സഞ്ജുവെല്ലാം ഉണ്ടെല്ലോ, ടി20യില്‍ എന്തിന് ശ്രേയസിനെ കളിപ്പിക്കുന്നു, ചോദ്യവുമായി ഇന്ത്യന്‍ താരം

Image 3
CricketTeam India

ഇന്ത്യയുടെ ടി20 ടീമില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. ഇന്ത്യന്‍ ടീമില്‍ ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങള്‍ ഉള്ളപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് പ്ലേയിങ്ങ് ഇലവിനില്‍ ഇടം നല്‍കുന്നതാണ് മുന്‍ ഇന്ത്യന്‍ താരത്തെ പ്രകോപിപ്പിക്കുന്നത്.

വിന്‍ഡീസിനെതിരെയുള്ള ആദ്യ ടി20യില്‍ ശ്രേയസ് അയ്യര്‍ പൂജ്യനായി പുറത്തായിരുന്നു. നാല് പന്തുകള്‍ നേരിട്ട താരം ഒബേദ് മോക്കോയിക്കാണ് വിക്കറ്റ് സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് വെങ്കിടേഷ് പ്രസാദിന്റെ വിമര്‍ശനം.

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്തുന്നതില്‍ ടീം ഇന്ത്യശ്രദ്ധിക്കണമെന്നും ശ്രദ്ധക്കിന്‍ വെങ്കടേഷ് പ്രസാദ് ഉപദേശിക്കുന്നു.

‘വരാനിരിക്കുന്ന ടി20 ലോകകപ്പ് മുന്‍ നിര്‍ത്തിയുളള ടീം തെരഞ്ഞെടുപ്പാണ് നടത്തേണ്ടത്. സഞ്ജു സാംസണും ഹൂഡയും ഇഷാന്‍ കിഷനും ടീമിലുണ്ടായിട്ടും ടി20 കളിക്കാന്‍ ശ്രേയസ് അയ്യരെ തെരഞ്ഞെടുക്കുന്നത് വിചിത്രമാണ്. വിരാട്, രോഹിത്, ഒപ്പം രാഹുല്‍ എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകും എന്നതിനാല്‍, ടീമിന്റെ ശരിയായ ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം’ വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.

ശ്രേയസ് അയ്യര്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കാനും വെങ്കിടേഷ് പ്രസാദ് മറന്നില്ല. ‘ശ്രേയസ് ഏകദിന ക്രിക്കറ്റില്‍ മികച്ചതാണ്. ടി20 ഫോര്‍മാറ്റില്‍ ശ്രേയസിനേക്കാള്‍ മികച്ച താരങ്ങളുണ്ട്. ടി20യില്‍ ശ്രേയസിന് തന്റെ കഴിവുകള്‍ക്കായി കഠിനാധ്വാനം ചെയ്യേണ്ടിവരും’ വെങ്കി പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിന്റെ മറുപടി 122ല്‍ ഒതുങ്ങി. ഇതോടെ 68 റണ്‍സിന്റെ ജയവും അഞ്ച് മത്സരങ്ങളടറങ്ങിയ പരമ്പരയില്‍ 1-0ത്തിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി.