പോലും സ്തബ്ദരാണ് . മറ്റു പലരെയും പോലെ എന്റെയും നെറ്റി ചുളിഞ്ഞതാണ് .കളി തോല്‍പ്പിക്കാനുള്ള വരവെന്ന് കരുതിയവരുണ്ട് . ലെഫ്റ്റി -റൈറ്റി കോമ്പിനേഷന്‍ എന്നതിലുപരി ഗ്രൗണ്ടിന്റെ ഡൈമന്‍ഷന്‍ ക്രീസിലുള്ള രണ്ടു ബാറ്റ്സ്മാന്മാരെയും ഒരേപോലെ ബാധിക്കാതിരിക്കാനുള്ള നീക്കമായിരുന്നു അത് .രണ്ടു ലെഫ്റ്റികള്‍ക്ക് ടോം കരന്റെ അവസാന ഓവര്‍ തീര്‍ച്ചയായും പ്രതിസന്ധിയായേനെ .കാരണം ഏറ്റവും വലിയ ബൗണ്ടറി ലെഗ് സൈഡിലായിരുന്നു . ശാര്‍ദൂല്‍ താക്കൂര്‍ ,റായിഡു ,ഉത്തപ്പ ,ഗേയ്ക്ക് വാദ് ,മൊയീന്‍ അലി എന്നിങ്ങനെ അവസാനം വീണ വിക്കറ്റുകളില്‍ എല്ലാം തന്നെ ഗെയിമിന്റെ ആ ഘട്ടത്തില്‍ ചെന്നൈക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കാത്തതായിരുന്നു . ചഹാറിനു വരെ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷിയുള്ള അത്ര ഡീപ് ആയൊരു ബാറ്റിംഗ് ലൈനപ്പുള്ള ചെന്നൈ മത്സരം എത്രയും നേരത്തെ ഫിനിഷ് ചെയ്യാനുള്ള സാധ്യതകള്‍ക്ക് ശ്രമിക്കുമ്പോള്‍ വീണതാണ് ഈ വിക്കറ്റുകള്‍. താക്കൂറും ചഹാറും തങ്ങളുടെ ക്വോട്ട ഫിനിഷ് ചെയ്യാതിരുന്ന ദിവസം ഇടതു കയ്യന്മാര്‍ക്കെതിരെ മോയിന്‍ 4 ഓവറാണ് എറിഞ്ഞത് . മത്സരത്തിലെ സാഹചര്യങ്ങള്‍ പെട്ടെന്ന് വിലയിരുത്തി തീരുമാനമെടുക്കുന്ന ധോണിയിലെ നായകന്റെ മികവ് ഒരിക്കല്‍ കൂടെ കണ്ടപ്പോള്‍ മറ്റുള്ളവര്‍ കാതങ്ങള്‍ പുറകിലാണ് .
രണ്ടാമത്തെ കളിയില്‍ ഡാനിയല്‍ ക്രിസ്റ്റ്യാന്‍ അവസാന ഓവര്‍ എറിയേണ്ടി വരുന്ന അവസ്ഥ ക്യാപ്റ്റന്റെ ഭാവനാശൂന്യതയാണ് കാട്ടിയത് .ലെഫ്റ്റ് ആം സ്പിന്നര്‍ ഷഹബാസ് അഹ്മദ് ടീമില്‍ ഉള്‍പ്പെടുമ്പോള്‍ തന്നെ അറിയാവുന്ന കാര്യമാണ് കൊല്‍ക്കത്ത ബാറ്റിംഗ് നിര ലെഫ്റ്റികള്‍ക്ക് ആധിപത്യമുള്ളതാണെന്നു .എന്നിട്ടും ഷഹബാസ് ടീമിലിടം പിടിച്ചു ,ഒരോവര്‍ പോലും എറിഞ്ഞതുമില്ല . പന്തിന്റെ കാര്യമെടുത്താല്‍ ടോം കുറന്‍ ഒരു മോശം ഓപ്ഷന്‍ ഒന്നുമായിരുന്നില്ലെങ്കിലും ഏതൊരു സാഹചര്യത്തിലും റബാഡയുടെ ക്വോട്ട കംപ്ലീറ്റ് ചെയ്യാതിരുന്നത് ദല്‍ഹി നായകന്റെ പിഴവാണ് .ആവേഷ് ഖാനാണ് ഈ പര്‍ട്ടിക്കുലര്‍ ദിവസത്തിലെ ഓഫ് കളര്‍ ബൗളര്‍ എന്ന് തിരിച്ചറിഞ്ഞു പത്തൊമ്പതാം ഓവര്‍ റബാഡക്ക് കൊടുക്കാതിരുന്നത് തെറ്റായിരുന്നു എന്ന് തോന്നുന്നു . ടോം കരന് പ്രതിരോധിക്കാന്‍ 4 / 5 റണ്‍സെങ്കിലും കൂടുതല്‍ കിട്ടുന്ന അവസ്ഥ അത്ര മോശമായിരുന്നില്ല .
