സച്ചിനേക്കാള്‍ ‘മികച്ചവന്‍’, രണ്ട് ഡബിള്‍ സെഞ്ച്വറി, എന്നിട്ടും 23ാം വയസ്സില്‍ ടീം ഇന്ത്യയില്‍ നിന്നും പുറത്തായി

അനീഷ് പാലങ്കാമോന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി രണ്ട് ഡബിള്‍ സെഞ്ചുറി നേടിയിട്ടും 23-ാം വയസ്സില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താകാനായിരുന്നു വിനോദ് കാംബ്ലിയുടെ വിധി. ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്, തല മുണ്ഡനം ചെയ്ത്, നിറഞ്ഞ ചിരിയോടെ സ്‌റ്റൈലിഷായി ഗ്രൗണ്ടില്‍ എപ്പോഴും ഷൈന്‍ ചെയ്ത കാംബ്ലിയെ.

ഇന്ത്യന്‍ ടിവി സംസ്‌കാരം അത്ര വികാസം പ്രാപിക്കാതിരുന്നൊരു കാലത്തിന്റെ കരുതലായിരുന്നു കാംബ്ലി. നമ്മളൊക്കെ കാംബ്ലിയുടെ കേളിമികവ് കണ്ടാസ്വദിച്ചതിനേക്കാള്‍ കൂടുതല്‍, അക്കാലത്തിറങ്ങിയ പത്രങ്ങള്‍, സ്‌പോര്‍ട്‌സ് മാസിക എന്നിവയിലൂടെയാണ് ഈ മുംബൈകാരനെ കുറിച്ച് ഒരുപാടറിഞ്ഞത്. ആ അറിവാകട്ടെ, ക്രിക്കറ്റിന്റെ ദൈവത്തോടൊപ്പമാണ് എന്നും അവതരിപ്പിക്കപ്പെട്ടത്.
1988 ലാണ് കാംബ്ലി – സച്ചിന്‍ കൂട്ടുകെട്ട് ലോകശ്രദ്ധ നേടുന്നത്.

മുംബൈയില്‍, ഹാരിസ് ഷീല്‍ഡ് ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനലില്‍ കാംബ്ലി – സച്ചിന്‍ നേടിയ 664 റണ്‍സിന്റെ കൂട്ടുകെട്ട് ലോകറെക്കോര്‍ഡായി. കോച്ച് രമകാന്ത് അജ്ജരേക്കറിന്റെ കീഴില്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച കാംബ്ലി 1989-90 സീസണിലാണ് മുംബൈയ്ക്ക് വേണ്ടി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ദേശിയടീമിലേക്കുള്ള വഴി തുറന്നു. 1991 ഷാര്‍ജയില്‍ പാകിസ്താനെതിരെ അരങ്ങേറ്റം. ’93 ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ പാഡണിഞ്ഞ വിനോദ്, തന്റെ രണ്ടാം ടെസ്റ്റില്‍ ഇരട്ടശതകം നേടി ലോകത്തെ അമ്പരപ്പിച്ചു. പ്രതിഭയുടെ ധാരാളിത്തം 1992, 96 കാലങ്ങളിലെ ലോകകപ്പില്‍ കളിയ്ക്കാന്‍ കാംബ്ലിക് അവസരം നല്‍കി. 96 ലെ ലോകകപ്പില്‍ തന്റെ ബാറ്റിംഗ് മികവ്‌കൊണ്ട് മാത്രം സിംബാവെക്കെതിരായ മത്സരത്തില്‍ ഇന്ത്യ വിജയതീരമണഞ്ഞു. സെമിഫൈനലില്‍ ശ്രീലങ്കയോട് തോറ്റ് (മത്സരം ഉപേക്ഷിച്ചു. ലങ്കയെ വിജയികളായി പ്രഖ്യാപിച്ചു.) ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താകുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന കാഴ്ച കാംബ്ലിയുടെ കരച്ചില്‍ തന്നെയായിരുന്നു.

ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിനോദ് കാംബ്ലി പിന്നീടൊരിക്കലും ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടില്ല. എന്നിരുന്നാലും, എന്നും എവിടെയും ആരാധകഹൃദയങ്ങളില്‍ കാംബ്ലിക്ക് ഒരു സ്ഥാനമുണ്ടായിരുന്നു. ഒരുകാലത്ത് സച്ചിനേക്കാള്‍ മികച്ചവന്‍ എന്ന് ക്രിക്കറ്റ് നിരൂപകര്‍ വിലയിരുത്തിയ ഈ കളിക്കാരന്‍ എങ്ങും എത്താതെ പോയതിന്റെ പിന്നിലെ കളി എന്താണെന്ന് ഗാലറികള്‍ക്ക് ഇന്നും അജ്ഞാതം. സച്ചിന്‍ എന്ന മഹാരഥന്റെ പേരും ചരിത്രവും കേള്‍ക്കുന്നിടത്തൊക്കെ കാംബ്ലി ഒരു വലിയ കൂട്ടുകെട്ടായി നില്‍ക്കുന്നു. ഒപ്പം 90,95 കളിലെ ക്രിക്കറ്റ് പ്രേമികളുടെ മനസിലും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like