വികൂനയ്ക്കും വേണ്ട, മെസി ബൗളിയ്ക്ക് ദയാവധം
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരിയെ പുറത്താക്കിയപ്പോള്‍ എല്ലാ കണ്ണുകളും അദ്ദേഹം കൊണ്ട് വന്ന കളിക്കാരുടെ ഭാവിയാണ് തിരഞ്ഞത്. അതില്‍ പ്രധാനപ്പെട്ടത് ബ്ലാസറ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച കാമറൂണ്‍ താരം മെസി ബൗളിയുടെ കാര്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവര പ്രകാരം ബ്ലാസ്റ്റേഴ്സുമായി മെസിയെ വഴിപിരിയുകയാണ് എന്നാണ് സൂചന.
ബ്ലാസ്റ്റേഴ്സില്‍ തുടരണമെങ്കില്‍ മെസി ഇരട്ടിയിലേറെ പ്രതിഫലം ചോദിച്ചതാണു താരവും ക്ലബും തമ്മിലുളള ഇടര്‍ച്ചയ്ക്ക് കാരണമാകുന്നത്. അത്രയും തുകയ്ക്ക് മെച്ചപ്പെട്ട മറ്റൊരു സ്ട്രൈക്കറെ കൊണ്ടുവരാമെന്നുള്ള ചര്‍ച്ചകളിലാണു മാനേജ്മെന്റ്. നിലവിലെ പരിശീലകന്‍ കിബു വികൂനയ്ക്കും മെസിയോട് അത്ര താല്‍പര്യം പോരാ.
കിബു വികൂനക്ക് മറ്റ് വിദേശ താരങ്ങളെ ടീമിലെത്തിക്കാനാണ് താത്പര്യം. ഐ ലീഗില്‍ മോഹന്‍ ബഗാനോടൊപ്പം കപ്പുയര്‍ത്തിയ താരങ്ങളെ കൊച്ചിയില്‍ എത്തിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചും കഴിഞ്ഞു.
അതെസമയം ഷറ്റോരിയുടെ മറ്റോരു വിശ്വസ്തനായ ഒഗ്‌ബെച്ചോ ബ്ലാസ്റ്റേഴ്സ് നിരയില്‍ തുടരും. ഒഗ്‌ബെചെയുടെ സ്‌ട്രൈക്കിംഗ് പാട്ണര്‍ ആയ മെസിയേയും കൊച്ചിയില്‍ എത്തിച്ചത് ഷറ്റോരിയാണ്. ആരാധകര്‍ അടക്കം എതിരായിട്ടും മെസിയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചത് ഷറ്റോരി മാത്രമായിരുന്നു. ഒടുവില്‍ എട്ടു ഗോളുകളും ഒരു അസിറ്റും ഈ സീസണില്‍ മെസി സംഭാവന ചെയ്തു. ഷറ്റോരിക്ക് ഒപ്പം മെസിയും ക്ലബ് വിടുകയാണെങ്കില്‍ അത് കേരള ബ്ലാസ്റ്റേഴ്‌സിന് തീരാ നഷ്ടമാകും.
2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിനായി കളിച്ച താരമാണ് മെസി. 2013ല്‍ എഫ്എപി യാഉണ്ടേയിലാണ് മെസി തന്റെ ക്ലബ്ബ് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ, എന്നീ ടീമുകളിലും കളിച്ചിട്ടുണ്ട്.