ഹാര്‍ദ്ദിക്ക് പന്തെറിയാതിരുന്നത് എന്ത് കൊണ്ട്, കോഹ്ലി പറയുന്ന ന്യായീകരണം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ദയനീയമായി തോല്‍ക്കുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത് തകര്‍പ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയിട്ടും ഇന്ത്യയ്ക്ക് മത്സരത്തില്‍ നിലംതൊടാനായില്ല. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ പുലര്‍ത്തിയ മികച്ച ഫോമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
അതിനിടെ സ്പിന്നര്‍മാകായ കുല്‍ദീപ് യാദവിനെയും ക്രുനാല്‍ പാണ്ഡ്യയെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് അടിച്ചു പറത്തിയിട്ടും കേഹ്ലി ഇന്ത്യന്‍ ബൗളിംഗില്‍ മറ്റൊരു ഓപ്ഷനെ കുറിച്ച് ആലോചിച്ചില്ല. ഇന്ത്യന്‍ നിരയില്‍ പന്തെറിയാന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ ഉണ്ടായിട്ടും ഒരോവര്‍ പോലും താരത്തെ ഏല്‍പിക്കാന്‍ കോഹ്ലി തയ്യാറായില്ല.
മത്സര ശേഷം ഹര്‍ദ്ദിക് പാണ്ഡ്യയയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി.
ഹര്‍ദ്ദിക്കിന്റെ ജോലിഭാരം കുറക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തെക്കൊണ്ട് പന്തെറിയിക്കാതിരുന്നതെന്ന് മത്സരശേഷം കോഹ്ലി പറഞ്ഞത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ പാണ്ഡ്യയുടെ ജോലിഭാരം കുറക്കേണ്ടതുണ്ട്. ടി20 പരമ്പരയില്‍ ഹര്‍ദ്ദിക് ബൗള്‍ ചെയ്തിരുന്നു. എന്നാല്‍ ഏകദിനങ്ങളില്‍ അദ്ദേഹത്തെ ബൗള്‍ ചെയ്യിക്കുന്നില്ല. ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയും കണക്കിലെടുത്താണിത്.
ബൗളറെന്ന നിലയിലും ഹര്‍ദ്ദിക്കിന്റെ സേവനം എവിടെയാണ് പ്രധാനമെന്നതാണ് കണക്കിലെടുത്തത്. നിര്‍ണായക പരമ്പരകള്‍ക്ക് മുമ്പ് ഹര്‍ദ്ദിക്ക് പൂര്‍ണ കായികക്ഷമതയോടെയിരിക്കേണ്ടത് ആവശ്യമാണെന്നും കോഹ്ലി പറഞ്ഞു. ടി20 പരമ്പരയില്‍ 17 ഓവറോളം ബൗള്‍ ചെയ്ത ഹര്‍ദ്ദിക് 6.50 ശരാശരിയില്‍ മാത്രമാണ് റണ്‍സ് വഴങ്ങിയത്. ഹര്‍ദ്ദിക്കിന്റെ ബൗളിംഗ് ടി20 പരമ്പര സ്വന്തമാക്കുന്നതില്‍ നിര്‍ണായകവുമായിരുന്നു.
മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്‌സും പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗ് സമീപകാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്നും മത്സരശേഷം കോഹ്ലി പറഞ്ഞു.