‘അർജന്റീനക്കാരനായ റഫറി ബ്രസീലിനായി കളിച്ചു’; തോൽവിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി ചിലി താരം

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരം തോൽക്കാനിടയായത് റഫറിയുടെ തെറ്റായ ഇടപെടൽ മൂലമെന്ന് ചിലിയുടെ സൂപ്പർതാരം അർടുറോ വിദാൽ. അർജന്റീനക്കാരനായ റഫറി തൊട്ടതിനും പിടിച്ചതിനുമെല്ലാം മത്സരം നിറുത്തിവച്ചു തങ്ങളെ കളിക്കാൻ അനുവദിച്ചില്ല എന്നാണ് വിദാലിന്റെ ആക്ഷേപം.


റഫറിയെ ഒരു ‘കോമാളി’ എന്ന് വിശേഷിപ്പിച്ചാണ് വിദാൽ രൂക്ഷമായ വിമർശനം ഉയർത്തുന്നത്.

സ്വയം ഒരു ഹീറോയാണെന്ന് കരുതുന്ന ഒരു കോമാളിയാണ് അയാൾ. തന്റെ വീരത്വം കാണിക്കാൻ വേണ്ടിമാത്രം തൊട്ടതിനും പിടിച്ചതിനുമെല്ലാം കളി നിർത്തിവച്ചാൽ എങ്ങനെയാണ് ഗോളടിക്കുക. ഞങ്ങൾ ജയിക്കേണ്ട കളിയായിരുന്നു. റഫറിയാണ് തോൽപ്പിച്ചത്. വിദാൽ പറയുന്നു.

എന്നാൽ ടൂർണമെന്റിലെ ഫേവറൈറ്റുകളായ ബ്രസീലിനോട് അവരുടെ മണ്ണിൽ തോറ്റതിൽ അപമാനിതരാവേണ്ട കാര്യമില്ലെന്നാണ് വിദാലിന്റെ പക്ഷം. തലയുയർത്തി തന്നെയാണ് ടീം മടങ്ങുന്നതെന്നും വിദാൽ പറയുന്നു.

അതിനിടെ സെമി ഫൈനലിലേക്ക് മുന്നേറിയെങ്കിലും റഫറിക്കെതിരെ വിമർശനവുമായി ബ്രസീൽ താരം നെയ്‌മറും രംഗത്തെത്തി. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസസിന് റെഡ് കാർഡ് നൽകിയതാണ് നെയ്‌മർ ചോദ്യം ചെയ്‌തത്‌. ജീസസ് മനപ്പൂർവ്വം ചെയ്ത ഫൗൾ ആയിരുന്നില്ല അതെന്നും, ബോൾ നോക്കി കളിച്ചപ്പോൾ എതിർതാരത്തെ കണ്ണിൽപ്പെടാതെ സംഭവിച്ച അബദ്ധമാണെന്നും നെയ്‌മർ പറയുന്നു.

കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ പെറുവുമായി ഏറ്റുമുട്ടും. കഴിഞ്ഞതവണ ഫൈനലിൽ പെറുവിനെ തകർത്താണ് ബ്രസീൽ കപ്പ് നേടിയത്.

You Might Also Like