എഫ്എ കപ്പ് ഫൈനൽ, ഹാലൻഡിനു മുന്നറിയിപ്പുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ഈ സീസണിലെ രണ്ടാമത്തെ കിരീടം നേടാനാണ് മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും നാളെ നടക്കാനിരിക്കുന്ന എഫ്എ കപ്പ് ഫൈനലിൽ ഇറങ്ങുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കറബാവോ കപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയതിനു പിന്നാലെയാണ് എഫ്എ കപ്പിൽ ഇറങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ട്രെബിൾ നേടാനുള്ള രണ്ടാമത്തെ ചുവടുവെപ്പ് കൂടിയാണ് ഫൈനൽ.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിനു പിന്നിലെ പ്രധാനി ഗോളുകൾ അടിച്ചു കൂട്ടുന്ന സ്‌ട്രൈക്കർ എർലിങ് ഹാലാൻഡാണ്. നിരവധി റെക്കോർഡുകൾ താരം സ്വന്തം പേരിലാക്കി മാറ്റിയിരുന്നു. എന്നാൽ ഏർലിങ് ഹാലൻഡിനെ നിശബ്ദനാക്കാനുള്ള വഴി തങ്ങൾക്കറിയാമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരമായ റാഫേൽ വരാനെ പറയുന്നത്.

“ഹാലാൻഡ് ഒരു മികച്ച താരമാണ്, ഞങ്ങൾക്കെല്ലാവർക്കും അതറിയാം. പക്ഷെ മാഞ്ചസ്റ്റർ സിറ്റിയിൽ എവിടെ നിന്ന് വേണമെങ്കിലും അപകടം വരാവുന്നതാണ്. സെറ്റ് പീസ്, പൊസഷൻ പ്ലേ, ട്രാൻസിഷൻ ഗെയിം എന്നിവയിലൂടെയെല്ലാം അവർക്ക് ഗോളുകൾ നേടാൻ കഴിയും. ഒരു ടീമെന്ന നിലയിൽ, ഒരുമിച്ചു നിന്നാണ് അവരെ ഞങ്ങൾ മറികടക്കേണ്ടത്.”

“ഒരു പ്രതിരോധതാരമെന്ന നിലയിൽ ഡി ബ്രൂയ്‌നുമായുള്ള താരത്തിന്റെ കണക്ഷൻ അപകടമുണ്ടാക്കുന്ന കാര്യമാണ്. അത് തടുക്കാൻ കഴിയില്ല, അതിനാൽ ആ കണക്ഷൻ ഇല്ലാതാക്കാനാണ് ഞങ്ങൾ ശ്രമിക്കുക. നീക്കങ്ങളുടെ തുടക്കത്തിൽ തന്നെ അവരെ തടുക്കാനാണ് ഞങ്ങൾ ശ്രമിക്കുക, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ കരുത്തരായി നിൽക്കണം.” വരാനെ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ട്രെബിൾ നേടുന്ന ആദ്യത്തെ പ്രീമിയർ ലീഗ് ക്ലബാവാനാണ് മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ ഒരുങ്ങുന്നത്. അതിനാൽ തന്നെ അതു തടുക്കാനാവും യുണൈറ്റഡ് ശ്രമിക്കുക. ചാമ്പ്യൻസ് ലീഗ് ഫൈനൽ വരാനിരിക്കുന്നതിനാൽ ഗ്വാർഡിയോള ടീമിൽ മാറ്റം വരുത്താനുള്ള സാധ്യതയുമുണ്ട്.

You Might Also Like