ഉയരത്തിന്റെ കൊടുമുടിയിലെത്തിയതിന് ശേഷം വീണ് പോയവന്‍, തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല അവന്‍

Image 3
CricketTeam India

ധനേഷ് ധാമോദരന്‍

മാര്‍ച്ച് 31 ഒരു വെള്ളിയാഴ്ചയായിരുന്നു. ഒരു കറുത്ത വെള്ളിയാഴ്ച. 2006ലെ 90 ആമത്തെ ദിവസം. ആ വര്‍ഷത്തെ 13 ആമത്തെ വെള്ളിയാഴ്ച. ഫരീദബാദില്‍ നഹര്‍ സിങ്ങ് സ്റ്റേഡിയത്തില്‍ അന്നേദിവസം നടന്ന ഇന്ത്യ ജയിച്ച ഇന്ത്യ – ഇംഗ്ലണ്ട് മത്സരവും കണ്ടു വീട്ടിലേക്ക് ഒരു കുടുംബം കാറില്‍ തിരിച്ചു പോവുകയായിരുന്നു. കുടുംബനാഥ ഡ്രൈവ് ചെയ്ത കാര്‍ വഴിയില്‍വെച്ച് അപകടത്തില്‍ പെട്ട് തലകീഴായി മറിഞ്ഞു.

കാറില്‍ സഞ്ചരിച്ച ഗൃഹനാഥന്‍ പരിക്കുപറ്റി ആറുമാസം കിടപ്പിലായി. കാര്‍ ഡ്രൈവ് ചെയ്ത അദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു കിഡ്‌നി മുറിച്ചുമാറ്റേണ്ടി വന്നു .പക്ഷേ ഇതൊന്നുമായിരുന്നില്ല ദുരന്തം .അതിനേക്കാള്‍ വലിയ ദുരന്തം ആ അപകടത്തില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു .ആ അപകടത്തില്‍ 11 വയസ്സുള്ള അവരുടെ മകള്‍ മരണപ്പെട്ടു. കൂടെയുണ്ടായിരുന്നു കസിന്റെ ജീവനും നഷ്ടപ്പെട്ടു . എല്ലാം തകര്‍ന്നു പോയ അയാളുടെ ഭാര്യ ജീവിക്കാന്‍ പോലും മനസ്സില്ലാതെ എന്നും കരഞ്ഞിരിക്കുന്ന അവസ്ഥ. വീട്ടില്‍ നിന്നും ഒരു ഇഞ്ച് പോലും അനങ്ങാന്‍ പറ്റാതെയായ ഗൃഹനാഥന്‍ .

അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ക്രിക്കറ്റ് അക്കാദമി പൂട്ടിയ അവസ്ഥ. സാമ്പത്തികമായി തകര്‍ന്ന അയാള്‍ തന്റെ കാറും സ്ഥലവും നടത്തിക്കൊണ്ടിരുന്ന റസ്റ്റോറന്റും എല്ലാം വിറ്റു പെറുക്കി . ദയനീയമായ അവസ്ഥ .മാനസികമായി തകര്‍ന്നു തരിപ്പണമാകാന്‍ വേറെന്ത് വേണം? ആ മനുഷ്യന്‍ അയാളുടെ ഏറ്റവും മോശം പരീക്ഷണ കാലഘട്ടങ്ങളിലൂടെയാണ് കടന്നു പോയത് .ശത്രുക്കള്‍ക്ക് പോലും ഇതുപോലൊരു ഗതി വരരുത് എന്ന് ആരും പ്രാര്‍ത്ഥിക്കുന്ന അത്രയും ദയനീയമായ കാലം .

വിജയ് യാദവ് എന്ന മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഓരോ നാള്‍ വഴികളിലും പരീക്ഷണ ഘട്ടങ്ങളായിരുന്നു .തന്റെ കുടുംബത്തെ നോക്കാന്‍ ഒരു ജോലി എന്നത് മാത്രമായിരുന്നു ആദ്യ കാലത്ത് അയാളുടെ സ്വപ്നം .ONGC ല്‍ ഒരു ജോലി കിട്ടിയതോടെ തന്റെ ജീവിതം സുരക്ഷിതമാണെന്ന് കരുതി .എന്നാല്‍ വെറുതെ കളിച്ചു നടന്ന അയാളുടെ ജീവിതത്തില്‍ അയാള്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നിട് നടന്നത്. ONGC ടീമിലിടം കിട്ടിയ അയാള്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററായി മാറിയതോടെ കൂടുതല്‍ കൂടുതല്‍ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു.

