സാവി വന്നില്ലെങ്കിൽ ബാഴ്സ അംഗങ്ങളുടെ സീസൺ ടിക്കറ്റിന്റെ പണം താൻ നൽകുമെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി

ബാഴ്സലോണയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷൻ ഈ വരുന്നത് ജനുവരി 24നു നടക്കാനിരിക്കുകയാണ് ഇത്തവണ മുൻ ബാഴ്‌സ പ്രസിഡന്റായിരുന്ന ജൊവാൻ ലപോർട്ടക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നതെങ്കിലും ലാപോർട്ടക്ക് മികച്ച മത്സരവുമായി മികച്ച പ്രൊജക്റ്റുമായി വിക്ടർ ഫോണ്ടും രംഗത്തുണ്ട്. വിക്ടർ ഫോണ്ട് മുന്നോട്ടു വെക്കുന്ന പ്രധാന ഓഫർ ബാഴ്സ ഇതിഹാസതാരം സാവിയെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നതാണ്.

നിലവിൽ ഖത്തർ ആസ്ഥാന ക്ലബ്ബായ അൽ സാദിന്റെ പരിശീലകനാണ് സാവി. 2015 ലാണ് ബാഴ്സ വിട്ട് ഖത്തർ ക്ലബിലേക്ക് കളിക്കുന്നതിനായി സാവി പോകുന്നത്. നാലു വർഷം അൽ സാദിൽ കളിച്ചതിനു ശേഷം ക്ലബ്ബിന്റെ പരിശീലകനായി സാവിയെ ക്ലബ്ബ് അധികൃതർ ചുമതലപ്പെടുത്തുകയായിരുന്നു. സാവിക്കു കീഴിൽ അൽ സാദ് മികച്ച പ്രകടനമാണ് നടത്തുന്നത്. അൽ സാദിന് അടുത്തിടെ എമിർ കപ്പും നേടിക്കൊടുക്കാൻ സാധിച്ചിരുന്നു.

ബാഴ്‌സയിലേക്ക് സാവിയെ കൊണ്ടു വരാമെന്നു പറഞ്ഞതിൽ വിക്ടർ ഫോണ്ടിനു തിരഞ്ഞെടുപ്പിൽ ലപോർട്ടക്കൊപ്പം മറ്റു സ്ഥാനാർത്ഥികളെക്കാൾ കൂടുതൽ സാധ്യത നൽകിയിരുന്നു. എന്നാൽ വീണ്ടും ആ കാര്യത്തിൽ തന്റെ നയം വ്യക്തക്കിയിരിക്കുകയാണ് ഫോണ്ട്. കാറ്റാലൻ മാധ്യമമായ ലാ സൊടാനക്ക്‌ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്.

“ഞാൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സാവി ബാഴ്‌സയിലേക്ക് വരും. അദ്ദേഹം വന്നില്ലെങ്കിൽ എല്ലാ അംഗങ്ങളുടെയും സീസൺ ടിക്കറ്റിന്റെ പണം മുഴുവൻ എന്റെ പോക്കറ്റിൽ നിന്നു നൽകും.” ഫോണ്ട് വ്യക്തമാക്കി. ഇതാദ്യമായല്ല വിക്ടർ ഫോണ്ട് ബാഴ്സയിലേക്ക് സാവി വരുമെന്നു ഉറപ്പിച്ചു പറയുന്നത്. സാവിക്ക് മെസിയെ ബാഴ്സയിൽ തന്നെ പിടിച്ചു നിർത്താനാവുമെന്നും ഫോണ്ട് വ്യക്തമാക്കിയിരുന്നു. എന്തായാലും ഫോണ്ടിന്റെ ഈ പ്രസ്താവന തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.

You Might Also Like