മെസിയോടിത്തിരി ബഹുമാനം കാണിക്കൂ, ഗ്രീസ്‌മാന്റെ കാർ തടഞ്ഞു നിർത്തി ആരാധകർ ആവശ്യപ്പെട്ടു

അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയതിനു ശേഷം ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ആരോപണമാണ് ഗ്രീസ്മാനും മെസിയും തമ്മിലുള്ള പ്രശ്നം. അക്കാര്യം ആദ്യം ഉന്നയിച്ചത് ഗ്രീസ്മാന്റെ അമ്മാവനായ ഇമ്മനുവേൽ ലോപ്പസ് ആയിരുന്നു. പിന്നീട് മുൻ ഏജന്റായ എറിക് ഓൾഹാറ്റ്സും രംഗത്തെത്തിയിരുന്നു. ഗ്രീസ്മാന്റെ വരവ് മെസിക്ക് ഇഷ്ടമായില്ലെന്നും ബാഴ്സയിലെ ഏകാധിപതിയാണ് മെസിയെന്നും ഏജന്റ് വിമർശനമുന്നയിച്ചു.

എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം തിരിച്ചു ബാഴ്‌സയിലേക്ക് തിരിച്ച മെസിക്ക് 15 മണിക്കൂർ വിമാനയാത്രക്ക് ശേഷം നേരിടേണ്ടി വന്നത് ഗ്രീസ്മാന്റെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചുള്ള മാധ്യമസംഘത്തെയാണ്. ക്ഷീണിതനായ മെസി അതിനും മറുപടി നൽകിയിരുന്നു. ക്ലബ്ബിലെ എല്ലാവരുടെയും പ്രശ്നങ്ങൾ താനാകുന്നത് തന്നെ മടുപ്പിക്കുന്നുണ്ടെന്നാണ് മെസി മറുപടി നൽകിയത്.

എന്നാൽ മെസിയെ ഇങ്ങനെ ചിത്രവധം ചെയ്യുന്ന സംഭവങ്ങൾക്കെതിരെ ഒരു കൂട്ടം ആരാധകർ പരിശീലനത്തിന് ശേഷം കാറിൽ മടങ്ങുന്ന ഗ്രീസ്‌മാനെ തടഞ്ഞു നിർത്തി വിമർശിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മെസിയോട് കുറച്ചു ബഹുമാനം കാണിക്കൂ എന്നായിരുന്നു ആരാധകർ ഗ്രീസ്മാനോട് ആവശ്യപ്പെട്ടത്. എന്നാൽ ഗ്രീസ്മാൻ തിരിച്ചൊന്നും പ്രതികരിക്കാതെ വേഗം സ്ഥലം വിടുകയായിരുന്നു.

ഗ്രീസ്‌മാന്‌ മെസിയോട് യാതൊരു വിദ്വേഷവും ഇല്ലെന്നു മുൻപു തന്നെ വെളിപ്പെടുത്തിയതാണ്. റയൽ ബെറ്റിസിനെതിരായ അവസാന ലാലിഗ മത്സരത്തിൽ മെസി ഒഴിഞ്ഞു കൊടുത്ത പാസിൽ ഗ്രീസ്‌മാൻ ഗോൾ നേടിയ ശേഷം മെസിയുമായുള്ള ചിത്രം ഗ്രീസ്മാൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഗ്രീസ്മാന്റെ നിലവിലെ പ്രശ്നം അത്ലറ്റിക്കോയിലെ മികവ് ബാഴ്സയിൽ പുറത്തെടുക്കാനാവുന്നില്ലെന്നത് മാത്രമാണ്. എന്നാൽ അമ്മാവനും ഏജന്റും ഇക്കാര്യത്തിൽ പ്രതികരിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.

You Might Also Like