ഒരിക്കലും ഇന്ത്യന്‍ ടീം എന്നത് സ്വപ്നം പോലും കണ്ടിട്ടില്ലാത്ത അയാള്‍ പക്ഷേ അതിവേഗം സ്റ്റേറ്റ് ടീമിലും രഞ്ജിത് ടീമിലും എത്തിയതോടെ സ്ഥിതി മാറിമറിഞ്ഞു .ഹരിയാനയുടെ രഞ്ജി ടീമില്‍ എത്തിയതോടെ അയാള്‍ നേരിട്ടത് കപില്‍ ദേവിനെയും ചേതന്‍ ശര്‍മയെയും പോലുള്ള വേള്‍ഡ് ക്ലാസ് ബൗളര്‍മാരെയായിരുന്നു .1990- 91 ല്‍ ചരിത്രമായ രഞ്ജി ഫൈനലില്‍ കരുത്തരായ ബോംബെയെ 2 റണ്‍സിന് തോല്‍പ്പിച്ച് ഹരിയാന കിരീടം നേടിയപ്പോള്‍ വിക്കറ്റിന് മുന്നില്‍ തകര്‍പ്പന്‍ ഹിറ്റിങ്ങുകള്‍ നടത്തിയും പിറകില്‍ മികച്ച ക്യാച്ചുകളും ,അതിനേക്കാള്‍ മികച്ച സ്റ്റംപിങ്ങുകളുമായി യാദവ് ദേശീയതലത്തില്‍ ശ്രദ്ധേയനായി .

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ ഫരീദാദബാദില്‍ വച്ച് നടന്ന മത്സരത്തില്‍ 7 ക്യാച്ചുകള്‍ നേടിയത് യാദവിന്റെ ആത്മവിശ്വാസം കൂട്ടി .ഈഡന്‍ ഗാര്‍ഡനില്‍ ബംഗാളിനെതിരായ സെമിഫൈനലില്‍ 8 ആമനായി ഇറങ്ങി യാദവ് നേടിയ 106 റണ്‍ ശ്രദ്ധേയമായി . അതേ മത്സരത്തില്‍ കപില്‍ 141 ഉം അജയ് ബാനര്‍ജി 111 ഉം റണ്‍സ് നേടിയിരുന്നു. ആ മത്സരത്തില്‍ 4 ക്യാച്ചുകളുമെടുത്ത് യാദവ് ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി .അതിന് ശേഷം പിന്നീടൊരിക്കലും ഹരിയാനയ്ക്ക് ഒരു രഞ്ജി ട്രോഫി നേടാന്‍ ഇതു വരെയും സാധിച്ചിട്ടില്ല .

ആ വര്‍ഷത്തെ രഞ്ജിയില്‍ 24 ക്യാച്ചുകളും 6 സ്റ്റംപിങ്ങുകളും നടത്തിയ യാദവ് തൊട്ടടുത്തവര്‍ഷം 25 ക്യാച്ചുകള്‍ നേടി. അടുത്ത വര്‍ഷം നടന്ന ദുലീപ് ട്രോഫിയില്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങ് പ്രകടനം കണ്ടു .

കുംബ്‌ളെയും വെങ്കിടേഷ് പ്രസാദും അര്‍ഷദ് അയൂബും അടങ്ങിയ സൗത്ത് സോണ്‍ ബൗളിംഗ് ബൗളിംഗ് നിരക്കെതിരെ 7 ആം നമ്പറിലിറങ്ങി മനോഹരമായ ഒരു ഇരട്ടസെഞ്ച്വറി.ആ വര്‍ഷത്തെ രഞ്ജി പ്രീ ക്വാര്‍ട്ടറില്‍ യാദവിന്റെ ഹിറ്റിങ്ങ് എബിലിറ്റി തെളിയിച്ച മറ്റൊരു പ്രകടനം കണ്ടു . യു പി ക്കെതിരെ ആദ്യ ഇന്നിങ്ങ്‌സില്‍ 86 റണ്‍സ് റണ്‍സ് നേടിയ യാദവ് രണ്ടാമിന്നിങ്ങ്‌സില്‍ 191 റണ്‍സ് നേടിയപ്പോള്‍ ആദ്യത്തെ 100 റണ്‍ പിറന്നത് 104 പന്തിലായിരുന്നുവെങ്കില്‍ അടുത്ത 50 റണ്‍സ് നേടാന്‍ വേണ്ടി വന്നത് വെറും 18 പന്തുകള്‍ മാത്രമായിരുന്നു. ഉബൈദ് കമാലിനെതിരെ ആ മത്സരത്തില്‍ യാദവ് നേടിയ അവിശ്വസനീയ സിക്‌സര്‍ ടൂര്‍ണ്ണമെന്റിന്റെ തന്നെ ഷോട്ട് ആയിരുന്നു.

