രോഷാകുലനായ മാഴ്‌സെലോയുടെ മുന്നറിയിപ്പും വകവെച്ചില്ല, പിഴവുകൾ വിനിഷ്യസിനു വിനയാകുന്നു

സിനദിൻ സിദാനു കീഴിൽ അടുത്തിടെയായി അവസരങ്ങൾ കുറഞ്ഞു വരുന്നത് യുവപ്രതിഭയാണ് വിനിഷ്യസ് ജൂനിയർ. സൂപ്പർ താരം ഈഡൻ ഹസാർഡിന് പരിക്കു മൂലം പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലെല്ലാം ഇടതു വിങ്ങിൽ സിദാന്റെ വിശ്വാസ്യത നേടിയെടുത്ത താരമായിരുന്നു ഈ ഇരുപതുകാരൻ ബ്രസീലിയൻ യുവപ്രതിഭ. എന്നാൽ ഈഡൻ ഹാസാർഡിന്റെ തിരിച്ചു വരവോടെ വിനിഷ്യസിനു സിദാനു കീഴിൽ അവസരങ്ങൾ കുറഞ്ഞു വരികയാണ് ചെയ്തത്.

എന്നാൽ ഇപ്പോൾ കിട്ടുന്ന അവസരം കൂടിയ ഇല്ലാതെയാക്കാൻ കാരണമായേക്കുന്ന പിഴവുകളാണ് വിനിഷ്യസ് അൽകൊയാനോയുമായി നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ വരുത്തിവെച്ചത്. അൽകൊയാനോയുമായി മത്സരത്തിൽ റയൽ മാഡ്രിഡാണ് ആദ്യം ഗോൾ നേടിയതെങ്കിലും വിനിഷ്യസ് ജൂനിയർ ഒന്ന് ശ്രദ്ധയോടെ പ്രതിരോധം തീർത്തിരുന്നെങ്കിൽ അൽകൊയാനോയുടെ 80ആം മിനുട്ടിലെ സമനില ഗോൾ ഒരുപക്ഷെ ഒഴിവായിപ്പോകുമായിരുന്നു.

പ്രതിരോധത്തിലെ വിനിഷ്യസിന്റെ വലിയ പിഴവിന്റെ വീഡിയോയാണ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ബ്രസീലിയൻ സഹതാരം മാഴ്‌സെലോ അൽകൊയാനോക്ക് ലഭിച്ച കോർണറിന്റെ സമയത്ത് എതിർതാരത്തെ മാർക്ക് ചെയ്യാൻ വിനിഷ്യസിനോട് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. എന്നാൽ അതു ശ്രദ്ദിക്കാതെ കോർണറിനു ശേഷമുള്ള പ്രത്യാക്രമണത്തിനായിരുന്നു വിനിഷ്യസിന്റെ നീക്കം.

ഇതും നശിപ്പിക്കരുതെന്നു മാഴ്‌സെലോ കോർണറിനു മുൻപ് താരത്തിനോട് വിളിച്ചു പറയുന്നുണ്ട്. എന്നാൽ വിനിഷ്യസ് വെറുതെ വിട്ട തക്കത്തിൽ അൽകോയാനോ താരം ജോസെ ആൽബസ് സമനില ഗോൾ നേടുകയാണുണ്ടായത്. 78ആം മിനുട്ടിൽ ബെൻസിമക്ക് അസിസ്റ്റ് ചെയ്യുന്നതിന് പകരം ഒറ്റക്ക് ഗോൾ നേടാൻ ശ്രമിച്ചതും റയൽ ആരാധകരിൽ നിറസയുണ്ടാക്കിയിരുന്നു. പിഴവുകൾ തോൽവിയിലേക്ക് നയിച്ചതോടെ റയൽ മാഡ്രിഡിന്റെ ഫസ്റ്റ് ഇലവനിലേക്ക് ഇനി താരത്തെ പരിഗണിക്കുമോയെന്നത് സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

You Might Also Like