പിർലോ വിളിക്കുകയാണെങ്കിൽ സന്തോഷം, മനംതുറന്ന് വിദാൽ

യുവന്റസിന്റെ പുതിയ പരിശീലകനും തന്റെ മുൻ സഹതാരവുമായിരുന്ന ആന്ദ്രെ പിർലോ തന്നെ യുവന്റസിലോട്ട് വിളിച്ചാൽ സന്തോഷവാനായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർടുറോ വിദാൽ. പ്രമുഖ യൂട്യൂബർ ഡാനിയൽ ഹാബിഫിന് നൽകിയ അഭിമുഖത്തിലാണ് വിദാൽ ഈ പ്രസ്താവന നടത്തിയത്.നിലവിൽ ബാഴ്സ ഈ സീസണോടെ വിദാലിനെ ഒഴിവാക്കിയേക്കുമെന്നു അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വിദാലിന്റെ പുതിയ പ്രസ്താവന.

യുവന്റസിന്റെ പരിശീലകനായി പിർലോ ചുമതലയേറ്റത് മികച്ച ഒരു തീരുമാനമാണെന്നും ഫുട്‍ബോളിനെ കുറിച്ച് ഇത്രയധികം കാഴ്ച്ചപ്പാടുള്ള ഒരു കളിക്കാരൻ വളരെ കുറവാണെന്നും വിദാൽ അഭിപ്രായപ്പെട്ടു. തങ്ങൾ നാലു വർഷം ഒരുമിച്ച് യുവന്റസിൽ ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്നെ വിളിച്ചാൽ അതിൽ സന്തോഷമേയുള്ളൂയെന്നുമാണ് വിദാലിന്റെ പക്ഷം.

“ഒരു അസാമാന്യനായ കളിക്കാരനാണ് പിർലോ. ഒപ്പം അദ്ദേഹം പരിശീലകനാവുന്നത് കൂടി ഒന്ന് ചിന്തിക്കൂ. ഫുട്‍ബോളിനെക്കുറിച്ച് ഇത്ര മികച്ച ഉൾക്കാഴ്ചയുള്ള ഒരു താരം അപൂർവമാണ്. അതുകൊണ്ടു തന്നെ അദ്ദേഹം മികച്ച രീതിയിൽ യുവന്റസിനെ പരിശീലിപ്പിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു മികച്ച വ്യക്തിത്വം കൂടിയാണ് പിർലോ.”

“ഞങ്ങൾ ഒരുമിച്ച് നാലു വർഷം യുവന്റസിൽ കളിക്കുകയും നാലു സീരി എ കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചാൽ ഞാൻ സന്തോഷവാനാകും.അന്റോണിയോ കോന്റെ ഒരു യന്ത്രത്തെ പോലെയാണ്. അദ്ദേഹത്തിന്റെ ടാക്റ്റിക്സ് ഒന്നുകൂടി മികച്ചതാണ്. എന്റെ ഭാവിയെ പറ്റി എനിക്ക് ആശങ്കയൊന്നുമില്ല. എന്താണ് സംഭവിക്കുകയെന്ന് കാത്തിരിക്കാം.” വിദാൽ അഭിപ്രായപ്പെട്ടു.

You Might Also Like