ദ്രാവിഡിന്റെ കാര്യം തന്നോടാരും സംസാരിച്ചിട്ടില്ല, തുറന്നടിച്ച് കോഹ്ലി

ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് വരുന്നതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കോഹ്ലി പറയുന്നു.

ടി20 ലോകകപ്പിന് മുന്നോടിയായി ക്യാപ്റ്റന്‍മാരുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ദ്രാവിഡ് പരിശീലകനാവുന്നതിനെക്കുറിച്ച് തനിയ്ക്ക് അറിയില്ലെന്ന കോഹ്ലി പറഞ്ഞത്.

‘ഒരു ഐഡിയയും ഇല്ല, അവിടെ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച്. ദ്രാവിഡ് പരിശീലകനായി വരുന്നതിനെക്കുറിച്ച് ആരുമായും ഇതുവരെ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല’ കോഹ്ലി പറഞ്ഞു.

ടി20 ലോകപ്പിനുശേഷം രവി ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കോഹ്ലി തള്ളിയത്.

അതേസമയം,ടി20 ലോകകപ്പില്‍ മുന്‍ നായകന്‍ എം എസ് ധോണി മെന്ററായി എത്തുന്നതില്‍ സന്തോഷമുണ്ടെന്നും കോഹ്ലി പറഞ്ഞു.

ധോണിയുടെ സാന്നിധ്യം ഏത് ടീമിലും വലിയ മാറ്റങ്ങളുണ്ടാക്കും. അദ്ദേഹം ഞങ്ങളുടെ ടീമിനൊപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്. ടീമിന്റെ മനോവീര്യം ഉയര്‍ത്താന്‍ ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യും. ധോണിയുടെ പ്രായോഗിക നിര്‍ദേശങ്ങളും കളിയെക്കുറിച്ചുള്ള വിലയിരുത്തലുകളും ടീമിന് ഗുണകരമാകും. ടീമില്‍ നായകനായിരുന്ന കാലത്തും അദ്ദേഹം ഞങ്ങള്‍ക്കെല്ലാം മെന്ററായിരുന്നു. ഞങ്ങളെല്ലാം ഞങ്ങളുടെ കരിയറിന്റെ തുടക്കത്തിലായിരുന്നു അപ്പോള്‍. ഇപ്പോഴിതാ അതേ റോളിലേക്ക് അദ്ദേഹം തിരിച്ചെത്തുകയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം യുവതാരങ്ങള്‍ക്ക് ഏറെ ഗുണകരമാകും. ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തുന്നതില്‍ ധോണിയും ആവേശത്തിലാണെന്നും കോഹ്ലി വ്യക്തമാക്കി.

ദ്രാവിഡും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഇന്നലെ ഐപിഎല്‍ ഫൈനലിന് മുന്നോടിയായി ദുബായില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് രണ്ടുവര്‍ഷ കരാറില്‍ പരിശീലക ചുമതല ഏറ്റെടുക്കാന്‍ ദ്രാവിഡ് തയാറതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തു കോടി രൂപയായിരിക്കും ദ്രാവിഡിന്റെ വാര്‍ഷിക പ്രതിഫലമെമെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ദ്രാവിഡിന്റെ വലംകൈയായ പരസ് മാംബ്രെ പുതിയ ബൗളിംഗ് പരിശീലകനാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

You Might Also Like