മികച്ച പ്രകടനങ്ങള്‍ പുറത്തു വന്നതോടെ താനൊരിക്കലും സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ ദേശീയ ടീമിന്റെ വിക്കറ്റിന് പിന്നില്‍ കപില്‍ദേവ് , കുംബ്ലെ ,ശ്രീനാഥ് മാരുടെ പന്തുകള്‍ പിടിക്കാന്‍ നിയോഗിക്കപ്പെട്ടതിനൊപ്പം തന്നെ ലോകോത്തര ബൗളര്‍മാരായ ആംബ്രോസ് ,വാല്‍ഷ് ,ഡൊണാള്‍ഡ് ,മുരളിധരന്‍ തുടങ്ങിയവരെ നേരിടാനുള്ള ഭാഗ്യം കൂടി യാദവിന് ലഭിച്ചു .

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പരമ്പരയിലെക്ക് സെലക്ട് ചെയ്യപ്പെട്ട വിജയ് യാദവ് പരിചയ സമ്പന്നനായ കിരണ്‍ മോറെക്ക് പകരം ഒരു ബാക്കപ്പ് ആയിരുന്നെങ്കിലും ഏഴ് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ 5 ആമത്തെ ഏകദിനത്തില്‍ ബ്ലൂംഫൊണ്ടെയ്‌നില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചു .തന്റെ ആദ്യ മേച്ചില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതിരുന്ന വിജയ് രണ്ടാമത്തെ മാച്ചില്‍ മൂന്ന് റണ്‍സിന് പുറത്തായി.

എന്നാല്‍ ഇന്ത്യ 5 വിക്കറ്റിന് ജയിച്ച പരമ്പരയിലെ അവസാന ഏകദിനത്തിലെ ഹീറോ യാദവ് ആയിരുന്നു . 90 കളിലെ ഇന്ത്യന്‍ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായിരുന്നു ഈസ്റ്റ് ലണ്ടനില്‍ കണ്ടത് . യാദവിന്റെ ഹീറ്റിംഗ് പ്രാഗല്‍ഭ്യം തെളിയിക്കപ്പെട്ട മത്സരമായിരുന്നു അത്.

അവസാന ഏകദിനത്തിനു മുമ്പ് ഇന്ത്യ 5 – 1 എന്ന നിലയില്‍ ഏകദിന പരമ്പരയില്‍ പിന്നിലായിരുന്നു. അഭിമാനം സംരക്ഷിക്കേണ്ട ബാധ്യതയുണ്ടായിരുന്ന അവസാന മേച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കെപ്‌ളര്‍ വെസ്സല്‍സ് 57 റണ്‍സും ഭാവി നായകന്‍ ക്രോണ്യെ 55 റണ്‍സും നേടിയെങ്കിലും ദക്ഷിണാഫ്രിക്കയെ 8 ന് 203 ല്‍ ഒതുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

