കേരളത്തിനായി സെഞ്ച്വറിയുമായി ഉത്തപ്പ, തകര്‍പ്പന്‍ പ്രകനവുമായി ശ്രീശാന്ത്

Image 3
CricketTeam India

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഒഡീഷക്കെതിരെ കേരളത്തിന് മികച്ച ജയം. 34 റണ്‍സിനാണ് കേരളം ഒഡീഷയെ തകര്‍ത്തത്. സെഞ്ച്വറി നേടി റോബിന്‍ ഉത്തപ്പയുടെ മികച്ച പ്രകടനത്തിന്റെ മികവിലാണ് കേരളം അനായാസ ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 38.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തുനില്‍ക്കെ മഴമൂലം കളി നിര്‍ത്തിവെച്ചു.

പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതിരുന്നതോടെ വി ജയദേവന്‍ മഴനിയമപ്രകാരം കേരളം 34 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോര്‍ ഒഡീഷ 45 ഓവറില്‍ 258/8, കേരളം 38.2 ഓവറില്‍ 233/4.

85 പന്തില്‍ 107 റണ്‍സെടുത്ത ഉത്തപ്പ 10 ഫോറും നാലും സിക്‌സും പറത്തി. വിഷ്ണു വിനോദ്(24 പന്തില്‍ 28), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(40), വത്സല്‍ ഗോവിന്ദ്(29*), മുഹമ്മദ് അസറുദ്ദീന്‍(23*) എന്നിവരും കേരളത്തിനായി തിളങ്ങിയപ്പോള്‍ സഞ്ജു സാംസണ്‍(4) നിരാശപ്പെടുത്തി.

നേരത്തെ ബൗളിംഗില്‍ മലയാളി താരം എസ് ശ്രീശാന്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എട്ട് ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് ശ്രീ വീഴ്ത്തിയത്. ശ്രീയെ കൂടാതെ നിതീഷ് ജലജ് സക്‌സേന എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തി. തിങ്കളാഴ്ച ഉത്തര്‍പ്രദേശുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം