ഇത്തവണത്തെ ബാലൺ ഡി ഓർ സ്വപ്നം തകർന്നത് ഈ താരങ്ങളുടേത്

അപ്രതീക്ഷിതമായാണ് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നൽകുന്നില്ലെന്ന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധികൾക്കിടയിൽ പുരസ്കാരം നൽകുന്നത് ഉചിതമല്ലെന്നതിനെ തുടർന്നാണ് അതൊഴിവാക്കപ്പെട്ടത്. എന്നാൽ ആദ്യമായി പുരസ്കാരം നേടാനുള്ള ചില താരങ്ങളുടെ പ്രതീക്ഷയാണ് അതിലൂടെ ഇല്ലാതായത്.

ബയേൺ സ്ട്രൈക്കർ ലെവൻഡോവ്സ്കിയും മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയ്നുമാണ് ഇതിൽ മുന്നിലുള്ളത്. ലെവൻഡോവ്സ്കി ബയേണിനൊപ്പം രണ്ടു കിരീടങ്ങൾ നേടി ചാമ്പ്യൻസ് ലീഗിനു തയ്യാറെടുക്കുമ്പോൾ ഡി ബ്രൂയ്ൻ ഇഎഫ്എൽ കപ്പ് സിറ്റിക്കു നേടിക്കൊടുത്ത് യൂറോപ്യൻ പോരിനൊരുങ്ങുകയാണ്. ഇരുവരും തകർപ്പൻ പ്രകടനമാണ് തങ്ങളുടെ ക്ലബിനായി കാഴ്ച വെക്കുന്നത്.

റയൽ മാഡ്രിഡ് താരങ്ങളായ റാമോസും ബെൻസിമയുമാണ് ഈ കൂട്ടത്തിലെ മറ്റു രണ്ടു പ്രമുഖരായ താരങ്ങൾ. റയലിനു ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ ഇരുവരുടെയും പ്രകടനം വിലമതിക്കാനാവാത്തതാണ്. റയലിനു ചാമ്പ്യൻസ് ലീഗ് കൂടി വിജയിക്കാൻ കഴിഞ്ഞാൽ ഇരുവരല്ലാതെ മറ്റാരും ബാലൺ ഡി ഓറിനു മുന്നിൽ വരില്ലെന്നായിരുന്നു.

പതിനൊന്നു വർഷം പുരസ്കാരം സ്വന്തമാക്കിയ മെസിക്കും റൊണാൾഡോക്കും ഇത്തവണയും അതിനവസരമുണ്ടായിരുന്നു. ബാഴ്സ ചാമ്പ്യൻസ് ലീഗ് നേടിയാൽ മാത്രമാണു മെസിക്കു സാധ്യതയെങ്കിൽ യുവന്റസ് ഫൈനൽ വരെയെങ്കിലും എത്തിയെങ്കിൽ റൊണാൾഡോ അതിനർഹനാകുമായിരുന്നു. ഇരുവരുടെയും മോഹങ്ങൾ കൂടിയാണ് ഇതോടെ തകർന്നു വീണത്.

You Might Also Like