ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജയെ മറികടന്ന് കോഹ്ലി, അമ്പരന്ന് ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ഇന്ത്യ ടി20 കിരീടം നേടിയതിന് പിന്നാലെ പുറത്തുവന്ന ഐസിസി റാങ്കിംഗില്‍ പ്രതീക്ഷിച്ചത് പോലെ ടീം റാങ്കിങ്ങില്‍ ഇന്ത്യ തലപ്പത്തേക്കെത്തി. ഓള്‍റൗണ്ടമാരില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ ഒന്നാമതെത്തിയത് സവിശേഷ നേട്ടമായി. എന്നാല്‍ ഈ റാങ്കിംഗ് പട്ടികയില്‍ ഒരു രസകരമായ കൗതുകം ഒളിച്ചിരിക്കുന്നുണ്ട്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മുന്നില്‍ വിരാട് കോഹ്ലിയാണ് എന്നതാണ് അത്. പുതിയ റാങ്കിംഗില്‍ കോഹ്ലി 79ാം സ്ഥാനത്താണ്് ഉളളത്. എന്നാല്‍ ഇന്ത്യയുടെ മുന്‍നിര ഓള്‍ റൗണ്ടറായ ജഡേജയുടെ റാങ്കിംഗില്‍ 86 ആണ്.

സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ഇക്കഴിഞ്ഞ ടി20 ലോകകപ്പടക്കം കളിച്ചിട്ടും അദ്ദേഹം ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ കോലിക്ക് താഴെയെത്തിയത് എങ്ങനെയാണെന്നതാണ് എല്ലാവരുടേയും കുഴക്കുന്ന ചോദ്യം. കോഹ്ലി എട്ട് വര്‍ഷത്തിനിടെ എറിഞ്ഞത് ഒരോവര്‍ മാത്രമാണ്. എന്നിട്ടും എന്തുകൊണ്ടാണ് കോഹ്ലി ജഡേജയെ മറികടന്ന് ഓള്‍റൗണ്ടര്‍മാരില്‍ മുന്നിലെത്തിയത്.

ഐസിസിയുടെ നിയമപ്രകാരം ബാറ്റിങ്ങിന്റേയും ബൗളിങ്ങിന്റേയും ആകെയുള്ള കണക്കുകള്‍ വിലയിരുത്തിയാണ് ഓള്‍റൗണ്ടറെ തീരുമാനിക്കുന്നത്.

ബാറ്റിങ്ങിലേയും ബൗളിങ്ങിലേയും പോയിന്റുകള്‍ ഇരട്ടിപ്പിക്കുകയും 1000കൊണ്ട് ഡിവൈഡ് ചെയ്യുകയും ചെയ്യും. ഉദാഹരണമായി 600 ബാറ്റിങ് പോയിന്റും 200 ബൗളിങ് പോയിന്റുമുള്ള ഒരു താരത്തിന്റെ ഓള്‍റൗണ്ടര്‍ റേറ്റിങ് 120 ആയിരിക്കും. വിരാട് കോലിയുടെ ടി20 കരിയറില്‍ 125 മത്സരത്തില്‍ നിന്ന് 4118 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ശരാശരി 48.7 ആണ്. സ്ട്രൈക്ക് റേറ്റ് 137ഉും. നാല് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അതേ സമയം ജഡേജ 74 ടി20യില്‍ നിന്ന് നേടിയത് 515 റണ്‍സും 74 വിക്കറ്റുമാണ്.

ഇതിന്റെ ആകെ റേറ്റിങ് ഐസിസി നിയമപ്രകാരം പരിശോധിക്കുമ്പോള്‍ കോലിക്ക് ജഡേജയെക്കാള്‍ റേറ്റിങ് പോയിന്റുകള്‍ ലഭിക്കും. ഇങ്ങനെയാണ് ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയെക്കാള്‍ മുന്നില്‍ കോഹ്ലിയെത്തിയത്. ഹാര്‍ദിക് പാണ്ഡ്യ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരുടെ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തുന്നത്.