ടു ബി ഫ്രാങ്ക് ,പഴയ മഹേന്ദ്ര സിംഗ് ധോണിയെന്ന ടോപ് ക്ളാസ് ഫിനിഷര്‍ തിരിച്ചെത്തി എന്ന് വിശ്വസിക്കുന്നില്ല .ഒരു പ്രത്യേക ദിവസം ധോണിയുടെ കാര്യമായ തേയ്മാനം സംഭവിക്കാത്ത അസാധ്യമായ ക്രിക്കറ്റിങ് ബ്രെയിനൊപ്പത്തിനൊപ്പം അയാളുടെ ബാറ്റിംഗും സഞ്ചരിച്ചു എന്നേയുള്ളൂ .കരിയറിലെ അവസാന നാളുകളില്‍ താനെന്തായിരുന്നു എന്നതിനെ ചെറുതായൊന്നു ഓര്‍മിപ്പിച്ച 6 പന്തുകള്‍ . അനവധി പരാജയങ്ങള്‍ക്കിടയിലെ ഒരു വിജയം മാത്രമാണിത് .ഈ പാറ്റേണ്‍ തന്നെ തുടരാനാണ് സാധ്യതയും . ഒരു ലെജന്‍ഡറി ക്രിക്കറ്ററുടെ കരിയര്‍ ആവേശത്തോടെ കണ്ടിരുന്നവര്‍ക്ക് ഒരാശ്വാസമായേക്കാം .ധോണിയെ ഭയപ്പാടോടെ മാത്രം കണ്ടിരുന്ന ഒരു തലമുറ ബൗളര്‍മാരില്‍ നിന്ന് മാറി ധോണിയുടെ സമയം കഴിഞ്ഞെന്ന തിരിച്ചറിവില്‍ ഭയം ലവലേശമില്ലാതെ ധോണിയുടെ ഇപ്പോഴത്തെ പരിമിതികള്‍ കൃത്യമായി മുതലെടുക്കുന്ന ഒരു കൂട്ടം ബൗളര്‍മാരെയാണ് ഇന്ന് അദ്ദേഹത്തിന് നേരിടേണ്ടത് . ഇന്നും പക്ഷെ ധോണിയുടെ കരുത്തിലേക്ക് പന്തെറിഞ്ഞാല്‍ അദ്ദേഹം നിങ്ങളെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും . മാറ്റമില്ലാത്തത് ധോണിയെന്ന ക്രിക്കറ്ററുടെ അസാധ്യമായ ഗെയിം റീഡിങ് എന്ന കഴിവിനാണ് . കളി കഴിഞ്ഞതിനു ശേഷം മണിക്കൂറുകള്‍ കൊണ്ട് നമ്മള്‍ ഗണിച്ചെടുക്കുന്നതൊക്കെ ആ മൈതാനത്ത് കിട്ടുന്ന ചെറിയ സമയത്തില്‍ കണക്കുകൂട്ടിയെടുക്കുന്ന മാസ്റ്റര്‍ ക്രിക്കറ്റര്‍ക്ക് മാത്രം മാറ്റമില്ല ..
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്