സൂപ്പര്‍ താരത്തിനെതിരെ ഗുരുതര ആരോപണം, ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയേക്കും?

Image 3
CricketCricket News

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ച് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച യുവതാരം വരുണ്‍ ചക്രവര്‍ത്തിയ്‌ക്കെതിരെ ഗുരുതര ആരോപണം. വരുണ്‍ ചക്രവര്‍ത്തിയെ ബാധിച്ച ഗുരുതര പരിക്ക് മറച്ചുവെച്ചാണത്രെ താരം ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനം സ്വന്തമാക്കിയത്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചക്രവര്‍ത്തിക്ക് വലതുതോളിന് ഗുരുതര പരിക്കുണ്ടെന്നും ഐ.പി.എല്ലില്‍ കളിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാതിരുന്നതെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘വരുണ്‍ ചക്രവര്‍ത്തിക്ക് വലതുതോളിന് പരിക്കുണ്ട്. സാധാരണ ഗതിയില്‍ ശസ്ത്രക്രിയ ആവശ്യമുള്ള പരിക്കാണിത്. ഏതാണ്ട് ആറാഴ്ചയോളം വിശ്രമവും വേണ്ടിവരും. ഈ പരിക്കു മൂലം പന്തെറിയാന്‍ അദ്ദേഹം വളരെയധികം വിഷമിക്കുന്നുണ്ട്. ഐ.പി.എലില്‍ കളിക്കുന്നതിനാണ് അദ്ദേഹം മുമ്പ് ശസ്ത്രക്രിയയ്ക്ക് തയ്യാറാകാതിരുന്നത്. നിലവില്‍ വരുണ്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്’

‘ഒരു താരത്തിന്റെ പരിക്കു മറച്ചുവെയ്ക്കുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം. അദ്ദേഹത്തിന് ബോള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ പോലും ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ പന്ത് ഫീല്‍ഡ് ചെയ്യാനും നീട്ടിയെറിയാനും കഴിയുമോയെന്ന് സംശയമാണ്. മറ്റു താരങ്ങള്‍ക്കൊപ്പം വരുണും ദുബായിലെ ഐ.സി.സി അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പരിക്ക് ടീം ഫിസിയോ നിരീക്ഷിക്കുന്നുണ്ടാകും’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓസീസ് പര്യടനത്തിനുള്ള ടി20 ടീമിലാണ് ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചക്രവര്‍ത്തിക്ക് പരിക്കുള്ള വിവരം സെലക്ടര്മാര്‍ക്ക് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിക്കുള്ള കാര്യം അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എലിനിടെ ബി.സി.സി.ഐയെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.