ആ ഏകലവ്യന്‍ കോഹ്ലിയെന്ന അര്‍ജുനനോളം വളര്‍ന്നിരിക്കുന്നു, ഇനി അവഗണിക്കാനാകില്ല

കെ നന്ദകുമാര്‍ പിള്ള

വിരാട് കോഹ്ലി എന്ന അര്‍ജുനനെ നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ ശത്രു രാജ്യത്തെ ബാബര്‍ അസം എന്ന ഏകലവ്യനെ നമ്മള്‍ ശ്രദ്ധിച്ചില്ല, അല്ലെങ്കില്‍ മനപ്പൂര്‍വം അവഗണിച്ചു. അതിനു ഒരു കാരണം പാകിസ്ഥാന്റെ കളികള്‍ പലതും നമുക്ക് നേരിട്ട് കാണാനുള്ള സൗകര്യങ്ങള്‍ ഇല്ല എന്നതും ആകാം. പക്ഷെ ആ ഏകലവ്യന്‍ വളര്‍ന്ന് വളര്‍ന്ന് നമ്മുടെ അര്‍ജുനനോളം, കുറഞ്ഞത് ഐസിസി റാങ്കിങ്ങില്‍ എങ്കിലും, എത്തിയിരിക്കുന്നു. ഇനി നമുക്ക് അയാളെ കണ്ടില്ല എന്ന് നടിക്കാന്‍ ആവില്ല.

വിരാട് കൊഹ്ലിയുമായി ബാബര്‍ അസാമിനെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. 245 ഏകദിനങ്ങള്‍ കളിക്കാരനെയും 80 ഏകദിനങ്ങള്‍ മാത്രം കളിച്ച ഒരു കളിക്കാരനെയും എങ്ങനെയാണു നമുക്ക് താരതമ്യം ചെയ്യാനാകുക. അങ്ങനെ ചെയ്യാന്‍ ഇനിയും ഒരുപാട് കാലം കഴിയണം.

സ്ഥിരതയാര്‍ന്ന പ്രകടനമാണ് ബാബര്‍ കാഴ്ചവെക്കുന്നത്. 80 മത്സരങ്ങള്‍ മാത്രം കളിച്ച ഒരു കളിക്കാരന്‍, 57 ആവറേജില്‍, 13 സെഞ്ചുറികള്‍ അടക്കം 3800 റണ്‍സ് നേടിയിട്ടുണ്ടെങ്കില്‍ ആ കളിക്കാരനെ രാഷ്ട്രീയത്തിനപ്പുറം മനസ് തുറന്ന് അഭിനന്ദിക്കാന്‍ നാം തയ്യാറാകണം. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ അടുത്ത ദിവസം, അതായത് ഇന്നലെ, സൗത്ത് ആഫ്രിക്കക്കെതിരെ 59 പന്തില്‍ അടിച്ചു കൂട്ടിയ 122 റണ്‍സ് തീര്‍ച്ചയായും അയാളുടെ പ്രതിഭ വിളിച്ചോതുന്നു. സൗത്ത് ആഫ്രിക്കന്‍ ടീമിലെ പ്രധാന കളിക്കാര്‍ ഐപില്‍ കളിയ്ക്കാന്‍ വന്നു എന്നത് ഒരിക്കലും ബാബറിന്റെ തെറ്റാകുന്നില്ലല്ലോ.

സിംബാബ്വെക്കെതിരെ 9 മത്സരങ്ങളില്‍ നിന്ന് രണ്ടു വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും 114 എന്ന മികച്ച ആവറേജും അസമിനുണ്ട്. അതുപോലെ വെസ്റ്റിന്‍ഡീസിനെതിരെ 7 കളികളില്‍ നിന്ന് 4 സെഞ്ചുറിയും അസം നേടി. സിംബാബ്വെയും വെസ്റ്റ് ഇന്‍ഡീസും മികച്ച ടീമുകള്‍ അല്ല എന്നത് അയാളുടെ തെറ്റാവുന്നില്ല. ഇന്ത്യ, ബംഗ്ലാദേശ് എന്നീ രണ്ടു രാജ്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങള്‍ക്കെതിരെയും മികച്ച പ്രകടനം തന്നെയാണ് അയാളുടേത്. ഇന്ത്യക്കെതിരെ ഇതുവരെ കളിച്ച 5 കളികളില്‍ നിന്ന് ഒരു സെഞ്ചുറിയോ അര്‍ദ്ധ സെഞ്ചുറിയോ അസം ഇതുവരെ നേടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.

ഉമര്‍ അക്മല്‍, കമ്രാന്‍ അക്മല്‍ സഹോദരങ്ങളുടെ അടുത്ത ബന്ധുവാണ് ബാബര്‍ അസം. അവരുടെ കളികള്‍ കണ്ടാണ് ബാബര്‍ വളര്‍ന്നത്. അവരില്‍ നിന്ന് ലഭിച്ച പ്രചോദനമാണ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണമായതെന്ന് ബാബര്‍ പറഞ്ഞിട്ടുണ്ട്.
1258 ദിവസമാണ്, വിരാട് കോഹ്ലി ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്. എന്നാല്‍ എത്ര നാള്‍ ബാബര്‍ അസമിന് ആ സ്ഥാനത്ത് തുടരാനാകും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. കാരണം തൊട്ടു പുറകില്‍ കോഹ്ലി മാത്രമല്ല, നമ്മുടെ ഭീമന്‍ രോഹിത് ശര്‍മയുമുണ്ട്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like