ബാഴ്സയെ കാത്തിരിക്കുന്നത് ദുർവിധി, ജനുവരിയിൽ മെസിയുടെ വിധിയറിയാമെന്ന് വിക്ടർ ഫോണ്ട്

ബാഴ്സലോണ നായകനായ ലയണൽ മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചു പ്രതികരിച്ച് ബാഴ്സലോണ പ്രസിഡൻറ് സ്ഥാനത്തേക്കു മത്സരിക്കുന്ന വിക്ടർ ഫോണ്ട്. അടുത്ത സീസണോടെ കരാർ അവസാനിക്കാനിരിക്കെ അതു പുതുക്കാനുള്ള ചർച്ചകൾ നിർത്തിവെച്ച മെസിയെ സംബന്ധിച്ച തീരുമാനം ജനുവരിയിൽ അറിയാമെന്നാണ് അദ്ദേഹം പറയുന്നത്.

“ഇപ്പോൾ അതിനെക്കുറിച്ച് വ്യക്തമായ ഒരറിവുമില്ല. മെസി ബാഴ്സയുമായി കരാർ പുതുക്കുന്ന ചർച്ചകൾ നിർത്തി വെച്ചുവെന്നു റിപ്പോർട്ടുകൾ വന്നെങ്കിലും അതു സത്യമല്ലെന്നും താരം ബാഴ്സയിൽ തന്നെ തുടരുമെന്നുമാണ് ക്ലബ് നേതൃത്വം പറയുന്നത്.” ഒലെ സ്പോർട്സിനോട് ഫോണ്ട് പറഞ്ഞു.

“എന്നാൽ ജനുവരിയിൽ കാര്യങ്ങൾ വളരെ കൃത്യമായി മനസിലാക്കാൻ കഴിയും. ബാഴ്സ വിടാൻ മെസി തീരുമാനിച്ചിട്ടുണ്ടെങ്കിൽ മറ്റു ക്ലബുകളുമായി അദ്ദേഹം അപ്പോൾ ചർച്ചകൾ ആരംഭിക്കും. അതിനു മുൻപു തന്നെ അദ്ദേഹവുമായി കരാർ ഒപ്പിട്ടില്ലെങ്കിൽ അതു കനത്ത തിരിച്ചടി തന്നെയാണ്.”

ബർട്ടമൂവിനെതിരെ ആരാധകരോഷം ശക്തമായ സാഹചര്യത്തിൽ അടുത്ത ബാഴ്സ പ്രസിഡന്റാകാൻ സാധ്യതയുള്ളത് വിക്ടർ ഫോണ്ടിനാണ്. ബാഴ്സയെ ഉയർത്തെഴുന്നേൽപ്പിക്കാനും മെസിക്ക് അനുയോജ്യമായതുമായ പ്രൊജക്ട് തന്റെ കയ്യിലുണ്ടെന്നു പറഞ്ഞ അദ്ദേഹം സാവിയെ പരിശീലകനായി എത്തിക്കാൻ താൽപര്യമുണ്ടെന്നും വ്യക്തമാക്കി.

You Might Also Like