എണ്ണൂറ് റണ്‍സും കടന്നു, ഭ്രാന്തിളകിയ ഷാ റണ്‍സ് വാരിക്കൂട്ടുന്നു, രണ്ടാമത് മലയാളി താരം

വിജയ ഹസാരെ ട്രോഫിയില്‍ എക്കാലത്തേയും ടോപ് സ്‌കോറര്‍ എന്ന നേട്ടം സ്വന്തമാക്കി മുംബൈ താരം പൃഥ്വി ഷാ. ഈ സീസണില്‍ 800 റണ്‍സ് ആണ് പൃഥ്വി ഷാ കണ്ടെത്തിയത്. ഇതോടെ വിജയ് ഹസാരെയില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടം പൃഥ്വിയുടെ പേരിലേക്ക് എത്തി.
വിജയ് ഹസാരെ ട്രോഫി സീസണില്‍ മൂന്ന് സെഞ്ചുറിയും, ഒരു ഇരട്ട ശതകവുമാണ് പൃഥ്വി ഷാ നേടിയത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ ചെയ്സില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന് സ്‌കോര്‍ എന്ന റെക്കോര്‍ഡ് ധോനിയുടേയും കോഹ് ലിയുടേയും കൈകളില്‍ നിന്ന് പൃഥ്വി കൈക്കലാക്കുകയും ചെയ്തു. സൗരാഷ്ട്രയ്ക്കെതിരെ 123 പന്തില്‍ നിന്ന് 185 റണ്‍സ് അടിച്ചെടുത്തായിരുന്നു ഇത്.
വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ ഉത്തര്‍പ്രദേശിന് എതിരെ 39 പന്തില്‍ 73 റണ്‍സ് നേടിയാണ് പുറത്തായത്. 105(89), 34(38), 227(152), 36(30), 2(5), 185(123), 165(122), 73(39) എന്നിങ്ങനെയാണ് ഈ സീസണിലെ പൃഥ്വി ഷായുടെ സ്‌കോര്‍ .
റണ്‍വേട്ടയില്‍ രണ്ടാമത കര്‍ണാടകയ്ക്കായി കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കലാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന മായങ്ക് അഗര്‍വാളിന്റെ റെക്കോര്‍ഡ് ദേവ്ദത്ത് പടിക്കലും മറികടന്നിരുന്നു. 737 റണ്‍സ് ആണ് സീസണില്‍ പടിക്കല്‍ നേടിയത്. 2017-18 സീസണില്‍ 723 റണ്‍സായിരുന്നു മായങ്ക് അഗര്‍വാള്‍ വാരിക്കൂട്ടിയത്.