എന്നാല്‍ ടീം സ്‌കോര്‍ 41 ല്‍ നില്‍ക്കെ 3 ആമനായി സച്ചിനും 80 റണ്‍സില്‍ 4 ആമനായി ക്യാപ്റ്റന്‍ അസ്ഹറും 130 ല്‍ 5 ആമനായി കപിലും പുറത്തായതോടെ ഇന്ത്യ വീണ്ടും മറ്റൊരു നാണം കെട്ട തോല്‍വി മണത്തു .എന്നാല്‍ ഉറച്ചുനിന്ന് 84 റണ്‍സ് നേടിയ പ്രവീണ്‍ ആംറെയോടൊപ്പം അവസാന ഓവറുകളില്‍ ഡൊണാള്‍ഡ് ,ഡിവില്ലിയേഴ്‌സ് ,മാത്യൂസ് ,മക്മില്ലന്‍ തുടങ്ങിയ ബൗളര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ച വിജയ് യാദവ് ആണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. വെറും 22 പന്തില്‍ 184 സ്‌ട്രൈക്ക് റേറ്റോട് കൂടി പുറത്താകാതെ 34 റണ്‍സ് നേടിയ യാദവ് പുറത്തായിരുന്നെങ്കില്‍ ബാക്കി വാലറ്റക്കാര്‍ മാത്രമായിരുന്നു.

പിന്നീടുള്ള രണ്ടു മാച്ചുകളില്‍ ബാറ്റിംഗ് അവസരം കിട്ടാതിരുന്ന യാദവ് നഹര്‍ സിങ്ങ് സ്റ്റേഡിയത്തില്‍ നടന്ന അടുത്ത മത്സരത്തില്‍ സിംബാബ് വെക്കെതിരെ 23 പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടി മികവ് തുടര്‍ന്നു .ഇന്ത്യ ആ മത്സരം ജയിച്ചത് 67 റണ്‍സിനായിരുന്നു .രണ്ടു മാച്ചുകള്‍ക്ക് ശേഷം ഇന്ത്യ 4 വിക്കറ്റിന് തോറ്റ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 15 പന്തില്‍ 1 ഫോറും 2 സിക്‌സറുമടക്കം നേടിയ 180 സ്‌ട്രൈക്ക് റേറ്റില്‍ 27 റണ്‍സ് നേടിയ യാദവ് ഇന്ത്യന്‍ നിരയില്‍ 85 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയ അസ്ഹറിന് ശേഷം ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോറര്‍ ആയിരുന്നു .ആ മാച്ചില്‍ ഇന്ത്യ നേടിയത് വെറും 227 റണ്‍സ് മാത്രമായിരുന്നു.

എന്നാല്‍ അവസാനം കളിച്ച അഞ്ചു മാച്ചുകളില്‍ ഒന്നില്‍ പോലും മൂന്നില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ പറ്റാതായതോടുകൂടി യാദവ് ടീമിന് പുറത്തായി .19 ഏകദിന മത്സരങ്ങള്‍ കളിച്ച് വിക്കറ്റിന് പിറകില്‍ 19 ഇരകളെ നേടിയപ്പോള്‍ അതില്‍ 7 ഉം സ്റ്റംപിങ് ആയിരുന്നുവെന്നത് വിക്കറ്റിന് പിറകില്‍ യാദവ് എത്രമാത്രം ചടുലത കാണിച്ചു എന്നതിന്റെ തെളിവ് കൂടിയാണ്.

കിരണ്‍ മോറെ എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറുടെ കരിയര്‍ അവസാനിക്കുമ്പോഴേക്കും ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ അനുയോജ്യമായ നയന്‍ മോംഗിയ വന്നതും ഏകദിനത്തിന് വെവ്വേറെ ടീമുകള്‍ എന്ന സമ്പ്രദായം ഇല്ലാത്തതിനാലും യാദവിന്റെ സാധ്യതകള്‍ അടയുകയായിരുന്നു. തന്റെ അവസാന ഏകദിനത്തില്‍ കോട്‌നി വാല്‍ഷിന്റെ പന്തില്‍ പൂജ്യത്തിന് ക്‌ളിന്‍ ബോള്‍ഡ് ആയി മടങ്ങിയതിനു ശേഷമുള്ള ലങ്കന്‍ പര്യടനത്തില്‍ പരിഗണിച്ചത് മോറെയെ ആയിരുന്നു .ന്യൂസിലാന്‍ഡ് പര്യടനത്തിലാകട്ടെ ബാക്ക് കീപ്പറായി സഞ്ജയ് മഞ്ജരേക്കര്‍ മതിയെന്ന തീരുമാനവും യാദവിന്റെ സ്ഥാനം നഷ്ടമാക്കി .

