ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന് പിന്നാലെ അത് വിശദീകരിച്ച് കോഹ്ലി നടത്തിയ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പാകിസ്ഥാനോടേറ്റ തോല്‍വിയല്ല ആ തോല്‍വിയെ കോഹ്ലി വിശദീകരിച്ച രീതിയാണ് ജഡേജയെ പ്രകോപിപ്പിച്ചത്.
പാകിസ്ഥാനോട് തോല്‍വി വഴങ്ങിയ ശേഷം കോഹ്ലി പറഞ്ഞത് കേട്ടു. രണ്ടു വിക്കറ്റ് വീണപ്പോള്‍ തന്നെ ഇന്ത്യ പാകിസ്ഥാന് പിന്നിലായെന്നാണ് വിരാട് പറഞ്ഞത്. അതു നിരാശപ്പെടുത്തുന്നതായി’ ജഡേജ തുറന്ന് പറയുന്നു.
‘കോഹ്ലിയെ പോലൊരു താരം ക്രീസിലുള്ളപ്പോള്‍ മത്സരം അവസാനിക്കാന്‍ ഏതൊരു വഴിയുമില്ല. രണ്ട് പന്തുകള്‍ പോലും നേരിടുംമുന്പെയാണ് വിരാട് അങ്ങനെ ചിന്തിച്ചത്. കളിയോടുള്ള ഇന്ത്യയുടെ സമീപനത്തെയാണ് അതു വെളിപ്പെടുത്തുന്നത്’ ജഡേജ ആഞ്ഞടിച്ചു.
മത്സരത്തില്‍ ദയനീയമായാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മറികടക്കുകയായിരുന്നു. പാകിസ്ഥാനായി ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ് വാനും നേടിയ അര്‍ധ സെഞ്ച്വറിയാണ് അവര്‍ക്ക് അനായായ ജയം സമ്മാനിച്ചത്.
ഞായറാഴ്ച്ച ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് കിവീസിനെ തോല്പിച്ചെ തീരു. ന്യൂസിലന്‍ഡാകട്ടെ പാകിസ്ഥാനോട് തന്നെ തോറ്റാണ് ഇന്ത്യയെ നേരിടാനെത്തുന്നത്.