സെഞ്ച്വറിയുമായി ഉത്തപ്പയും വിഷ്ണുവും, സഞ്ജുവിന്റെ സംഹാര താണ്ഡവം, കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

വിജയ് ഹസാര ട്രോഫിയിലെ മൂന്നാമത്തെ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി കേരളം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം റെയില്‍വേസിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് അടിച്ചെടുത്തു.

സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും വിഷ്ണുവിനോദും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു സാംസണുമാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. റോബിന്‍ ഉത്തപ്പ 104 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതം 100ഉം വിഷ്ണു വിനോദ് 107 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 107ഉം റണ്‍സെടുത്തു.

ഇരുവരും ആദ്യ വിക്കറ്റില്‍ 193 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഉത്തപ്പയുടെ ടൂര്‍ണമെന്റിലെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. നേരത്തെ ഒഡീഷയ്‌ക്കെതിരെയും ഉത്തപ്പ സെഞ്ച്വറി നേടിയിരുന്നു. ഉത്തര്‍ പ്രദേശിനെതിരായ മത്സരത്തില്‍ 81 റണ്‍സും ഈ മുന്‍ ഇന്ത്യന്‍ താരം സ്വന്തമാക്കിയിരുന്നു.

മൂന്നാമതായി ഇറങ്ങിയ സഞ്ജു വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. കേവലം 29 പന്തില്‍ 210.34 സ്‌ട്രൈക്ക് റേറ്റില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സാണ് സഞ്ജു അടിച്ച് കൂട്ടിയത്. വാട്‌സല്‍ 46 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു.

സച്ചിന്‍ ബേബി (1), മുഹമ്മദ് അസറുദ്ദീന്‍ (5), റോജിത്ത് (4), ജലജ് സക്‌സേന (13*) എന്നിങ്ങനെയാണ് മറ്റ് കേരള ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. നേരത്തെ ആദ്യ രണ്ട് മത്സരത്തിലും കേരളം ജയിച്ചിരുന്നു.

You Might Also Like