യുണൈറ്റഡിന്റെ വിജയങ്ങൾ നീതിയല്ല, ആഞ്ഞടിച്ച് ലംപാർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീഡിയോ റഫറിയിങ്ങ് വഴി മത്സരത്തിൽ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന പരാതിയുമായി ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. എഫ്എ കപ്പ് സെമി ഫൈനലിൽ ചെൽസിയും യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ കഴിഞ്ഞ കുറച്ചു മത്സരങ്ങളെ അടിസ്ഥാനമാക്കിയാണ് ചെൽസി പരിശീലകൻ ലംപാർഡ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

“റഫറികൾക്കു തെറ്റു സംഭവിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ അത്തരം തെറ്റുകൾ തിരുത്താനാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും സ്ഥിരമായി തെറ്റുകൾ സംഭവിക്കുന്നതും അതു ചില ടീമിന് അനുകൂലമായി വരുന്നതും എന്തു കൊണ്ടാണെന്നു മനസിലാകുന്നില്ല.”

“കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിൽ എല്ലാവർക്കും വ്യക്തമായി മനസിലാകുന്ന ഫൗളുകളായിരുന്നിട്ടും അത് റിവ്യൂ ചെയ്യാൻ വീഡിയോ റഫറി തയ്യാറായില്ല. ഇതെല്ലാം മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായാണു വരുന്നത്. അവർക്കെതിരെ കളിക്കാനിറങ്ങുമ്പോൾ ഞങ്ങൾക്ക് അനുകൂലമായും തീരുമാനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.” ലംപാർഡ് പറഞ്ഞു.

ചെൽസിയും യുണൈറ്റഡും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു വേണ്ടി പൊരുതുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് അനുകൂലമായി ലഭിക്കേണ്ട പല തീരുമാനങ്ങളും റഫറി കണ്ടില്ലെന്നു നടിച്ചിരുന്നു. ആ മത്സരത്തിൽ യുണൈറ്റഡ് വിജയം നേടുകയും ചെയ്തു. ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ അനാവശ്യമായി യുണൈറ്റഡിന് പെനാൽട്ടി ലഭിക്കുകയും ചെയ്തിരുന്നു.

You Might Also Like