രാജ്യന്തര ക്രിക്കറ്റില്‍ ആദ്യ മലയാളി സെഞ്ച്വറി, ചരിത്രമെഴുതി കേരള താരം

ഒടുവില്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ ആദ്യമായി മലയാളി താരത്തില്‍ നിന്നും സെഞ്ച്വറി പിറന്നു. ബോട്സ്വാന ക്രിക്കറ്റ് ടീമില്‍ അംഗമായ തൃശൂര്‍ മണ്ണുത്തി സ്വദേശി വിനു പ്രഭാകറാണ് ചരിത്രനേട്ടത്തിന് അവകാശിയായത്.

ഐസിസി ട്വന്റി20 ലോകകപ്പിനുള്ള ആഫ്രിക്കന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ സെയിന്റ് ഹെലേനയ്‌ക്കെതിരെയാണ് വിനു സെഞ്ച്വറി നേടിയത്. 70 പന്തില്‍ 100 റണ്‍സാണ് വിനു നേടിയത്. ഏഴ് ഫോറും അഞ്ച സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്‌സ്. മത്സരത്തില്‍ ബോട്സ്വാന 59 റണ്‍സിനു വിജയിച്ചു.

മലയാളി താരം സഞ്ജു സാംസനടക്കം ടി20 ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ല. അതെസമയം ഐപിഎല്‍ അടക്കമുളള ഫോര്‍മാറ്റുകളില്‍ സഞ്ജു സെഞ്ച്വറി നേടിയിട്ടുണ്ട്.

നേരത്തെ ഏകദിന ക്രിക്കറ്റില്‍ യുഎഇ ടീമില്‍ കളിക്കുന്ന മുഹമ്മദ് റിസ് വാന്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. നിരവധി മലയാളി താരങ്ങളാണ് ഇന്ത്യന്‍ ടീമിലല്ലാതെ രാജ്യന്തര ക്രിക്കറ്റ് കളിക്കുന്നത്.

 

You Might Also Like