ആഘോഷം കഴിഞ്ഞു, കോഹ്ലി അടിയന്തരമായി ഇംഗ്ലണ്ടിലേക്ക് പോയി, കാരണമിതാണ്

Image 3
CricketFeaturedTeam India

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി തന്നെ വിരാട് കോഹ്ലി മുംബൈയില്‍ നിന്ന് വിമാനം കയറി ലണ്ടണിലേക്ക് പോയി. ലോണ്ടനിലുളള കുടുംബത്തോടൊപ്പം ചേരാനാണ് കോഹ്ലി ഉടനെ തന്നെ ലണ്ടനിലേക്ക് പറന്നത്.

കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും മക്കളായ വാമികയും അകാശും നിലവില്‍ യുകെയിലാണ് ഉളളത്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ന്യൂയോര്‍ക്കിലെ നസോ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അനുഷ്‌കയെത്തിയെങ്കിലും പിന്നീട് ലണ്ടനിലേക്ക് തന്നെ തിരിച്ചു പോകുകയായിരുന്നു.

നേരത്തെ ലോകകപ്പിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട കോഹ്ലി ലോകകപ്പ് ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയുടെ വിജയശില്‍പി ആയിരുന്നു. 59 പന്തുകളില്‍ നിന്ന് 76 റണ്‍സാണ് ഫൈനലില്‍ കോഹ്ലി നേടിയത്. ഇതോടെ ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍, അവസാന അഞ്ച് ഓവറില്‍ 30 റണ്‍സ് മാത്രം വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. ഏഴ് റണ്‍സിന്റെ വിജയത്തോടെ ഇന്ത്യ രണ്ടാമത്തെ ടി20 ലോകകപ്പ് കിരീടം ചൂടിയത്.

ലോകകപ്പ് വിജയശേഷം ദീര്‍ഘനേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ ടീം ഒടുവില്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട ടീം ഇന്ത്യ അദ്ദേഹത്തോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചിരുന്നു. അവിടെ നിന്ന് മുംബൈയ്ക്ക് പറന്ന ടീം ഇന്ത്യ പതിനായിരകണക്കിന് കാണികള്‍ക്ക് മുമ്പില്‍ വിക്ടറി പരേഡിനും അണിനിരന്നിരുന്നു.