ഇന്‍സമാമിന്റെ കൊലയാളിയായിരുന്നു അയാള്‍, പാകിസ്ഥാന് അയാളുടെ പേരുകേള്‍ക്കുന്നത് തന്നെ പേടിയായിരുന്നു

Image 3
CricketTeam India

കെ നന്ദകുമാര്‍ പിള്ള

വെങ്കടേഷ് പ്രസാദ്… ഒരിക്കലും കപില്‍ദേവിന്റെയോ, സമകാലീനനായ ശ്രീനാഥിന്റെയോ അത്രയും ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ച ചെയുന്ന ഒരു പേരല്ല പ്രസാദിന്റേത്. ഇന്ത്യന്‍ ക്രിക്കറ്റിനു മറ്റു രണ്ടുപേരും ഉണ്ടാക്കിയ അത്രയും ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ പ്രസാദിന് സാധിച്ചിട്ടില്ല എന്നതായിരിക്കാം അതിനു കാരണം. ഏകദിനത്തിലും ടെസ്റ്റിലും പ്രസാദ് നേടിയതിനേക്കാള്‍ ഇരട്ടിയോളം വിക്കറ്റുകള്‍ ശ്രീനാഥ് നേടിയിട്ടുമുണ്ട്. എന്നാലും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്ന ഒരു ബൗളറാണ് അദ്ദേഹം. ഒരുപക്ഷെ കപിലിനേക്കാള്‍, ശ്രീനാഥിനെക്കാള്‍ പന്ത് സ്വിങ് ചെയ്യിക്കുമായിരുന്നു പ്രസാദ്. നിര്‍ണായകമായ പല മത്സരങ്ങളിലും മികച്ച പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്.

കപില്‍ദേവ് വിരമിക്കാറായ സമയത്താണ് പ്രസാദ് ഇന്ത്യന്‍ ടീമിലേക്ക് വരുന്നത്. 1994 ല്‍, ന്യൂസിലന്ഡിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചിലായിരുന്നു പ്രസാദിന്റെ ഏകദിന അരങ്ങേറ്റം. ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ അദ്ദേഹത്തിനായില്ല. ആ വര്‍ഷം മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിലാണ് ആദ്യമായി എടുത്തുപറയാവുന്ന ഒരു പ്രകടനം പ്രസാദില്‍ നിന്ന് ഉണ്ടാകുന്നത്. ആ മത്സരത്തില്‍ ഫില്‍ സിമ്മണ്‍സിന്റെതടക്കം 3 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. എങ്കിലും, നിര്‍ണായക വിക്കറ്റുകള്‍ എടുക്കും എന്നൊരു ആത്മവിശ്വാസം ആരാധകര്‍ക്ക് നല്കാന്‍ പ്രസാദിന് സാധിച്ചില്ല.

രണ്ടു വര്‍ഷത്തിന് ശേഷം 1996 ല്‍, ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ബാംഗ്ലൂരില്‍. ഹൈ വോള്‍ടേജ് മത്സരം. 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഉജ്ജ്വലമായ ഒരോര്മയായി നില്‍ക്കുന്ന ആ മത്സരത്തിലാണ് ആദ്യമായി പ്രസാദ് എന്ന ബൗളര്‍, തനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കും എന്ന് ലോകത്തിനു കാണിച്ചു തന്നത്. സിധുവും, ജഡേജയും വാലറ്റത് കുംബ്ലെയും എല്ലാം ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് 287 എന്ന മികച്ച സ്‌കോര്‍ രേഖപ്പെടുത്താന്‍ സഹായിച്ചെങ്കില്‍, ആ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിച്ചത് പ്രസാദിന്റെ ബൗളിംഗ് തന്നെയാണ്.

സയീദ് അന്‍വറിനെ നഷ്ടപ്പെട്ടിട്ടും, ആമിര്‍ സൊഹൈലിന്റെ ചിറകിലേറി വിജയത്തിലേക്ക് കുതിക്കുകയായിരുന്നു പാക്കിസ്ഥാന്‍. പ്രസാദിന്റെ പന്തില്‍ കവറിലൂടെ ബൗണ്ടറി അടിച്ച ശേഷം സൊഹൈല്‍ കാണിച്ച ഷോ ഓഫ്. അടുത്ത പന്തില്‍ സൊഹൈലിന്റെ കുറ്റി തെറിപ്പിച്ച് പ്രസാദ് കൊടുത്ത മറുപടി. ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത ഒരു പ്രതികാരത്തിനാണ് ആ രാത്രി ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സൊഹൈല്‍ കാണിച്ചു കൂട്ടിയ ആ കോപ്രായത്തിനു, കൊടുക്കണമെന്ന് ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിച്ച തിരിച്ചടിയാണ് പ്രസാദ് വരമ്പത്ത് കൂലിയായി കൊടുത്തത്.

