ഇന്ത്യയെ അപമാനിക്കാന്‍ ഗ്രൗണ്ട് വിട്ടോടി ഓസീസ് താരങ്ങള്‍, തിരിച്ച് വിളിപ്പിച്ച് സിറാജ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് ബാറ്റിംഗ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വലിയ നാണക്കേടില്‍ അകപ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയന്‍ ടീം. ഇന്ത്യയെ അപമാനിക്കണം എന്ന് ലക്ഷ്യമിട്ട് പ്രദര്‍ശിപ്പിച്ച അമിത ആത്മവിശ്വാസം കാരണമാണ് ഓസീസ് ടീം ലോകത്തിനു മുന്നില്‍ അപഹാസ്യരായി തീര്‍ന്നത്.

ലഞ്ച് ബ്രേക്കിനു ശേഷം രണ്ടാം സെഷനിലായിരുന്നു ഓവലിലെ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാമറൂണ്‍ ഗ്രീനെറിഞ്ഞ 69ാം ഓവറിലായിരുന്നു ഇത്. ഇന്ത്യയുടെ ശര്‍ദ്ദുല്‍ ടാക്കൂറും മുഹമ്മദ് ഷമിയുമായിരുന്നു ക്രീസില്‍. മൂന്നാമത്തെ ബോല്‍ ശര്‍ദ്ദുല്‍ പുറത്ത്. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് എഡ്ജായ ശര്‍ദ്ദുലിനെ വിക്കറ്റ് കീപ്പര്‍ അലെക്സ് ക്യാരി പിടികൂടി.

തുടര്‍ന്ന് ഇന്ത്യയുടെ 11ാമനായ മുഹമ്മദ് സിറാജ് ക്രീസിലെത്തി. ആദ്യത്തെ ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അഞ്ചാമത്തെ ബോള്‍ ഫ്ളിക്ക് ചെയ്യാന്‍ ശ്രമിച്ച സിറാജിനു പിഴച്ചു. ബോള്‍ നേരെ പാഡില്‍. ഗ്രീനും ഓസീസ് താരങ്ങളും അപ്പീല്‍ ചെയ്തതോടെ ഔട്ടെന്നു അംപയറുടെ കോള്‍. ഇതിനു പിറകെ ഓസ്ട്രേലയന്‍ താരങ്ങള്‍ കൂട്ടത്തോടെ ഗ്രൗണ്ട് വിടുന്നതാണ് കണ്ടത്. പക്ഷെ മുഹമ്മദ് സിറാജ് വിട്ടുകൊടത്തില്ല. അദ്ദേഹം റിവ്യു എടുത്തു.

ഓസ്ട്രേലിയന്‍ താരങ്ങള്‍ ഇതു കണ്ടെങ്കിലും അവര്‍ ഗൗനിക്കാതെ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്കു നടക്കുകയായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റില്‍ എഡ്ജായെന്നു തെളിയുകയും നോട്ടൗട്ട് വിധിക്കുകയായിരുന്നു. അപ്പോഴേക്കും ഓസീസ് താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും തിരിച്ചുകയറലിന്റെ വക്കിലായിരുന്നു. ബൗണ്ടറി ലൈനിന്റെ തൊട്ടരികിലെത്തിയ ശേഷം ഓസീസ് താരങ്ങള്‍ തേര്‍ഡ് അംപയറുടെ അപ്രതീക്ഷിത തീരുമാനത്തില്‍ സ്തബ്ധരായി തിരികെ ഗ്രൗണ്ടിലേക്കു മടങ്ങിയെത്തുകയായിരുന്നു.

ഓസ്ട്രേലിയന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായ ഈ നീക്കത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എതിരാളികളെ അപമാനിക്കാന്‍ ശ്രമിച്ച ഓസീസിന് കണക്കിന് കിട്ടിയെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

You Might Also Like