90 കളിലെ ഇന്ത്യന്‍ വിജയങ്ങളിലെ പരമപ്രധാനമായ ഹീറോ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ യാദവ് ആയിരുന്നു . ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര സെമിയില്‍ അവസാന ഓവറില്‍ 6 റണ്‍സ് വേണ്ടപ്പോള്‍ 3 റണ്‍സ് മാത്രം വഴങ്ങി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളി വിജയിപ്പിച്ച മാച്ചില്‍ സച്ചിന്‍ അവസാന ഓവര്‍ എറിഞ്ഞാല്‍ നന്നായിരിക്കുമെന്ന് ക്യാപ്റ്റന്‍ അസ്ഹറിനോട് അഭിപ്രായം പറഞ്ഞത് താനാണെന്ന് യാദവ് പിന്നീട് പറയുകയുണ്ടായി .കപിലിന് പകരം വാരിയേഷന്‍ കൂടുതലുള്ള സച്ചിന്‍ അവസാന ഓവര്‍ എറിയുന്നതാണ് ഗുണമെന്ന് പറഞ്ഞ യാദവിന്റെ വാക്കുകള്‍ അച്ചട്ടായി. ഫോം മങ്ങി നിന്ന സച്ചിന്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമാകുന്ന കാഴ്ചയും പിന്നീട് കണ്ടു .

യാദവിന്റെ ബാറ്റിംഗ് ശൈലിയും ആക്രമണോത്സുകമായ കീപ്പിംഗും പരിമിത ഓവര്‍ ഫോര്‍മാറ്റിനാണ് കൂടുതല്‍ ഇണങ്ങിയിരുന്നതെങ്കിലും 1993 ല്‍ സിംബാബ് വെക്കെതിരെ ഒരു ടെസ്റ്റ് മാച്ച് കളിക്കാന്‍ പറ്റി . യാദവിന്റെ കരിയറിലെ ഒരേയൊരു ടെസ്റ്റ്.

വിനോദ് കാംബ്ലി 301 പന്തില്‍ 227 റണ്‍സ് നേടി ചരിത്രം കുറിച്ച മത്സരത്തില്‍ യാദവ് ബാറ്റിങ്ങിലും കീപ്പിങ്ങിലും തരക്കേടില്ലാത്ത പ്രകടനം നടത്തി. ഇന്ത്യ ഇന്നിങ്‌സിനും 13 റണ്‍സിനും ജയിച്ച മത്സരത്തില്‍ 8 ആമനായി ഇറങ്ങി 25 പന്തില്‍ 30 റണ്‍സ് എടുത്ത് ഇന്ത്യന്‍ സ്‌കോര്‍ 500 കടന്ന ശേഷമാണ് യാദവ് പുറത്തായത് . ആദ്യ ഇന്നിങ്‌സില്‍ 115 റണ്‍സ് നേടിയ ആന്‍ഡി ഫ്‌ലവറിനെ മനീന്ദറിന്റെ പന്തില്‍ സ്റ്റംപ് ചെയ്തതിനു പുറമെ കുംബ്‌ളെയുടെ പന്തില്‍ ബ്രെന്റിനെയും സ്റ്റംപ് ചെയ്തു . കൂടാതെ രണ്ടാമിന്നിംഗ്‌സില്‍ ഒരു ക്യാച്ചും നേടുകയുണ്ടായി .

ആ മത്സരത്തില്‍ യാദവ് നേരിട്ട ഏറ്റവും വലിയ പരീക്ഷണം കുംബ്‌ളെയുടെ പന്തുകള്‍ കീപ്പ് ചെയ്യുക എന്നതായിരുന്നു . മനസാന്നിധ്യം മാത്രമായിരുന്നു യാദവിന്റെ കൈ മുതല്‍ . ഡബ്ലിയു രാമനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട യാദവ് തലേന്ന് ഉറങ്ങുക പോലും ചെയ്യാതെ കണ്ണാടിക്കു മുന്നില്‍ പ്രാക്ടീസ് നടത്തിയായിരുന്നു കുംബ്ലെയുടെ പന്തുകളെ കീപ്പ് ചെയ്യാന്‍ ശ്രമിച്ചത്.