ഇന്നും വെങ്കടേഷ് പ്രസാദ് എന്ന ബൗളേരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ ആദ്യം വരുന്നത്, ആമിര്‍ സൊഹൈലിന് ഡ്രസിങ് റൂമിലേക്ക് വഴി കാണിച്ചു കൊടുക്കുന്ന വെങ്കടേഷ് പ്രസാദിന്റെ രൂപമായിരിക്കും. അവിടം കൊണ്ട് നിര്‍ത്തിയില്ല പ്രസാദ്. ഏതു നിമിഷവും കളി തിരിക്കാന്‍ കഴിവുള്ള ഇജാസ് അഹ്മദ്, ഇന്‍സമാം ഉല്‍ ഹഖ് എന്നീ രണ്ടുപേരുടെയും വിക്കറ്റുകള്‍ കൂടി നേടിയാണ് അദ്ദേഹം ആ രാത്രി അവസാനിപ്പിച്ചത്. ഇന്ത്യക്കാരെ മുഴുവന്‍ ഉന്മാദത്തില്‍ ആറാടിച്ച ആ രാത്രിക്ക് തീര്‍ച്ചയായും പ്രസാദിനോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

ആ മത്സരം പ്രസാദിന്റെ കരിയറില്‍ ഒരു വഴിത്തിരിവായിരുന്നു എന്നാണ് എന്റെ ഒരു കണക്കുകൂട്ടല്‍. അതെ വര്ഷം തന്നെ പാകിസ്താനെതിരെ ഷാര്‍ജയില്‍ , ഇന്ത്യ ഏകദിനത്തില്‍ ആദ്യമായി 300 കടന്ന മത്സരത്തില്‍ സയീദ് അന്‍വറിന്റെയും ഇന്‍സമാം ഉല്‍ ഹഖിന്റെയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളി നമ്മുടെ കയ്യിലേക്ക് കൊണ്ട് വന്നത് പ്രസാദ് ആണ്. അതോടെ ടീമില്‍ തന്റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കാന്‍ പ്രസാദിനായി. ഒരു വിധം എല്ലാ കളികളിലും ഒരു വിക്കറ്റ് എങ്കിലും വീഴ്ത്തിയെങ്കിലും അഞ്ചു വിക്കറ്റ് പ്രകടനം മാത്രം ഒഴിഞ്ഞു നിന്നു.

അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നതിനും നല്ലൊരു മുഹൂര്‍ത്തതിനായി അദ്ദേഹം കാത്തിരുന്നതാവാം. 1999 ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം, ഓള്‍ഡ് ട്രാഫൊര്‍ഡില്‍. പ്രസാദിന്റെ ബൗളിംഗ് സ്‌റ്റൈലിന് പറ്റിയ സാഹചര്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 227 എന്ന മോഡറേറ്റ് സ്‌കോര്‍ നേടാന്‍ കഴിഞ്ഞുള്ളു. എന്നാലും ആ സാഹചര്യത്തില്‍ മോശം സ്‌കോര്‍ ആയിരുന്നില്ല അത്. സ്വിങ് ബൗളിങ്ങിന്റെ മനോഹാരിതയുമായി നിറഞ്ഞാടുകയായിരുന്നു പ്രസാദ് അന്നവിടെ. സയീദ് അന്‍വര്‍, സലിം മാലിക്, ഇന്‍സമാം, മോയിന്‍ ഖാന്‍, വസിം അക്രം എന്നീ അഞ്ചു പേരെയും പറഞ്ഞയച്ചത് പ്രസാദ് ആയിരുന്നു. 180 റണ്‍സില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍, 27/ 5 എന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി പ്രസാദ് മാന് ഓഫ് ദി മാച്ച് ആയി.