പിന്നീട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാത്തത് യാദവിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു . ഇരുപതാം വയസ്സില്‍ ഫസ്റ്റ് ക്‌ളാസില്‍ ഹിമാചല്‍പ്രദേശിനെതിരെ അരങ്ങേറി 11 വര്‍ഷം കഴിഞ്ഞ് 1999 ല്‍ സര്‍വീസസിനെതിരെ അവസാനം കളിച്ച മാച്ചില്‍ 23 ഉം 6 ഉം റണ്‍സ് മാത്രം നേടിയതിന് പുറമെ കീപ്പിങ്ങിലും പിന്നോട്ട് പോയെന്ന് സ്വയം ബോധ്യപ്പെട്ടതിനൊപ്പം തന്നെ അണ്ടര്‍ 19 ലോകകപ്പില്‍ അജയ് രാത്രയെ പോലുള്ള യുവതാരങ്ങള്‍ നന്നായി കളിക്കുന്നതും കണ്ടതോടെ കൂടുതല്‍ മത്സരങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ യുവാക്കള്‍ക്കു വേണ്ടി 31 ആം വയസ്സില്‍ യാദവ് കരിയര്‍ അവസാനിപ്പിച്ചു .

1987/ 88 മുതല്‍ 98/99 വരെയുള്ള കാലയളവില്‍ 89 ഫസ്റ്റ് ക്‌ളാസ് മത്സരങ്ങള്‍ കളിച്ച യാദവ് 7 സെഞ്ച്വറികളും 23 അര്‍ധ സെഞ്ചുറികളുമടക്കം 3988 റണ്‍സും 46 സ്റ്റമ്പിങ്ങുകളടക്കം 291 ഇരകളെയും സ്വന്തമാക്കി.

വിരമിച്ചശേഷം യാദവ് ഒരു റസ്റ്റോറന്റ് തുടങ്ങിയപ്പോള്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് സാക്ഷാല്‍ സച്ചിനായിരുന്നു .പിന്നീട് ഫരീദാബാദില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങുകയുണ്ടായി .എന്നാല്‍ ആ നശിച്ച അപകടം സംഭവിച്ചതോടെ എല്ലാം നഷ്ടപ്പെട്ട യാദവ് വീണ്ടും ആശ്രയം കണ്ടെത്തിയത് തന്റെ ജീവവായുവായി ക്രിക്കറ്റിലൂടെയായിരുന്നു . സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ ചെയ്തു അദ്ദേഹം കോച്ചിങ്ങ് മേഖലയില്‍ കൈവെച്ചു .

ഹരിയാനയുടെ രഞ്ജി ടീം കോച്ച് ആയ അദ്ദേഹം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ഫീല്‍ഡിങ് കോച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു . ഡ 19 ശ്രീലങ്കന്‍ ടൂറില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ദേവദത്ത് പടിക്കല്‍ അടക്കമുള്ള യുവതാരങ്ങള്‍ ഉണ്ടായിരുന്നു.രാഹുല്‍ ദ്രാവിഡ് ആയിരുന്നു ടീമിന്റെ ഹെഡ് കോച്ച് .

യാദവിന്റെ സ്വന്തം ഫരീദാബാദ് അക്കാദമിയില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതിഭകളായിരുന്നു മോഹിത് ശര്‍മയും ഐപിഎല്‍ ലെ പുത്തന്‍ കണ്ടുപിടുത്തമായ രാഹുല്‍ തെവാട്ടിയയും .

ക്രിക്കറ്റ് എന്നത് പലപ്പോഴും ഗ്ലാമര്‍ പരിവേഷമുള്ള സെലിബ്രിറ്റികളുടെ ആഘോഷങ്ങളുടേതായി വിലയിരുത്തപ്പെടുന്നുവെങ്കിലും യാദവിനെ പോലെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വിഷമിച്ചിരുന്നവരെയും അതിന്റെ വെളിച്ചം കുറഞ്ഞ മൂലയില്‍ കാണാം .അങ്ങനെയുള്ളവരും ക്രിക്കറ്റ് ഗ്രൗണ്ടില്‍ നമ്മളെ സന്തോഷിപ്പിച്ചിരുന്നു .

യാദവ് ഒരിക്കല്‍ പറഞ്ഞിരുന്നു . ‘തന്റെ കുടുംബം നോക്കുക എന്നത് കുംബ്‌ളെയുടെ അപ്രവചനീയമായ പന്തുകളെ കീപ്പ് ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു’.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