ഈ മൂന്നു പ്രധാനപ്പെട്ട മത്സരങ്ങളിലും ഇന്‍സമാം ഉല്‍ ഹഖ് എന്ന പാകിസ്ഥാന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പുറത്താക്കിയത് പ്രസാദ് ആണ്.
ഇന്ത്യന്‍ ക്രിക്കറ്റിനു പുതുജീവന്‍ നല്‍കിയ 1996 ലെ ഇംഗ്ലണ്ട് സീരീസില്‍ തന്നെയായിരുന്നു പ്രസാദിന്റെ ടെസ്റ്റിലെ അരങ്ങേറ്റവും. എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ നാലു വിക്കറ്റ് പ്രകടനത്തോടെയാണ് പ്രസാദ് ആരംഭിച്ചത്. ആ ടെസ്റ്റില്‍ മൊത്തം ആറു വിക്കറ്റുകള്‍. ഗാംഗുലിയുടെയും ദ്രാവിഡിന്റെയും അരങ്ങേറ്റം കൊണ്ട് പ്രശസ്തമായ ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ അഞ്ചു വിക്കറ്റ്. ലോര്‍ഡ്സ് പവിലിയനിലെ ഫലകത്തില്‍ പ്രസാദ് തന്റെ പേര് എഴുതിച്ചേര്‍ത്തു. അതെ വര്ഷം തന്നെ കല്‍ക്കട്ടയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു 6 വിക്കറ്റ് പ്രകടനം. ആ വര്‍ഷം ഡിസംബറില്‍, ദര്‍ബന്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും പ്രസാദ് 5 വിക്കറ്റ് പ്രകടനം നടത്തി. 1996, പ്രസാദിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു.
കൗതുകകരമായ വസ്തുത എന്താണെന്നു വെച്ചാല്‍, 1991 ല്‍ ടീമില്‍ അരങ്ങേറിയ ശ്രീനാഥ് ടെസ്റ്റില്‍ തന്റെ ആദ്യത്തെ അഞ്ചു വിക്കറ്റ് പ്രകടനം നേടുന്നതിന് മുന്‍പ് തന്നെ 1996 ല്‍ ടെസ്റ്റില്‍ അരങ്ങേറിയ പ്രസാദ് ആ പ്രകടനം രണ്ടു തവണ നേടിയിരുന്നു.
ബാറ്റിങ്ങില്‍ വളരെ മോശമായിരുന്നു പ്രസാദ്. എങ്കിലും 1998/99 ലെ ന്യൂസിലാന്‍ഡ് ടൂറില്‍, ഒന്‍പതാം വിക്കറ്റില്‍ അസറുദ്ദിനുമൊത്ത് നേടിയ 49 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് അവിസ്മരണീയമാണ്. പ്രസാദിന്റെ ആ ചെറുത്തുനില്പാണ് സെഞ്ച്വറി നേടാന്‍ അസറിനെ സഹായിച്ചത്.

2001 ഓടു കൂടി പരിക്കുകളും ഫോം ഔട്ട് കാരണം വലഞ്ഞ പ്രസാദ്, ടീമില്‍ നിന്ന് പുറത്തായി. ആ കാലഘട്ടത്തിലാണ് സഹീര്‍ ഖാന്‍ എന്ന ഇടംകൈയന്‍ മികച്ച പ്രകടനങ്ങളുമായി ടീമിലെ അവിഭാജ്യ ഘടകമായി മാറിയത്. കഠിനമായി പരിശ്രമിച്ചെങ്കിലും പിന്നീടൊരിക്കലും ഇന്ത്യയുടെ ഏകദിന-ടെസ്റ്റ് ടീമുകളില്‍ കളിക്കാന്‍ പ്രസാദിന് കഴിഞ്ഞില്ല.
2007 ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രസാദിനെ ടീമിന്റെ ബൗളിംഗ് കോച്ച് ആയി ബിസിസിഐ നിയമിച്ചു. പക്ഷെ, ടീമിന് പ്രയോജനപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രസാദിന് കഴിഞ്ഞില്ല. 2009 ല്‍ പ്രസാദ് ആ സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു.

ഏകദിനത്തില്‍ 196 വിക്കറ്റുകളും ടെസ്റ്റില്‍ 96 വിക്കറ്റുകളുമാണ് പ്രസാദിന്റെ സമ്പാദ്യം. എങ്കിലും പ്രസാദ് ഓര്‍മിക്കപ്പെടുക പാക്കിസ്ഥാനെതിരായ ലോകകപ്പ് പ്രകടനങ്ങളുടെ പേരില്‍ ആയിരിക്കും.

കടപ്പാട്: മലയാളി ക്രി്ക്കറ്റ് സോണ്‍